23 December 2024, Monday
KSFE Galaxy Chits Banner 2

കഴുകന്റെ പുസ്തകം

ദിജീഷ് കെ എസ് പുരം
January 2, 2022 6:30 am

നിന്നിലെയവസാന നാണ്യവും
പലിശക്കണക്കിൽ കിഴിച്ച്
പിഞ്ചിയ വസ്ത്രത്തിന്നിടയിലൂടെ
ഊളിയിട്ടു തൃഷ്ണകൾ
മുതലളന്നും ഗണിച്ചുമെടുക്കവേ
നിന്റെയുള്ളം പിടഞ്ഞ്
പിറുപിറുക്കുന്നുവോ, കഴുകനെന്ന്!
നഖങ്ങൾ കൂർപ്പിച്ച്
ചുണ്ടുകൾ താഴേക്കുവളച്ച്
വൻചിറകുവിടർത്തി
വിശപ്പിന്റെ ഉഷ്ണമേഖലകളിൽ
പറന്നിറങ്ങും ഞാൻ
നവലോക കഴുകൻ!
കഠിനാമ്ലമൂറി നിറഞ്ഞ്
അത്യാർത്തിയൊടുങ്ങാത്ത
ആമാശയവുമായി
വിശപ്പുുകളെ ഇരതേടുന്നു
വെറുപ്പിന്റെയകലങ്ങളിൽനിന്നും
നിന്റെ രോഗങ്ങൾ മണത്തെടുക്കും
മൂന്നാം കണ്ണിന്റെ സംവേദകത്വം
ദൈന്യതയാവോളം തിന്നുചീർക്കുന്നൂ,
ആ ഛർദ്ദി തിന്നുമെൻ കുഞ്ഞുങ്ങൾ
പ്രണയമിരകോർത്ത ചൂണ്ടയേല്പിച്ച
മോഹഭംഗത്തിൻ തിരുമുറിവിലൂടെ
ഹൃദയനിണമൊഴുകിയൊഴുകി
നീ വീഴുവോളം, ഞാൻ കാത്തിരിക്കും
ശ്മശാനസ്വപ്നവുംകണ്ട്, ദാഹാർത്ഥനായി
അത്രമേൽ പ്രിയമീ; മൃതശരീരം!
ജരാനരകളാം തൂവൽകൊഴിക്കുന്നു
ഞാൻ ആയുസ്സുകൂട്ടും വിദ്യകൾതേടുന്നു
കണ്ണീർമഴകൾ നനയാതെ
ദുഃഖക്കാർമേഘങ്ങൾക്കുമീതേ
ഞാനുയർന്നു പറക്കും
നിന്റെ സ്വപ്നങ്ങളിലെ
നക്ഷത്രങ്ങൾക്കിടയിൽ കൂടുകൂട്ടും
എന്റെയപാര കാഴ്ചശക്തിയുടെ
ചിറകിൻ നിഴൽ, ആസക്തിയോടെ
നിന്നിലെന്നും വീണുകിടക്കും
നിന്റെ പ്രത്യാശയുടെ ആകാശത്തിലെ
ഏതോ വിദൂരകോണിൽനിന്നും
അവനെന്നെ താഴെയിറക്കാൻ
വെളിപാടുമായി വരുവോളം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.