കാലം 2016. തൃശ്ശൂരിൽ നടന്ന കുടുംബശ്രീ യൂണിറ്റുുകളുടെ സമ്മേളനത്തിൽ പങ്കെടുത്തിരുന്ന ആയിരക്കണക്കിന് സാധാരണക്കാരായ സ്ത്രീകളെ അഭിസംബോധന ചെയ്ത് സംസാരിക്കാനെത്തിയ വിനയ ചോദിച്ചു: “വേൾഡ് കപ്പ് ഫുട്ബാൾ നടക്കുന്ന കാലമാണല്ലോ? കളികള്‍ ആസ്വദിക്കാനും ചർച്ച ചെയ്യാനും നിങ്ങളുടെ വീട്ടിലെ ആണുങ്ങൾ പോകാറില്ലേ? അപ്പോൾ നിങ്ങൾ എന്തു ചെയ്യും? അവർക്ക് വേണ്ടി കഞ്ഞിയും കറിയും വെച്ച് വിളമ്പി വീടിന് കാവൽ നിൽക്കും അല്ലേ?
”എത്ര പേർക്ക് കളിക്കണം എന്നആഗ്രഹമുണ്ട്?”
എന്ന ചോദ്യത്തിന് അവിടെ കൂടിയിരുന്ന എല്ലാ സ്ത്രീകളും കൈ ഉയർത്തി.
അതിൽ നിന്ന് നൂറോളം സ്ത്രീകൾ പിന്നിട് ജില്ലയുടെ പല ഭാഗങ്ങളിലായി വിനയയുടെ നേതൃത്വത്തിൽ ഒത്തുകൂടി. അവിടെ വെച്ച് അതുവരെ വീട്ടമ്മമാർ മാത്രമായിരുന്ന പല പ്രായത്തിലുള്ള, പല സാമൂഹിക സാഹചര്യങ്ങളിലുള്ള സ്ത്രീകളുടെ ഇരുപതോളം വോളിബോൾ ടീം രൂപംകൊണ്ടു. കായിക വിനോദങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് തരണം ചെയ്യേണ്ടി വന്ന തടസ്സങ്ങൾ നിരവധിയായിരുന്നു. കളിക്കാനിറങ്ങിയവരെ പെണ്ണുങ്ങൾ അടക്കമുള്ള നാട്ടുകാർ കൂവി ആർത്ത് പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
പലപ്പോഴും തലേ ദിവസം കളിച്ച ഗ്രൗണ്ട് പിറ്റേ ദിവസം ചെല്ലുമ്പോഴേക്കും വളച്ചു കെട്ടി പ്രവേശനക്കാന്‍ കഴിയാത്തവിധം ആക്കിയിട്ടുണ്ടാവും. കളിക്കളത്തിൽ കൂവിയാർത്ത പെണ്ണുങ്ങൾ പലർക്കും അതുവരെ കാണാത്ത കാഴ്ച്ചയായിരുന്നു. സന്ധ്യക്ക് വീട്ടിലിരുന്ന് നാമം ജപിക്കേണ്ടവർ, ആണുങ്ങൾ കളിച്ചൊഴിഞ്ഞ പുറമ്പോക്കുകളിൽ എമർജൻസി വിളക്കുകളുടെ വെളിച്ചത്തിൽ കളിച്ചാർത്തപ്പോൾ വീട്ടുകാരേക്കാൾ പ്രശ്നം നാട്ടുകാർക്കായിരുന്നു. വീടുകളിലെ പ്രധാന പ്രശ്നം പാചകം അടക്കമുള്ള വീട്ടുപണികൾ ആയിരുന്നു. അതിനും പെണ്ണുങ്ങൾ പരിഹാരം കണ്ടു. അഞ്ച് മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലെത്തിയവർ വീട്ടുപണികളും പാചകവും നേരത്തെ തീർത്ത് കൃത്യ സമയത്ത് ഗ്രൗണ്ടിലേക്ക് ഓടിയെത്തി. ആദ്യമാദ്യം അവർ നൈറ്റി ഇട്ടായിരുന്നു കളിച്ചിരുന്നത്. പിന്നീട് ട്രാക് സൂട്ടിനു മുകളിൽ നൈറ്റി ഇട്ട് വന്ന് കളിക്കളത്തിൽ വെച്ച് നൈറ്റി മാറ്റി കളിക്കാൻ തുടങ്ങി. പതിയെ പതിയെ ഷോർട്സും ബനിയനുമിട്ട് കളിക്കളത്തിലിറങ്ങാനുള്ള ധൈര്യം നേടി. പിന്നെ, ടൂർണ്ണമെൻറുകൾ കളിക്കാനും വിജയിക്കാനും തുടങ്ങി.
