ആശുപത്രിയുടെ അകത്തും പുറത്തും ഭയമാണ് തളം കെട്ടി നിൽക്കുന്നതെന്ന് പ്രവീണക്ക് തോന്നി. ഇന്നേക്ക് പതിനാലു ദിവസമായി അമ്മയെ കണ്ടിട്ട്. പരിചയമുള്ള നേഴ്സിനെ കാത്തു നിൽക്കുമ്പോഴും ഉള്ളു കിടന്നു പിടയുകയാണ്. അവൾ കസേരയിലേക്ക് ഇരുന്നു. മെഡിക്കൽ കോളേജിന്റെ അടുത്തുള്ള ചെറിയ ലോഡ്ജിലെ ഇടുങ്ങിയ മുറിക്കുള്ളിലെ താമസം പ്രവീണയെ വല്ലാതെ തളർത്തിയിരുന്നു. കഠിന ചൂടിനാൽ, പഴകിയ ഫാനിന്റെ ശബ്ദത്താൽ ഉറങ്ങിയിട്ട് എത്രയോ ദിവസങ്ങളായി. അൽപ്പനേരം കഴിഞ്ഞതും അവളുടെ കണ്ണുകൾ അടഞ്ഞുപോയി.
”ഹലോ, പ്രവീണാ…” നഴ്സ് ശ്രീജയുടെ വിളിയിൽ ഞെട്ടിയുണർന്നു. ടൗവൽ കൊണ്ട് മുഖം തുടച്ചു നഴ്സിനൊപ്പം നടന്നു.
”അമ്മയ്ക്ക് എങ്ങനെയുണ്ട്?”
”ഒന്നും പേടിക്കണ്ട നല്ല മാറ്റമുണ്ട് നാളെ മിക്കവാറും വാർഡിലേക്ക് മാറ്റും.” നഴ്സിന്റെ വാക്കുകൾ കേൾക്കുംതോറും അവരെയൊന്നു കെട്ടിപ്പിടിക്കാൻ കൊതിച്ചു. പക്ഷേ ആരും ആരെയും തൊടാൻ പാടില്ലാത്ത ദിവസങ്ങളിലൂടെയാണല്ലോ കടന്നു പോകുന്നതെന്ന് ഓർത്തപ്പോൾ ഉള്ളറിഞ്ഞ ചിരികൊണ്ടു മനസ്സിനാൽ അവരെ ചേർത്ത് പിടിച്ചു.
”സമാധാനമായി മുറിയിൽ പോയി ഇരുന്നോളു.” കഴിഞ്ഞ കുറെ
ദിവസങ്ങളായി മരിച്ചതുപോലെ കഴിയുകയായിരുന്നു. അമ്മയ്ക്ക് കൊറോണയാണെന്ന് അറിഞ്ഞപ്പോൾത്തന്നെ ആകെ തളർന്നിരുന്നു. ആശുപത്രിയിലെത്തുംവരെ അനുഭവിച്ച അസ്വസ്ഥതയുടെ ഭാരം ഇത്രയും ദിവസങ്ങൾക്ക് ശേഷം ഇന്നാണ് ഒഴിഞ്ഞുപോയത്. ഫോണെടുത്ത് ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം അറിയിച്ചു. ലോഡ്ജിലേക്ക് കയറി ചെന്ന് മുറിയുടെ വാതിൽ തുറന്നു. മേശപ്പുറത്ത് വച്ചിരിക്കുന്ന അമ്മയുടെ സാരികൾ എടുത്ത് നെഞ്ചോട് ചേർത്തുപ്പിടിച്ചു.
”ദൈവമേ… തിരിച്ചു തന്നുവല്ലോ…” പ്രവീണ കട്ടിലിലേക്ക് കയറി കിടന്നു. ഉച്ചച്ചൂടിനാൽ മുറി വിങ്ങുന്നുണ്ട്. പക്ഷേ അതൊന്നും അവളെ സ്പർശിക്കുന്നില്ല. മരണത്തോട് മല്ലിട്ടിട്ടാണ് അമ്മയുടെ ഈ തിരിച്ചു വരവ്. അതവൾക്ക് വലിയ ആശ്വാസവും, ആത്മവിശ്വാസവും പകർന്നു. ഫോൺ റിംഗ് ചെയ്തതും ആലോചനയിൽ നിന്നും തെന്നി വേഗത്തിൽ ഫോൺ എടുത്തു.
“ഹലോ, പറയ്. അതേ നാളെ വാർഡിലേക്ക് മാറ്റുകയാണല്ലെ?”
