22 January 2026, Thursday

തൊഴിലുറപ്പ് പദ്ധതി അട്ടിമറി 43 ലക്ഷം കുടുംബങ്ങൾ പ്രതിസന്ധിയിലേക്ക്

ഡാലിയ ജേക്കബ്
ആലപ്പുഴ
December 17, 2025 9:02 pm

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം നടപ്പിലാകുന്നതോടെ സംസ്ഥാനത്ത് പ്രതിസന്ധിയിലാകുന്നത് 43 ലക്ഷം കുടുംബങ്ങൾ. 51 ലക്ഷം തൊഴിലാളികളെ ഇ‍ൗ നീക്കം പ്രതിക‍‍ൂലമായി ബാധിക്കും. ദാരിദ്ര്യമനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ തുച്ഛമായ വരുമാനം പോലും ഇല്ലാതാക്കുന്നതാണ് കേന്ദ്രത്തിന്റെ നടപടി. പേരിനൊപ്പം അടിസ്ഥാനഘടനയും സ്വഭാവവും പാടെ മാറ്റി പദ്ധതിയെ തകർക്കുകയാണ് ലക്ഷ്യമെന്ന് എൻആർഇജി വർക്കേഴ്സ് ഫെ‍ഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ അനിമോൻ പറഞ്ഞു. ഒരു വർഷം 100 തൊഴിൽ ദിനങ്ങളെങ്കിലും ഉറപ്പാക്കുന്നതാണ് ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ആവിഷ്കരിക്കപ്പെട്ട തൊഴിലുറപ്പ് പദ്ധതി. 

സംസ്ഥാനത്ത് 19.37 ലക്ഷം പേർ സജീവ തൊഴിലാളികളാണ് (ആക്ടീവ് വർക്കേഴ്സ്). അവസാന മൂന്നുവർഷത്തിനിടെ ഒരു ദിവസമെങ്കിലും തൊഴിലെടുത്തവരെയാണ് ഇ‍ൗ വിഭാഗത്തിൽ പരിഗണിക്കുന്നത്. 2025–26 സാമ്പത്തികവർഷം ശരാശരി 66.17 ദിവസമാണ് ഇതുവരെ കുടുംബങ്ങൾക്ക് തൊഴിൽ നൽകാനായത്. സംസ്ഥാനത്ത് ഒക്ടോബറിന് ശേഷം കൂലി ഇനത്തിൽ 826.9 കോടി രൂപയുടെ കുടിശികയുണ്ട്. തൊഴിൽദിനങ്ങൾ നൂറിൽ നിന്ന് 125 ആയി ഉയർത്തുമെന്നാണ് കേന്ദ്ര സർക്കാർ പുതിയ നിയമത്തിൽ പറയുന്നുന്നതെങ്കിലും നിലവിലുള്ള 100 ദിവസംപോലും എത്താനുള്ള സാധ്യത വിരളമാണെന്ന് എൻആർഇജി വർക്കേഴ്സ് ഫെ‍ഡറേഷൻ (എഐടിയുസി) സംസ്ഥാന ജനറൽ സെക്രട്ടറി എസ് വേണുഗോപാൽ പറഞ്ഞു. 2014 മുതൽ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. 

തൊഴിലാളികൾ പദ്ധതിയിൽ നിന്ന് കൊഴിഞ്ഞ് പോകുന്നതിന് വേണ്ടി കൂലി ഇനത്തിൽ ഇടയ്ക്കിടെ കുടിശിക വരുത്തുകയും തൊഴിലുറപ്പ് പദ്ധതിയിൽ അശാസ്ത്രീയമായ രീതികൾ നടപ്പിലാക്കി തൊഴിൽ പിന്നാക്കം പോകാൻ കേന്ദ്ര സർക്കാർ പരിശ്രമിച്ചുകൊണ്ടേയിരുന്നു. പദ്ധതിയെ നീർവീര്യമാക്കാൻ കേന്ദ്ര സർക്കാർ ശ്രമം നടത്തുമ്പോഴും പദ്ധതിയുടെ ലക്ഷ്യങ്ങൾ സംരക്ഷിച്ച് തൊഴിലാളികളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു സംസ്ഥാന സർക്കാർ. സംസ്ഥാനത്തിന് അനുവദിക്കുന്ന തൊഴിൽ ദിനങ്ങൾ പടിപടിയായി കുറയ്ക്കാനും ശ്രമങ്ങൾ നടത്തി. സംസ്ഥാനത്തിന് 2021–22 സാമ്പത്തിക വർഷത്തേക്ക് 7.5 കോടി തൊഴിൽദിനങ്ങൾ അടങ്ങിയ ലേബർ ബജറ്റും 2022–23 മുതൽ 2024–25 വരെ ആറ് കോടി തൊഴിൽദിനങ്ങൾ അടങ്ങിയ ലേബർ ബജറ്റും 2025–26ൽ അഞ്ച് കോടി തൊഴിൽദിനങ്ങൾ അടങ്ങിയ ലേബർ ബജറ്റുമാണ് അംഗീകരിച്ചു നൽകിയിരുന്നത്. തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ സംസ്ഥാനം കൈവരിച്ച പുരോഗതി കണക്കിലെടുത്ത് തൊഴിലുറപ്പ് നിയമത്തിലെ ഗ്യാരന്റി വ്യവസ്ഥ പ്രകാരം 2021–22 സാമ്പത്തിക വർഷം ലേബർ ബജറ്റ് 10 കോടിയായും 2022–23 ൽ 9.5 കോടിയായും 2023–24 ൽ 10.5 കോടിയായും തൊഴിൽദിനങ്ങൾ വർധിപ്പിച്ചു തരാൻ കേന്ദ്രം നിർബന്ധിതമാവുകയായിരുന്നു.
10 കോടി തൊഴിൽ ദിനങ്ങൾ അനുവദിച്ചപ്പോൾ കേരളം നൽകിയത് 10. 59 കോടി തൊഴിൽ ദിനങ്ങളാണ്. എന്നാൽ 2024–25 സാമ്പത്തിക വർഷം ലേബർ ബജറ്റ് പുതുക്കുന്നതിന് പലതവണ കേന്ദ്രത്തെ സമീപിച്ചു എങ്കിലും സംസ്ഥാനത്തിന് അനുകൂലമായ തീരുമാനം കേന്ദ്രസർക്കാർ കൈകൊണ്ടില്ല. ആറ് കോടി തൊഴിൽ ദിനങ്ങൾ അനുവദിച്ചപ്പോൾ സംസ്ഥാനം നൽകിയത് 9.07 കോടി തൊഴിൽ ദിനങ്ങളാണ്. അഞ്ച് കോടി തൊഴിൽ ദിനങ്ങൾ അനുവദിച്ച സ്ഥാനത്ത് ഈ വർഷം ഇതനകം തന്നെ 5.53 കോടി തൊഴിൽ ദിനങ്ങൾ സംസ്ഥാനം നൽകിക്കഴിഞ്ഞു. പുതുതായി കൊണ്ടുവരുന്ന മാറ്റങ്ങൾ സംസ്ഥാനത്തെ തൊഴിലുറപ്പിനെ തകർത്ത് തൊഴിൽ നഷ്ടമാക്കുമോയെന്ന ആശങ്കയിലാണ് തൊഴിലാളികൾ. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.