സ്വാതന്ത്ര്യത്തിന്റെ, വിനോദത്തിന്റെ ശുദ്ധവായു ശ്വസിച്ച പെണ്ണുങ്ങൾ ജയിച്ചു കയറി. ദേശീയ മാസ്റ്റേഴ്സ് മീറ്റ് വരെ എത്തിയതിന്റെ ചരിത്രം ആവേശത്തോടെ, അഭിമാനത്തോടെ പറയും നർത്തകിയും വീട്ടമ്മയും മാത്രമായിരുന്ന ഷീല. ഇപ്പോൾ ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍. വീട്, ട്യൂഷൻ, അംഗൻവാടി മാത്രം ലോകമായിരുന്ന ഹൈമവതി ടീച്ചർ അറുപത്തഞ്ചാം വയസിലും ഒരു കുഞ്ഞിന്റെ ചുറുചുറുക്കോടെ വിംഗ്സിന്റെ ജേഴ്സിയിട്ട് പന്തുകൾക്കു പിന്നാലെ പായുന്നു, ടർഫിൽ ഫുട്ബാളും വോളിബോളും കളിക്കുന്നു, ജില്ലയിൽ ഉടനീളം സൈക്കിളിൽ യാത്ര ചെയ്യുന്നു.
വിംഗ്സ് എറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും മുന്നിൽ നിന്ന് നടപ്പാക്കുന്ന, മുൻപ് വീട്ടമ്മ മാത്രമായിരുന്ന അനിത ഇപ്പോൾ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി കൂടിയാണ്. ജീവിത ശൈലീ രോഗങ്ങളും കാൻസറും കൊണ്ട് പൊറുതിമുട്ടിയ ലോകത്തു നിന്നും ജീവിതത്തിലേക്ക് തന്നെ എത്തിച്ച വിംഗ്സിന് സ്വയം സമർപ്പിച്ച ‘കട്ടേച്ചി ‘എന്ന് എല്ലാവരും വിളിക്കുന്ന ശാരദ, ബിന്ദു, ശോഭ… അങ്ങനെ നിരവധി പേരുണ്ടായിരുന്നു സംഘത്തിൽ.
അവരുടെ ആദ്യ ടൂർണ്ണമെന്റ് നടത്തുന്നത് ഒരു സംഘടനയുടെ പേരിൽ ആവുന്നത് സൗകര്യമായതുകൊണ്ട് സ്ത്രീ പക്ഷ സംഘടനയായ ‘ഗാർഗ്ഗി‘യുടെ പേര് ഉപയോഗിച്ചുകൊണ്ടാണ് ആദ്യ ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്.
അവിടെ വെച്ചു നടത്തിയ അംഗങ്ങളുടെ മീറ്റിംഗിൽ കൂട്ടായ്മക്ക് വിംഗ് സ്(Women’s Integration and Growth through Sports) എന്ന് പേര് നിർദ്ദേശിക്കപ്പെടുകയും അങ്ങനെ കാലത്തിനു മുന്നേ നടക്കുന്ന ഒരു കൂട്ടായ്മ രൂപപ്പെടുകയും ചെയ്തു.
‘എന്റെ ആരോഗ്യം എന്റെ വിനോദം എന്റെ സ്വതന്ത്ര്യം’ എന്ന മുദ്രാവാക്യമാണ് സാധാരണക്കാരായ സ്ത്രീകളെ വിംഗ്സിലേക്ക് ആകർഷിച്ചത്. മറ്റു് സ്ത്രീപക്ഷ സംഘടനകളിൽ നിന്ന് വിംഗ് സ് വേറിട്ടു നില്‍ക്കുന്നത് കായിക വിനോദങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം തന്നെയാണ്. ഒരു പക്ഷേ ‘എന്റെ ആരോഗ്യം, എന്റെ വിനോദം, എന്റെ സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യമുയർത്തിയ ലോകത്തിലെ ഏക സ്ത്രീപക്ഷ സംഘടന വിംഗ്സ് ആയിരിക്കും.