“അതെ”
ശരിക്കും രണ്ടാം ജന്മം അല്ലെ?”
”അതെ… എനിക്കൊരു കോൾ വരുന്നുണ്ടേ ഞാൻ പിന്നെ വിളിക്കാവേ…” ഇത്രയും ദിവസങ്ങളായി വിളിക്കാത്ത ഒരാൾ ഇന്നു വിളിച്ചു സംസാരിക്കാൻ വന്നപ്പോൾ അവൾക്കത് ഒട്ടും ദഹിച്ചില്ല. അവൾ ഫോൺ കട്ട് ചെയ്ത് കണ്ണുകൾ മുറുക്കിയടച്ച് വെറുതെ കിടന്നു.
പുലർച്ചയിലെ പ്രവീണ ഉണർന്നു. വേഗത്തിൽ അമ്മയെ കാണാനായി ഒരുങ്ങി. ഒൻമ്പത് മണിയാകുംവരെ വാച്ചിലേക്ക് നോക്കിക്കൊണ്ടിരുന്നു. അവൾ വാതിൽ തുറന്നു പുറത്തേക്കിറങ്ങി. സൂര്യന്റെ വെളിച്ചത്തിന് മുമ്പൊരിക്കലുമില്ലാത്ത ഭംഗി തോന്നി പ്രവീണയ്ക്ക്. തിടുക്കത്തിൽ അമ്മയെ കിടത്തിയ വാർഡിലേക്കെത്തി.
വാർഡിനകത്തെ നിസ്സഹായത പേറുന്ന മുഖങ്ങൾ ചിരിക്കാൻ പ്രയാസപ്പെടുന്നത് കാണെ പ്രവീണക്ക് വല്ലാത്ത സങ്കടം വന്നു. അവൾ ഓരോരുത്തരെയും പരിചയപ്പെട്ടു. അമ്മയെ തിരിച്ചു കിട്ടിയതിലുള്ള സന്തോഷം അവൾ അവരോടെല്ലാം പങ്കുവച്ചു. മരുന്നു വാങ്ങിക്കാനായി മെഡിക്കൽ കോളജിനകത്തെ മെഡിക്കൽ ഷോപ്പിലേക്ക് വേഗത്തിൽ നടക്കുന്നതിനിടയിൽ പുറകിൽ നിന്നും ഒരു വിളി കേട്ടു
”മോളെ…” പ്രവീണ തിരിഞ്ഞു നോക്കി. തന്റെ അമ്മയെക്കാൾ പ്രായമായ ഒരമ്മച്ചി കൈയ്യിൽ പ്പിടിച്ച മരുന്നു ശീട്ടുമായി നടന്നു വരുന്നു
”മോളെ ഈ മരുന്ന് എവിടെനിന്നാ വാങ്ങിക്കേണ്ടത?” അവൾ വഴി പറഞ്ഞു കൊടുത്തു തിടുക്കത്തിൽ നടന്നു. മരുന്നുകൾ വാങ്ങി തിരിച്ച് അമ്മയുടെ അടുത്തേക്ക് ഓടുന്നതിനിടയിൽ അല്പംമുമ്പ് കണ്ട അമ്മച്ചി പതിയെ സ്റ്റപ്പുകൾ ഇറങ്ങി പോകുന്നത് കാണാമായിരുന്നു അവൾ അമ്മയുടെ അടുത്തേക്ക് കുതിച്ചു.
മരുന്നു കൊടുത്ത ശേഷം അമ്മയുടെ അരുകിൽ തന്നെ ഇരുന്നു. നെറ്റിയിൽ പതുക്കെ തലോടി. അമ്മ ഉറക്കത്തിലേക്ക് വഴുതി. ഭംഗിയേറിയ അമ്മയുടെ നീളൻ മുടി ജഢപിടിച്ചിരിക്കുന്നു. അവൾ ആ മുടിയിഴകളെ വിരലുകൾ കൊണ്ട് വിടർത്താൻ ശ്രമിച്ച് പരാജയപ്പെട്ടു. തൊട്ടടുത്ത ചേച്ചി അവളുടെ അടുത്തേക്ക് വന്നു.
”അമ്മയുടെ മുടി ആകെ… ചീത്തയായിരിക്കുന്നു ഇനിയെന്താ ചെയ്യാ ചേച്ചി…”
സാരമില്ല. ആശുപത്രിയിൽ നിന്നു മാറുമല്ലോ അപ്പോൾ നല്ല എണ്ണ തേച്ച് കുളിപ്പിച്ചാൽ മതി — ഉറങ്ങിക്കിടക്കുന്ന അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. വൈറസ് ആക്രമിച്ച ആ ശരീരത്തിലെ ശ്വാസം പതിയെ ഉയർന്നു താഴുന്നുകൊണ്ടിരുന്നു.
