
അതിഥി തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷയും വേതനവും ഉറപ്പാക്കണമെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ. കൃത്യമായ വേതനം ലഭിക്കുന്നതിനും സാമൂഹിക സുരക്ഷയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകുന്നതിനും ശരിയായ നിയമ നിർമ്മാണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം സി അച്യുതമേനോൻ ഹാളിൽ നടന്ന നാഷ്ണൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ ഓഫ് കേരളയുടെ സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടന ഒരോ പൗരനും ജീവിക്കാനും ഇഷ്ടമുള്ള തൊഴിലെടുക്കാനും അവകാശം നൽകുന്നതുപോലെ അതിഥി തൊഴിലാളികളുടെ തൊഴിൽ മേഖലകളിലെല്ലാം അവരുടെ സുരക്ഷ ഉറപ്പാക്കണം. തോട്ടം മേഖല, നിർമ്മാണ മേഖല,ഹോട്ടൽ-റസ്റ്റോറന്റ് മേഖല,ബാർബർ ഷോപ്പ്,പെട്രോൾ പമ്പുകൾ തുടങ്ങി എല്ലാ തൊഴിൽ മേഖലയിലും ഉൽസാഹം പൂർവം പണിയെടുക്കുന്നവാരാണ് അതിഥി തൊഴിലാളികൾ. ലക്ഷകണക്കിന് അഥിതി തൊഴിലാളികൾ ജീവിക്കാനായി കേരളത്തിൽ എത്തുകയും വിവിധ തൊഴിലുകളെടുത്ത് കുടുംബം പുലർത്തുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ തന്നെ കുടുംബമായി ജീവിക്കുന്ന നിരവധി പേരുണ്ട്. ഇവരുടെ ആരോഗ്യവും മക്കളുടെ പഠനവും മെച്ചപ്പെട്ടതാക്കാൻ ഇടതുപക്ഷ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾക്ക് റേഷൻ കാർഡുകൾ വിതരണം ചെയ്തതിലൂടെ ഭക്ഷ്യസുരക്ഷയും സർക്കാർ ഉറപ്പ് വരുത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. തൊഴിലിടങ്ങളിൽ നിന്നും നേരിടുന്ന ചൂഷണങ്ങൾ തടയാനും അപകടം പറ്റിയാൽ ഇൻഷുറൻസ് പരിരക്ഷയും ചികിൽസാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ എഐടിയുസിയുടെ ഉന്നതനായ നേതാവായിരുന്ന അന്തരിച്ച വാഴൂർ സോമൻ എംഎൽഎയെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം തൊഴിലാളികൾക്കായി തോട്ടം മേഖലകളിലടക്കം ആംബുലൻസ് സർവീസ് ആരംഭിക്കുന്നതിന് സമ്മേളനം തീരുമാനിച്ചു. 2026 ജനുവരിയിൽ തൃശൂരിലെ തൃപ്പയാറിൽ സംസ്ഥാന സമ്മേളനം നടത്തുവാനും സമ്മേളനം തീരുമാനിച്ചു. നാഷ്ണൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ ഓഫ് കേരളയുടെ സംസ്ഥാന ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുത്തു. പ്രസിഡന്റായി അഡ്വ. ജോർജ് തോമസിനെയും ജനറൽ സെക്രട്ടറിയായി അഡ്വ.ബിനു ബോസിനെയും തെരഞ്ഞെടുത്തു. സമ്മേളനത്തിൽ അഡ്വ.ബിനു ബോസ് റിപ്പോർട്ട് അവതരിപ്പിച്ചു. പി കെ ജോഷി സ്വാഗതം പറഞ്ഞു. എഐടിയുസി ജില്ലാ സെക്രട്ടറി കെ എൻ ഗോപി, ദേശീയ കൗൺസിലംഗം അനീഷ് സക്കറിയ,സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗങ്ങളായ രാജേഷ് കാവുങ്കൽ,അഷ്റഫ് വയലത്ത്,എം പി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പി ജി അനിൽകുമാർ നന്ദി രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.