വിംഗ് സ് മുൻ കയ്യെടുത്ത് നടത്തിയ ഒരു രക്ത ദാന ക്യാമ്പിനെക്കുറിച്ച് ലാബ് ടെക്നീഷ്യൻ കൂടിയായ ജിനി പറയുന്നു, “പങ്കെടുത്ത നൂറ്റി ഇരുപത് സ്ത്രീകളിൽ രക്തം ദാനം ചെയ്യാൻ അർഹരായവർ ആകെ ഇരുപത് പേർ മാത്രമായിരുന്നു. മറ്റുള്ള സ്ത്രീകൾ എല്ലാം അനീമിക് ആയിരുന്നു. ഇത് സ്വന്തം ആരോഗ്യത്തെക്കുറിച്ച് സ്ത്രീകളെ ബോധ്യപ്പെടുത്താൻ സഹായിച്ചു. കൂടുതൽ സ്ത്രീകൾ ‘എന്റെ ആരോഗ്യം എന്റെ വിനോദം എന്റെ സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യത്തിൽ ആകൃഷ്ടരായി. സ്ത്രീ പ്രസാധകരിൽ ഒരാളായ ഐ ബുക്സിന്റെ മാനേജിംഗ് ഡയറക്ടർ ദീപ പി എം, അഡ്വ. സുധ ഹരിദ്വാർ, കേരളത്തിലെ ആദ്യത്തെ പെൺപുലികളിൽ ഒരാളായ ദിവ്യ ദിവാകരൻ, പ്രമീള എന്നിവർ വിനയയുടെ നേതൃത്യത്തിലുള്ള വിംഗ്സിനോടൊപ്പം ചേര്‍ന്നു.
പൊതു ഇടങ്ങൾ സ്ത്രീകളുടേതു കൂടിയാക്കി മാറ്റലാണ് സ്ത്രീരക്ഷക്കുള്ള ആദ്യചുവട് എന്ന് തിരിച്ചറിഞ്ഞ വിംഗ്സ് നേതൃത്വം അത് പ്രാവർത്തികമാക്കാൻ വേണ്ടി എറ്റെടുത്ത പദ്ധതികളിൽ പ്രധാനപ്പെട്ടതായിരുന്നു അന്നുവരെ പുരുഷൻമാരുടേത് മാത്രമായി കണക്കാക്കപ്പെട്ടിരുന്ന ലോകങ്ങളിലേക്കുള്ള ബോധപൂർവ്വമായ കടന്നു ചെല്ലലുകൾ.
അതിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി പെൺപുലികൾ പൂരത്തിനിറങ്ങി. നൂറു കണക്കിന് വിംഗ്സ് അണികളുടെ പൂർണ സഹകരണത്തോടെ അവർക്കിടയിൽ നിന്നും ദിവ്യ ദിവാകരൻ, വിനയ എൻ എ, സക്കീന എന്നിവർ പെൺപുലികളായി പുതിയ ചരിത്രം രചിച്ചു. പിന്നീടുള്ള എല്ലാ വർഷങ്ങളിലും കൂടുതൽ കൂടുതൽ പെൺപുലികൾ പതിവു കാഴ്ചയായി.
മാധ്യമശ്രദ്ധ നേടിയ മറ്റൊരു പ്രവർത്തനമായിരുന്നു അന്ന് വരെ സ്ത്രീകൾക്ക് പ്രവേശനം വിലക്കപ്പെട്ടിരുന്ന അഗസ്ത്യാർകൂടം ട്രക്കിംഗ്. അതിന് നിയമപരമായി ഉണ്ടായിരുന്ന വിലക്ക് നീക്കുന്നതിന് വിംഗ്സും അന്വേഷിയും ചേർന്ന് ഹൈക്കോടതിയിൽ റിട്ട് സമർപ്പിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. സമരം നടത്തി വിലക്ക് നീക്കിക്കിട്ടുന്നതു വിംഗ്സിന്റെ പ്രവർത്തനങ്ങളിലൂടെ ആണ്. അഗസ്ത്യാർകൂടത്തിൽ കാലുകുത്തിയ ആദ്യ വനിതകളിൽ സംഘടനയുടെ പ്രവർത്തകരും ഉണ്ടായിരുന്നു.
