5 January 2026, Monday

Related news

January 1, 2026
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 26, 2025
December 24, 2025
December 24, 2025
December 19, 2025
December 17, 2025

ജെഎൻയുവിലെ ചുവപ്പ്

Janayugom Webdesk
March 26, 2024 5:00 am

ന്ത്യന്‍ സാമൂഹ്യ രാഷ്ട്രീയ ജനിതകത്തിന്റെ പരിച്ഛേദമാണ് ജവഹർ ലാൽ നെഹ്രു സർവകലാശാല (ജെഎന്‍യു). രാഷ്ട്രീയ, സാമൂഹിക, ശാസ്ത്ര, സാഹിത്യ, സാംസ്കാരിക മേഖലകളുടെ ഉന്നതങ്ങളിലേക്ക് നിരവധി പേരെ വാര്‍ത്തെടുത്ത കാമ്പസാണ് ജെഎന്‍യു. ഇന്ത്യയുടെ സാമൂഹിക‑രാഷ്ട്രീയാന്തരീക്ഷം പ്രക്ഷുബ്ധമോ പ്രക്ഷോഭഭരിതമോ ആയ എല്ലാ കാലത്തും അതിന്റെ അനുരണനങ്ങള്‍ അവിടെയുമുണ്ടായി. അവിടെ നിന്ന് ആവിര്‍ഭവിച്ച് രാഷ്ട്രമാകെ പടര്‍ന്ന പ്രക്ഷോഭങ്ങളുമുണ്ടായി. രണ്ടായിരത്തിന്റെ രണ്ടാം ദശകത്തില്‍ രണ്ടാം പകുതിയില്‍ രാജ്യമാകെ പടര്‍ന്ന ‘ഒക്കുപ്പൈ യുജിസി’ പ്രക്ഷോഭം ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ ആരംഭിച്ചാണ് രാജ്യത്തെ സര്‍വകലാശാലകളിലേക്കും തെരുവുകളിലേക്കും പടര്‍ന്നത്. 2014ല്‍ അധികാരമേറ്റ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഗവേഷണ വിദ്യാര്‍ത്ഥികളുടെ ഫീസ് നിരക്കില്‍ വര്‍ധന വരുത്തുന്നതിന് തീരുമാനിച്ചപ്പോഴായിരുന്നു പ്രസ്തുത പ്രക്ഷോഭം രൂപപ്പെട്ടത്. ഗവേഷണത്തിന് പ്രാമുഖ്യമുള്ള ജെഎന്‍യു ആ സമരത്തിന്റെ പ്രഭവകേന്ദ്രമായതിന് കാരണം ഇടതുവിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു അവിടെയുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ ഭരിച്ചിരുന്നത് എന്നതായിരുന്നു.

ജെഎന്‍യു ചരിത്രത്തില്‍ ഭൂരിഭാഗം കാലത്തും ചുവപ്പിനോടുള്ള അതിന്റെ ആഭിമുഖ്യം കാത്തുപോന്നിട്ടുമുണ്ട്. അതുകൊണ്ടുതന്നെ രാജ്യതലസ്ഥാനത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ജെഎന്‍യുവിനെ പ്രതിലോമ ശക്തികളും വലതു വര്‍ഗീയ ശക്തികളും എക്കാലത്തും ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഘട്ടത്തില്‍ ഡല്‍ഹിയിലെ പോരാട്ടങ്ങളെ പ്രചോദിപ്പിച്ച് നിന്ന ജെഎന്‍യുവിനെ ആയുധങ്ങളുമായി ആക്രമിച്ചാണ് സംഘ്പരിവാര്‍ ശക്തികള്‍ പ്രതികരിച്ചത്. ഭീരുക്കളായിരുന്നു എന്നതുകൊണ്ട് മുഖം മറച്ചും വേഷ പ്രച്ഛന്നരുമായെത്തിയായിരുന്നു ആക്രമണം. ഇടതുവിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് അന്ന് പരിക്കേറ്റത്. അതിന് ശേഷവും പലതവണ ആക്രമണങ്ങളും കുപ്രചരണങ്ങളും അഴിച്ചുവിട്ടു. സ്വതസിദ്ധമായ ഇടത്-പുരോഗമന മുഖം മാറ്റുന്നില്ലെന്ന് വന്നപ്പോഴാണ് സര്‍വകലാശാല അധികൃതരെ ഉപയോഗിച്ച് വിദ്യാര്‍ത്ഥി യൂണിയന്‍ തന്നെ വേണ്ടെന്നുവച്ചത്. 2020, 21 വര്‍ഷങ്ങളില്‍ കോവിഡ് കാരണമാക്കി. പിന്നീടുള്ള വര്‍ഷങ്ങളില്‍ കാരണങ്ങളില്ലാതെ മാറ്റിവച്ചു. തങ്ങള്‍ക്ക് പിടിച്ചെടുക്കാമെന്ന് ഉറപ്പായപ്പോള്‍ ഡല്‍ഹി സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പ് നടത്തിയപ്പോഴും ജെഎന്‍യുവിനെ പരിഗണിച്ചില്ല.


