21 September 2024, Saturday
KSFE Galaxy Chits Banner 2

Related news

July 3, 2024
July 2, 2024
July 1, 2024
June 18, 2024
June 10, 2024
May 27, 2024
March 11, 2024
February 15, 2024
January 30, 2024
December 4, 2023

ജെബി മേത്തറുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം; അമർഷം പുകയുന്നു

ആർ ഗോപകുമാർ
കൊച്ചി
March 19, 2022 10:24 pm

ജെബി മേത്തറുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കോൺഗ്രസിൽ കടുത്ത അമര്‍ഷം. പരിഗണനാ പട്ടികയില്‍ മുന്നില്‍ നിന്നവരെയെല്ലാം വെട്ടി മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിനെ ഹൈക്കമാൻഡ് അംഗീകരിച്ചതോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് തിരിച്ചടിയേറ്റത്. എ ഗ്രൂപ്പിന്റെ പിന്തുണയോടെ വി ഡി സതീശൻ നിർദേശിച്ച പേരായിരുന്നു ജെബി മേത്തറിന്റേത്. രാജ്യസഭയിൽ നിന്നും ഒഴിവാകുന്ന എ കെ ആന്റണിയുടെ പിന്തുണയും ജെബിക്കായിരുന്നു.

രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ എം ലിജുവിനെ സ്ഥാനാർത്ഥിയാക്കണമെന്ന് അവസാന നിമിഷം വരെ സുധാകരൻ വാദിച്ചിരുന്നു. ലിജുവിനൊപ്പം ഡല്‍ഹിയിലെത്തി ഹൈക്കമാൻഡ് നേതാക്കളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. എന്നിട്ടും എം ലിജുവിന്റെ പേര് ഹൈക്കമാൻഡ് അംഗീകരിച്ചില്ല. കെ സി വേണുഗോപാലാണ് ഇതിന് പിന്നിലെന്നായിരുന്നു സൂചന. തിരിച്ചെത്തിയ സുധാകരൻ വി ഡി സതീശനുമായി ചർച്ച ചെയ്ത് അന്തിമപട്ടികയായി ജെബി മേത്തർ, ലിജു, ജെയ്സൺ ജോസഫ് എന്നീ പേരുകള്‍ ഹൈക്കമാൻഡിന് സമർപ്പിച്ചു.

ഇതില്‍നിന്നും അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജെബി മേത്തറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. അതിനിടെ, ജെബിയുടെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ പരിഹാസം നിറയുകയാണ്. കോണ്‍ഗ്രസിനുവേണ്ടി അടികൊണ്ടും പോസ്റ്ററൊട്ടിച്ചും നടന്നവരൊക്കെ പുറത്തായപ്പോള്‍ നേതാക്കളുടെ പാദസേവ ചെയ്തു നടന്നവര്‍ പദവികളില്‍ കയറിപ്പറ്റുകയാണെന്ന നിലയിലാണ് സോഷ്യല്‍ മീഡിയ ട്രോളുകള്‍. എ ഗ്രൂപ്പിൽ എ കെ ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും വിശ്വസ്തനായ കെഎംഐ മേത്തറുടെ മകളാണ് ജെബി മേത്തർ.

മുൻ കെപിസിസി പ്രസിഡന്റ് ടി ഒ ബാവയുടെ കൊച്ചുമകളുമാണ്. ജെബി വൈസ് ചെയര്‍പേഴ്സണായ ആലുവ നഗരസഭയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നടന്‍ ദിലീപിനൊപ്പമുള്ള സെല്‍ഫിയും പ്രചരിക്കുന്നുണ്ട്. എം ലിജുവിനെ പരിഗണിക്കുന്നതിൽ സതീശൻ- എ ഗ്രൂപ്പ് സഖ്യത്തിന് എതിർപ്പുണ്ടായിരുന്നു. സതീശൻ പാച്ചേനിയുടെ പേരാണ് കെ സുധാകരൻ നേരത്തെ മുന്നോട്ട് വച്ചിരുന്നത്. രമേശ് ചെന്നിത്തലയുടെ താല്പര്യം കൂടി കണക്കിലെടുത്താണ് ലിജുവിലേക്കെത്തിയത്. സുധാകരനും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം നിന്നിരുന്ന കെ മുരളീധരൻ എം ലിജുവിനെ സ്ഥാനാർത്ഥിയാക്കുന്നതിനെ എതിർത്തത് തിരിച്ചടിയായി. തെരഞ്ഞെടുപ്പിൽ തോറ്റവർ രാജ്യസഭയിലേക്ക് വേണ്ടെന്നായിരുന്നു മുരളീധരന്റെ നിലപാട്. പത്മജാ വേണുഗോപാലും അതൃപ്തി അറിയിച്ചു.

മുസ്‌ലിം സമുദായത്തിൽ നിന്നും ആരെയും കോൺഗ്രസ് പാർലമെന്റിലേക്ക് അയക്കുന്നില്ലെന്ന വിമർശനമുയർന്നിരുന്നു. എം എം ഹസന്റെ പേരായിരുന്നു ഈ വിഭാഗം മുന്നോട്ട് വച്ചത്. എല്‍ഡിഎഫ് യുവപ്രാതിനിധ്യം ഉറപ്പാക്കുമ്പോഴും കോൺഗ്രസ് യുവാക്കളെയും വനിതകളെയും പരിഗണിക്കുന്നില്ലെന്നും പാർട്ടിക്കുള്ളിൽ നിന്നു തന്നെ വിമർശനം ഉയർന്നു. ഇതിനെല്ലാം പരിഹാരം എന്ന നിലയിലാണ് ജെബിയെ പരിഗണിച്ചത്. അവസരം കിട്ടിയിട്ടും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ വീണ്ടും പരിഗണിക്കരുതെന്നും സതീശനടക്കമുള്ള നേതാക്കൾ നിർദേശിച്ചു. ഇതോടെ യാണ് ഷാനിമോൾ ഉസ്മാൻ അടക്കമുള്ളവരുടെ പേരുകൾ വെട്ടിയത്.

eng­lish summary;JB Math­er’s Rajya Sab­ha candidature

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.