സ്ത്രീകളുടെ ബൈക് റാലി, സൈക്കിൾ റാലി, തമസ്കരിക്കപ്പെട്ടു കിടന്ന സ്ത്രീ പക്ഷ എഴുത്തുകാരി കെ സരസ്വതി അമ്മയുടെ പേരിൽ നടത്തിയ ‘കെ സരസ്വതിയമ്മ മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ്’ (ഒരു പക്ഷേ ഒരു എഴുത്തുകാരിയുടെ പേരിൽ അവരുടെ ഓർമ്മക്കായി കേരളത്തിൽ നടത്തിയ ആദ്യ ടൂർണമെന്റ്), സ്ത്രീകളുടെ ചെസ് ടൂർണ്ണമെൻറ്, രാഷ്ട്രീയത്തിൽ ‘തുല്യനീതി തുല്യ പ്രാതിനിധ്യം’ കാമ്പെയിൻ, സിസ്റ്റർ ലൂസി ക്ക് വേണ്ടി നടത്തിയ ഐക്യദാർഢ്യ പ്രഖ്യാപന സമ്മേളനം, സ്ത്രീകൾക്ക് വേണ്ടി വാഹനമോടിക്കുന്നവർക്കറിയേണ്ട പ്രാഥമിക മെക്കാനിക്കൽ സ്കിൽ നല്‍കുന്ന വർക്ക്ഷോപ്പുകൾ, ‘ഹെർ ഡേ‘എന്ന ഷോർട്ട് ഫിലിം, ‘ആകാശം തേടുന്നവർ’ എന്ന നാടകം തുടങ്ങി വിംഗ്സ് എറ്റെടുത്ത വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഓരോന്നും സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവയാണ്.
ഇര തേടലും ഇണ തേടലും ആണ് ഒരു ജീവിയുടെ ശൗര്യത്തെ, ശക്തിയെ അടയാളപ്പെടുത്തുന്ന ഇടങ്ങൾ. പുരുഷമേധാവിത്വ സമൂഹത്തിൽ ഈ രണ്ടിടങ്ങളും സ്ത്രീക്ക് നഷ്ടമായി. പുരുഷൻ അധ്വാനിച്ചുകൊണ്ടു വരുന്ന ഭക്ഷണം കഴിച്ച് അവന്റെ ഇംഗിതത്തിന് അനുസരിച്ചു മാത്രം ഇണചേർന്ന് അവളിലെ ശൗര്യം ഉറങ്ങിക്കിടന്നു. പുരുഷനാൽ സംരക്ഷിക്കപ്പെടേണ്ടവളും അബലയുമായി സ്വയം ചിത്രീകരിക്കുന്ന ദയനീയ അവസ്ഥയിലേക്ക് അത് അവളെ കൊണ്ടെത്തിച്ചു. അത് അവളെ പൊതു ഇടങ്ങളിൽ നിന്ന് അകറ്റി. വീട്ടകങ്ങളിൽ തുരുമ്പെടുത്തു നശിക്കുന്ന പോരുകാരിയും പരദൂഷണക്കാരിയും പുരുഷന്റെ പരിഗണനയ്ക്ക് വേണ്ടി യാചിക്കുന്നവളും ആക്കിത്തീർത്തു. ഇത്തരമൊരു അവസ്ഥയിൽ സ്ത്രീയെ അവളുടെ വന്യമായ ശക്തിയെക്കുറിച്ച് ബോധവതി ആക്കുന്നതിനും സ്വാഭാവിക പ്രതിരോധശേഷി വീണ്ടെടുക്കുന്നതിനുമാണ് സ്പോർട്സ് സ്ത്രീ ശാക്തീകരണത്തിനുള്ള മാധ്യമമായി തിരഞ്ഞെടുത്തത് എന്ന് വിനയ പറയുന്നു.
കായികമായ കളികളിൽ ഏർപ്പെടുമ്പോൾ നമ്മൾ സ്വയം പ്രതിരോധം പഠിക്കുകയാണ്. തനിക്കു നേരെ വരുന്ന കൈകളെ, ബോളിനെ എങ്ങനെ എതിരിടാമെന്നും എങ്ങനെ ഓടി രക്ഷപ്പെടണമെന്നും പരിശീലിപ്പിക്കുക കൂടിയാണ് അവിടെ. സ്പോർട്സിൽ വരുന്നതിന് സ്ത്രീകളുടെ പ്രധാന തടസ്സം അവരുടെ ശരീരം പുരുഷന്റേത് പോലെ ആയിത്തീരുമെന്ന ഭയമായിരുന്നു. പക്ഷേ ഇപ്പോൾ സ്വാനുഭവത്തിലൂടെ വിംഗ്സിലെ കളിക്കാർ അത് ശരിയല്ല എന്ന് മനസ്സിലാക്കിയിരിക്കുകയാണ്.