”മോളെ രക്തപരിശോധനയുടെ റിസൾട്ട് വാങ്ങണ്ടേ?” — പുറകിൽ വന്നു നിൽക്കുന്ന അച്ഛന്റെ ശബ്ദത്തിലേക്ക് അവൾ തിരിഞ്ഞു നിന്നു.
”അച്ചനിവിടെ ഇരിക്ക്. ഞാൻ പോയി വാങ്ങിച്ചു വരാം.” പ്രവീണ ഒരു ഷാൾ എടുത്ത് കഴുത്തിലൂടെ ചുറ്റി പുറത്തേക്കിറങ്ങി. പടികളിറങ്ങി ഒന്നാം നിലയിലെത്തിയപ്പോൾ പതിനാറോ പതിനേഴോ പ്രായം വരുന്ന ഒരു ചെറുപ്പക്കാരൻ ചുമരിൽ ചാരിനിന്നു കരയുന്നു. അവൾ അവന്റെ അടുത്തേക്ക് ചെന്നു.
”എന്തുപറ്റി മോനെ?”
”എന്റെ… വാപ്പിച്ചി മരിച്ചു.”
”കോവിഡ് ആണോ?”
”ഉം, എനിക്കൊന്നു കാണാൻ പോലും കഴിയില്ല.” അവൻ ആർത്തു കരഞ്ഞു അല്പനേരം കഴിഞ്ഞതും ഒന്നാകെ മൂടിപൊതിഞ്ഞു കിടത്തിയ അവന്റെ വാപ്പിച്ചിയെ അനാഥമായ ജഡം പോലെ അവരുടെ അരുകിലൂടെ കൊണ്ടുപോകവെ അവൻ നിയന്ത്രിക്കാനാവാതെ അലറി വിളിച്ചു ആശുപത്രിയുടെ വരാന്തയിലൂടെ ഭ്രാന്തനെ പോലെ ഓടി പോയി. അതുകണ്ടു സഹിക്കവയ്യാതെ പ്രവീണ നനഞ്ഞ കണ്ണുകളുമായി തലതാഴ്ത്തി നടന്നു. എതിരെ വരുന്നവരൊക്കെ മുട്ടിയുരുമ്മാതെ അകന്നു പോകുന്നു. എല്ലാവർക്കും എല്ലാവരെയും പേടി
”മോളെ…” പുറകിലെ വിളി. കഴിഞ്ഞ ദിനം പരിചയപ്പെട്ട അമ്മച്ചി ചിരിച്ചു നിൽക്കുന്നു.
”എന്തിനാ കരയ്ന്നത്?”
അവൾ കാര്യം പറഞ്ഞു. അമ്മച്ചി അവളുടെ കൈയ്യിൽ പിടിച്ചു.
”നമുക്ക് എന്തു ചെയ്യാനാവും. വാ നമുക്കൊരു ചായ കുടിച്ചാലോ?” ആദ്യം അവൾ വിസമ്മതിച്ചെങ്കിലും പിന്നീട് അമ്മച്ചിയുടെ കൂടെ കാന്റിനിലേക്ക് പോയി. ഒരു മേശക്കിരു വശവും അവർ ഇരുന്നു. പ്രവീണ അമ്മച്ചിയെ സൂക്ഷ്മമായി നോക്കി കൊണ്ടിരുന്നു.
എന്താ ഇങ്ങനെ നോക്കുന്നത് ഞാനും നിന്നെപ്പോലെ സുന്ദരിയായിരുന്നു ഇപ്പം വയസ്സായില്ലെ
ഉം, ഇപ്പഴും സുന്ദരിയാണ്. — കൊഴിഞ്ഞു പോയ പല്ലുകൾക്കിടയിലൂടെ അമ്മച്ചി ചിരിച്ചു.
”ആരാ ഇവിടെയുള്ളത്?”
”ഒരു അയൽവാസിയാണ്.”
”ഓ…” — അവർ ചായ കുടിച്ച ശേഷം പുറത്തേക്കിറങ്ങി യാത്ര പറഞ്ഞ് പ്രവീണ അമ്മയുടെ അടുത്തേക്ക് നടന്നു.
