
ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പകർച്ചവ്യാധികളെ നേരിടാൻ ലോകത്തെ സജ്ജമാക്കുന്നതിനുള്ള കരാറിന്റെ കരട് രേഖ അംഗരാജ്യങ്ങൾ അംഗീകരിച്ചതായി ലോകാരോഗ്യ സംഘടന. 2020–22ൽ കോവിഡ്-19 ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയതിനുശേഷം, പുതിയ രോഗകാരികൾക്കെതിരായ ലോകത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുക എന്നതാണ് കരാറിന്റെ ലക്ഷ്യം. മേയ് മാസത്തിൽ നടക്കുന്ന ലോകാരോഗ്യ അസംബ്ലിയുടെ നയരൂപീകരണ യോഗത്തിൽ കരാറിലെ നിർദേശം പരിഗണിക്കും. മൂന്ന് വർഷത്തിലേറെ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങള്‍ കരാറിലെത്തിയിരിക്കുന്നത്. മഹാമാരികളിൽ നിന്ന് ലോകത്തെ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളിൽ ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങൾ ഒരു പ്രധാന ചുവടുവയ്പ്പ് നടത്തിയെന്ന് ആരോഗ്യ സംഘടന പ്രസ്താവനയിൽ പറഞ്ഞു. പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികളും മുൻകരുതലും ആഗോള സഹകരണവും ഈ കരാറിൽ പ്രതിപാദിക്കുന്നു. യുഎസ് നൽകി വന്നിരുന്ന വിദേശ ധനസഹായം കുത്തനെ വെട്ടിക്കുറച്ചതിന്റെ ഫലമായി പ്രതിസന്ധികൾ നേരിടുന്നസമയത്ത് ലോകാരോഗ്യ സംഘടനയുടെ വിജയമായി ഈ കരാര്‍ വിലയിരുത്തപ്പെടുന്നു.
പകർച്ചവ്യാധി പ്രതിരോധത്തിനായി ആഗോള വിതരണ ശൃംഖലയും ലോജിസ്റ്റിക്സ് ശൃംഖലയും സ്ഥാപിക്കുന്നതിനുമുള്ള നിര്‍ദേശം കരട് രേഖയിലുണ്ട്. വികസ്വര രാജ്യങ്ങളിലേക്ക് മെഡിക്കൽ സാങ്കേതികവിദ്യകൾ കൈമാറുന്നത് സംബന്ധിച്ചാണ് പ്രധാനമായും തര്‍ക്കം നിലനിന്നിരുന്നത്. വന്‍കിട ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങളുള്ള രാജ്യങ്ങൾ നിർബന്ധിത സാങ്കേതിക കൈമാറ്റമെന്ന ആശയത്തെ ശക്തമായി എതിർത്തുപോന്നിരുന്നു. കോവിഡ് സമയത്ത് സമ്പന്ന രാജ്യങ്ങൾ വാക്സിനുകളും പരിശോധനാ കിറ്റുകളും പൂഴ്ത്തിവയ്ക്കുന്നുവെന്ന് വികസ്വര രാജ്യങ്ങൾ ആരോപണം ഉയര്‍ത്തിയിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ലൈസൻസിങ് കരാറുകൾ, അനുകൂലമായ ധനസഹായ വ്യവസ്ഥകൾ എന്നിവയിലൂടെ സാങ്കേതിക കൈമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് കരട് രേഖയില്‍ പറയുന്നു. എന്നാൽ ഏതൊരു കൈമാറ്റവും “പരസ്പരം അംഗീകരിക്കപ്പെടണം” എന്ന ഉപാധിയും ആര്‍ട്ടിക്കിള്‍ 11ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.