വിനയയുടെ ആശയങ്ങളിൽ ഉറച്ച് മുന്നോട്ടു പോകുന്ന വിംഗ്സ് തമസ്കരിക്കപ്പെടുന്ന സ്ത്രീ മുന്നേറ്റങ്ങളെ അംഗീകരിക്കുക എന്ന ആശയം നടപ്പിലാക്കുന്നതിന്റെ പേരിലാണ് ബിബിസി തെരഞ്ഞെടുത്ത നൂറ് ശക്തരായ വനിതകളിൽപ്പെട്ട ‘വിജി പെൺകൂട്ടിന് ’ ബഹുജന പങ്കാളിത്തത്തോടെ സ്ത്രീകളുടെ നേതൃത്വത്തിൽ വീട് സമ്മാനിച്ചത്. അഡ്വ. സുധ ഹരിദ്വാർ ദീപ പി എം എന്നിവരുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ച് നിർമ്മിച്ച് നൽകിയ വീടിനുള്ള ധന സമാഹരണം പോലും ഇതേ രാഷ്ട്രീയത്തിലൂന്നിയതാണ്. സ്ത്രീയുടെ അടിമത്തത്തിന്റെ മൂലകാരണങ്ങളൈ ചികിൽസിക്കാൻ ശ്രമിക്കുന്നു വിംഗ്സ്.
ചലന സ്വാതന്ത്ര്യമുള്ള പാന്റ്സും ഷർട്ടും എന്ന ജൻഡർ ന്യൂട്രൽ വേഷം കുട്ടികളുടെ യൂനിഫോം ആക്കുന്നതിന് വിംഗ് സ് ആവശ്യപ്പെടുന്നത് ഇതേ സ്ത്രീ പക്ഷ രാഷ്ട്രീയം കൊണ്ടാണ്. ലിംഗവിവേചനത്തിനെതിരെ വിനയ കാലങ്ങളായി നടത്തുന്ന പോരാട്ടങ്ങളുടെ ഭാഗം തന്നെയാണ് വിംഗ് സ് നടത്തിയ മിക്സഡ് ജൻഡർ വോളിബോൾ മൽസരങ്ങൾ, ‘അടുക്കള പെണ്ണിനേതല്ല’ കാമ്പയിൻ, ജൻഡർ ന്യൂട്രൽ യൂനിഫോം നടപ്പാക്കുന്നതിനുള്ള പോരാട്ടങ്ങൾ, സഹ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനുള്ള പോരാട്ടങ്ങൾ, പത്ര ഭാഷയിലെ, അപേക്ഷാ ഫോമുകളിലെ, ചരമ വാർത്തയിലെ, നിയമങ്ങളിലെ, സ്കൂൾ രജിസ്റ്ററിലെ പേരെഴുതുന്നതിലെ, ഭാഷാപ്രയോഗങ്ങളിലെ, തമാശകളിലെ ലിംഗവിവേചനങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾ… കവിയും അദ്ധ്യാപികയുമായ പ്രസന്ന പാർവ്വതി (ഇപ്പോഴത്തെ സെക്രട്ടറി) യിലൂടെ… യുക്തിവാദിയും സ്വതന്ത്ര ചിന്തകയും കർഷകയുമായ സോയയിലൂടെ… ഇനി വരാനിരിക്കുന്ന വിംഗ്സ് പ്രവർത്തകരിലൂടെ… പോരാട്ടങ്ങൾ തുടരുകയാണ്. വിംഗ്സ് കൊളുത്തിയ പന്തങ്ങൾ കാലം കൊണ്ട് നാടാകെ പടരുന്നതിന്റെ സംതൃപ്തിയുണ്ട് വിനയയുടെ വാക്കുകളിൽ. വിംഗ്സിലെത്തുന്ന ഓരോരുത്തരും വിംഗ്സ് ആയി മാറുകയാണ്, സ്വന്തം ചിറകുകൾ വീണ്ടെടുക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.