23 October 2024, Wednesday
KSFE Galaxy Chits Banner 2

ജെ സി ഡാനിയല്‍ പുരസ്കാരം പി ജയചന്ദ്രന്

Janayugom Webdesk
തിരുവനന്തപുരം
December 13, 2021 6:46 pm

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2020ലെ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് പ്രശസ്ത പിന്നണി ഗായകന്‍ പി.ജയചന്ദ്രനെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്.

അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന പി.ജയചന്ദ്രന്‍ മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു. ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും, നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍, നടി സീമ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
പുരസ്കാര സമര്‍പ്പണം 2021 ഡിസംബര്‍ 23ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.56 വര്‍ഷം മുമ്പ് 1965ല്‍ ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന ചിത്രത്തില്‍ പി. ഭാസ്കരന്റെ രചനയായ ‘ഒരു മുല്ലപ്പൂമാലയുമായ്’ എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടിക്കൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് പ്രവേശിച്ച ജയചന്ദ്രന്‍ വിവിധ ഭാഷകളിലായി പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1985ല്‍ മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്കാരം നേടി. മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചുതവണ നേടിയിട്ടുണ്ട്.

കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരം ലഭിക്കുന്ന 28ാമത്തെ വ്യക്തിയാണ് പി.ജയചന്ദ്രന്‍. 1992ലാണ് ജെ.സി ഡാനിയേല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 2019ല്‍ ഹരിഹരനായിരുന്നു പുരസ്കാര ജേതാവ്. ഒരു ലക്ഷം രൂപയായിരുന്ന സമ്മാനത്തുക 2016ലാണ് അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയത്.

Eng­lish Sum­ma­ry: JC Daniel Award to P Jayachandran
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.