24 January 2026, Saturday

വിദ്വേഷ കമന്റിന് മറുപടി നല്‍കി ജാവേദ് അക്തര്‍

നിന്റെ അച്ഛനും മുത്തച്ഛനും ഷൂ നക്കുമ്പോള്‍ എന്റെ പൂര്‍വികര്‍ സ്വാതന്ത്ര്യത്തിനായി മരിക്കുകയായിരുന്നു 
Janayugom Webdesk
ന്യൂഡല്‍ഹി
August 16, 2025 12:43 pm

വിദ്വേഷ കമന്റിന് മറുപടി നല്‍കി ഗാനരചയിതാവും, തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. സ്വാതന്ത്ര്യ ദിനാശം നേര്‍ന്നതിന്റെ പേരില്‍ വിമര്‍ശിച്ചയാള്‍ക്കാണ് ജാവേദ് അക്തര്‍ മറുപടി നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമാവുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ഒരാള്‍ അദ്ദേഹത്തിനെതിരെ അധിക്ഷേപവുമായി എതിര്‍ത്തത്. എന്നാല്‍ തന്റെ പതിവ് രീതിയില്‍ വിമര്‍ശകന്റെ വായടപ്പിക്കാന്‍ ജാവേദ് അക്തറിന് സാധിച്ചു.

ഇന്ത്യയിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. സ്വാതന്ത്ര്യം നമുക്ക് പാത്രത്തില്‍ വച്ച് നീട്ടി തന്നതല്ലെന്ന് ഓര്‍ക്കുക.നമുക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ ജയിലിലേക്കും കഴുമരത്തിലേക്കും നടന്നവരെ നമ്മള്‍ ഇന്ന് ഓര്‍ക്കണം. ഈ വിലപ്പെട്ട സമ്മാനം ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കാം എന്നായിരുന്നു ജാവേദ് അക്തറുടെ ട്വീറ്റ്.ഇതിനെതിരെയായിരുന്നു ഒരാള്‍ കമന്റുമായെത്തിയത്. നിങ്ങളുടെ സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 14ന് ആണല്ലോ’ എന്നായിരുന്നു കമന്റ്.

പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തെക്കുറിച്ചായിരുന്നു കമന്റിലെ പരാമര്‍ശം. കമന്റിട്ടയാളുടെ പൂര്‍വികര്‍ ഷൂ നക്കുമ്പോള്‍ തന്റെ പൂര്‍വികര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടി മരിക്കുകയായിരുന്നുവെന്നാണ് ജാവേദ് അക്തറുടെ മറുപടി.മോനെ, നിന്റെ അച്ഛനും മുത്തച്ഛനും ഷൂ നക്കുമ്പോള്‍ എന്റെ പൂര്‍വ്വികര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി കാലാപാനിയില്‍ കിടന്ന് മരിക്കുകയായിരുന്നു. പോയി തരത്തില്‍ കളിക്കൂ എന്നാണ് ജാവേദ് അക്തര്‍ നല്‍കിയ മറുപടി. നിരവധി പേരാണ് ജാവേദ് അക്തറിന് പിന്തുണയുമായെത്തുന്നത്. 

മുമ്പും സമാനമായ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ ജാവേദ് അക്തറിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അത്തരക്കാര്‍ക്കെതിരെ ശക്തമായി തന്നെ നിലപാടെടുത്ത് മുന്നോട്ട് പോവുകയാണ് ജാവേദ് അക്തര്‍. സ്വാതന്ത്ര്യസമര പോരാളികളുടെ ചരിത്രമുണ്ട് ജാവേദ് അക്തറിന്റെ കുടുംബത്തിന്. അദ്ദേഹത്തിന്റെ മുതുമുത്തച്ഛന്‍ ഫസല്‍ ഇന്‍ ഹഖ് ഖൈദാബാദി സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു. ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ആന്‍ഡമാന്‍ ദ്വീപിലെ കാലാപാനി ജയിലിലടച്ചിരുന്നു. അവിടെ വച്ചാണ് അദ്ദേഹം മരണപ്പെടുന്നതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.