പുലർച്ചയിൽ പ്രവീണ ഞെട്ടിയുണർന്നു. വാർഡിൽ ഉറങ്ങിയും, ഉറങ്ങാതെയും കിടക്കുന്നവർക്കിടയിലൂടെ നടന്നു അവളുടെ മനസ്സിലേക്ക് അമ്മച്ചിയുടെ മുഖം തെളിഞ്ഞു
അവർ ഇപ്പോൾ ഈ ആശുപത്രിയുടെ എവിടെയായിരിക്കും ഉണ്ടാവുക. — സ്വയം ചോദിച്ചു. കോവിഡ് കാരണം ആശുപത്രിയുടെ അകത്തുള്ള നടത്തം കഠിന നിയന്ത്രണത്തിലാണ്. കഴിക്കാനായി വാങ്ങാൻ കാന്റിനിലേക്ക് പോകുമ്പോൾ അവൾ അവിടെയെല്ലാം അമ്മച്ചിയെ പരതിയെങ്കിലും കാണാനായില്ല. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ആ ശുപത്രിയിലേക്ക് വന്നതോടെ പ്രവീണ ആ തിരക്കിലേക്കു ലയിച്ചു.
”എന്ന് ഡിസ്ചാർജ് ചെയ്യാമെന്നാ പറയുന്നത്?”
”കുറച്ചു ദിവസം കിടക്കേണ്ടി വരും. ഇനി ഡിസ്ചാർജ് ചെയ്താലും തൊട്ടടുത്തുള്ള ലോഡ്ജിൽ കുറച്ചു ദിവസം കിടന്നിട്ടേ വീട്ടിലേക്ക് വരികയുള്ളൂ.” ഉച്ചയോടെ അവരെല്ലാം പിരിഞ്ഞു പോയി. മരുന്നു വാങ്ങിക്കാനായി പോകുമ്പോൾ അവൾ അമ്മച്ചിയെ പരതിയെങ്കിലും എവിടെയും കണ്ടില്ല. തിരിച്ചു ഓടി നടന്നു പോകുന്നതിനിടയിൽ പതിവ് വിളി കേട്ടു.
”മോളെ…”
അവൾ തിരിഞ്ഞു നിന്നു.
”ഞാൻ ഇന്നലെയും ഇന്നുമൊക്കെ നോക്കി നടന്നു. ഇതെവിടെയാ പോയി ഒളിക്കുന്നത്?” പതിവ് പോലെ അമ്മച്ചി മനോഹരമായ ചിരിച്ചു.
”ഞാനും നിന്നെ നോക്കാറുണ്ട് എനിക്കെന്തോ നിന്നെ വല്ലാതെയങ്ങ് ഇഷ്ടമായി മോളെ.” അവർ ഒരു പാട് നേരം സംസാരിച്ചിരുന്നു. മുമ്പോരിക്കലും കാണാത്ത ഈ അമ്മച്ചി എങ്ങനെയാണ് ഇത്രമാത്രം എന്റെ ഹൃദയത്തെ തൊട്ടതെന്ന് സ്വയം ചോദിച്ചു. അപ്രതീക്ഷിതമായി കിട്ടുന്ന സ്നേഹത്തിന് മറ്റ് പലതിനേക്കാളും നമ്മെ ആശ്വസിപ്പിക്കാനാവും. അവൾ അവരുടെ നരച്ച മുടിയിൽ തലോടി.
”എന്താ ആലോചിക്കുന്നത്?”
”ഒന്നുമില്ല.” പ്രവീണ അല്പം കൂടെ ചേർന്നിരുന്നു.
”ഇനി മോള് പൊയ്ക്കോ.” പ്രവീണ അമ്മച്ചിയുടെ നെറ്റിയിൽ ഉമ്മവെച്ചനേരം അവരുടെ കണ്ണുകൾ നിറഞ്ഞത് കണ്ടു.
”എന്താ കരയുന്നത്?”
”സന്തോഷം കൊണ്ടാണ് മോളെ”- അവർ രണ്ട് പേരും രണ്ട് ഇടത്തേക്കായി നടന്നു.