ഇതകൂടി വായിക്കൂ:രാഷ്ട്രീയ അധികാരം വിലയ്ക്കെടുക്കാന്‍ അനുവദിച്ചുകൂടാ


സാധാരണനിലയില്‍ സെപ്റ്റംബറിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. 2023 സെ­പ്റ്റംബറിലും അതുണ്ടായില്ലെന്ന് വന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിന്റെയും നിയമത്തിന്റെയും വഴി തേടി. മുഴുവന്‍ വിദ്യാര്‍ത്ഥി സംഘടനകളുടെയും യോഗം വിളിച്ചുവെങ്കിലും എബിവിപി മാത്രം വിട്ടുനിന്നു. എങ്കിലും വിദ്യാര്‍ത്ഥി സമരത്തിന് മുന്നില്‍ അധികൃതര്‍ കീഴടങ്ങി. അങ്ങനെയാണ് നാല് വര്‍ഷങ്ങള്‍ക്കുശേഷം മാര്‍ച്ച് 22ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നത്. പ്രക്രിയ ആരംഭിച്ചത് മുതല്‍ എബിവിപിയുടെ നേതൃത്വത്തില്‍ സര്‍വകലാശാല അധികൃതരെ കൂട്ടുപിടിച്ച് അട്ടിമറി ശ്രമങ്ങള്‍ പലവിധത്തില്‍ നടന്നു. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തി പ്രചരണവും പൂര്‍ത്തിയാക്കി വോട്ടെടുപ്പ് നടക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് ഇടതു വിദ്യാര്‍ത്ഥി സഖ്യം ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി സ്വാതി സിങ്ങിനെ അയോഗ്യയാക്കുന്ന അസാധാരണ നടപടി പോലുമുണ്ടായി. രാത്രിയോഗങ്ങള്‍ അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായി. അയോഗ്യയാക്കപ്പെട്ട ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ബാപ്സയുടെ പ്രതിനിധിയെ പിന്തുണയ്ക്കുകയായിരുന്നു ഇടതുസഖ്യം. എല്ലാ എതിര്‍പ്പുകളെയും നേരിട്ട് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണിയപ്പോള്‍ എഐഎസ്എഫ്, എസ്എഫ്ഐ, എഐഎസ്­എ, ഡിഎസ്എഫ് എന്നിവയടങ്ങിയ ഇടതു വിദ്യാര്‍ത്ഥി സഖ്യം തന്നെ വിജയക്കൊടി നാട്ടിയിരിക്കുന്നു. അഞ്ഞൂറോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലെ വിജയം. ഇടതുവിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ തന്നെയാണ് മറ്റ് സ്ഥാനങ്ങളില്‍ ഭൂരിപക്ഷവും കരസ്ഥമാക്കിയത്. ഇത്തവണ എന്തുവില കൊടുത്തും ജെഎന്‍യു പിടിച്ചടക്കുമെന്ന വലതുതീവ്ര ഹിന്ദുത്വ ശക്തികളുടെ പ്രഖ്യാപനങ്ങളും വെല്ലുവിളികളുമുണ്ടായിരുന്നതാണ്.

തെരഞ്ഞെടുപ്പിന് നീണ്ട ഇടവേളയെടുത്തും അധികൃതരെ ഉപയോഗിച്ച് ക്രമക്കേടുകളും വോട്ടവകാശം ഹനിക്കലുമൊക്കെ നടത്തിയും അട്ടിമറി നീക്കങ്ങളുണ്ടായി. അവയെല്ലാം അതിജീവിച്ചാണ് ഇത്തവണയും ജെഎന്‍യു അതിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചത്. രാജ്യത്താകെ വലതുതീവ്ര ഹിന്ദുത്വ ശക്തികള്‍ കടന്നാക്രമണങ്ങളും ഭരണകൂട ഒത്താശയോടെ പിടിച്ചടക്കലുകളും നടത്തുമ്പോഴാണ് ജെഎന്‍യു അതിന്റെ വ്യതിരിക്തത ധീരമായി കാത്തുസൂക്ഷിച്ചത്. വിദ്യാഭ്യാസരംഗമാകെ സ്വകാര്യവല്‍ക്കരിക്കുകയും കാവിവല്‍ക്കരിക്കുകയും ചെയ്യുന്നതിനും വര്‍ഗീയവല്‍ക്കരണത്തിലൂടെ രാജ്യാധികാരം ഉറപ്പിക്കുവാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ കലാപം കൊള്ളുന്ന കാമ്പസുകളില്‍ പ്രധാനപ്പെട്ടതാണ് ജെഎന്‍യു. അവിടെ ഇപ്പോഴും ചുവപ്പിന്റെ നിലനില്പ് വിളംബരം ചെയ്തുകൊണ്ട്, ഞായറാഴ്ച രാത്രി മുഴുവന്‍ സര്‍വകലാശാല കാമ്പസില്‍ ഡബ്ലി വാദ്യത്തിന്റെ അകമ്പടിയോടെ വിദ്യാര്‍ത്ഥികള്‍ വിജയാഹ്ലാദം നടത്തുകയായിരുന്നു. ഇന്ത്യ നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന ഈ കെട്ടകാലത്ത് ജെഎന്‍യു പ്രകാശിപ്പിക്കുന്നത് പ്രതീക്ഷയുടെ ചുവപ്പ് രശ്മികളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.