മൂന്നാംനാൾ ബന്ധുക്കൾ കൊണ്ടു വന്ന ഫ്രൂട്ട്സുകളിൽ കുറച്ചെടുത്തു ഒരു കവറിലാക്കി അവൾ അമ്മച്ചിയെ തേടി ഇറങ്ങി. ആശുപത്രിയുടെ പുറത്തെവിടെയും കണ്ടില്ല. അവൾ വല്ലാതെ സങ്കടപ്പെട്ടു. സെക്യൂരിറ്റിയുടെ കണ്ണിൽ പെടാതെ പല വാഡുകളിലും കയറി ഇറങ്ങി പരതി. അവിടെയെവിടെയും കണ്ടില്ല. ഒടുക്കം കാന്റീനിൽ പോയി നോക്കി നിരാശയോടെ അമ്മയുടെ അടുത്തേക്ക് പോയി. ഒന്നു രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മയെ എക്സ്റേ എടുക്കാനായി കൊണ്ടുപോകുമ്പോഴും അവൾ അമ്മച്ചിയെ തിരഞ്ഞു. എവിടെയും കണ്ടില്ല. ചില വൈകുന്നേരങ്ങളിൽ കാന്റീനിൽ പോയി പരതി. അവളുടെ ഉളളിൽ വല്ലാത്ത നിരാശ വന്നു. മുൻപ് കണ്ട ഇടങ്ങളിലെല്ലാം കണ്ട സമയമോർത്ത് അതേ നേരത്ത് പോയി നോക്കി. എവിടെയും കാണാത്ത ആ അമ്മച്ചി അവളുടെ ഉറക്കത്തെവരെ ശിഥിലമാക്കി.
”ആ അമ്മച്ചിക്ക് എന്തെങ്കിലും പറ്റിയോ?” ദിവസങ്ങൾ കഴിയും തോറും അതൊരു നീറ്റലായി തീർന്നു. പ്രവീണയുടെ ചുണ്ടുകൾ വിറച്ചു.
ദൈവമേ, അവരെവിടെപ്പോയി — അടുത്ത ദിവസം ജ്യൂസ് വാങ്ങാനായി പുറത്തേക്കിറങ്ങിയപ്പോൾ സെക്യൂരിറ്റി അവളുടെ അടുത്തേക്ക് വന്നു.
”അമ്മയ്ക്ക് നന്നായി കുറഞ്ഞില്ലെ?”
”ഓ…”
”ഇന്നു ഒരു സ്ത്രീ മരിച്ചു പ്രാമയുള്ളവരാണ്.” അയാളുടെ വാക്കുകൾക്കൊപ്പം അവളുടെ കണ്ണുകൾ പിടഞ്ഞു. നെഞ്ചിൽ കൈ വെച്ചു.
”ദൈവമേ അവരാണോ…” പ്രവീണ ഓടി പടികൾ കയറി ഒന്നാം നിലയിലെത്തി ചെറിയൊരു ആൾക്കൂട്ടം. അവൾ വിരലുകളിൽ കുത്തി നിന്ന് ഉയർന്നു തല നീട്ടി. മരിച്ചകിടക്കുന്ന ആ ശരീരം കാണാൻ കാണാൻ കഴിയുന്നില്ല. കൈകാലുകൾ വിറച്ചു. ആ അമ്മച്ചിയുടെ മനോഹരമായ ചിരി കണ്ണുകളിൽ തെളിയുന്നു.
”ആരുമില്ലാത്തവരായിരുന്നു.” ആരോ പറയുന്നത് ചെവിയിൽ മുഴങ്ങി. അവൾ തിരിച്ചു നടന്നു. ചുണ്ടുകൾ വരണ്ടു. കാലുകൾ തളരുന്നതായി തോന്നി. ശരീരം മുഴുവനും ചൂട് വയ്ക്കുന്നു. കരച്ചിലടക്കാൻ കഴിഞ്ഞില്ല അവൾ തന്റെ അമ്മയുടെ അടുത്തേക്ക് ഓടി. വേഗത്തിൽ പടികൾ ഇറങ്ങുമ്പോൾ ചിരിച്ചുക്കൊണ്ട് അമ്മച്ചി പതിയെ പടികൾ കയറി വരുന്നത് കണ്ടു. അവിശ്വാസത്തോടെ നോക്കി തരിച്ചു നിൽക്കുകയാണ്. ”മോളെ. .. ” ആ വിളിയിൽ അവൾ ഒന്നാകെ കോരിത്തരിച്ചു. അവൾ അടുത്തേക്ക് ചെന്നു അമ്മച്ചിയെ ചേർത്തുപിടിച്ചു. മുഖത്തും കവിളത്തും മാറി മാറി ചുംബിച്ചു.
”കണ്ടിട്ട് കൊറച്ച് ദെവസായല്ലോ -” അതൊന്നും കേൾക്കാതെ അവൾ അവരെ കൂടുതൽ ശക്തിയിൽ അണച്ചുപ്പിടിച്ചു ക്കൊണ്ടിരുന്നു.….…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.