ജനങ്ങളെയും അവരുടെ ജീവനോപാധികളും സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ദേശീയ പ്രക്ഷോഭം ആരംഭിക്കാന്‍ കേന്ദ്ര തൊഴിലാളി സംഘടനകളുടെയും സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും ദേശീയ കണ്‍വെന്‍ഷന്‍ തീരുമാനം.
പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് ലഖിംപൂര്‍ഖേരി കര്‍ഷക കൂട്ടക്കൊലയുടെ വാര്‍ഷിക ദിനമായ ഒക്ടോബര്‍ മൂന്നിന് ദേശീയ കരിദിനമായി ആചരിക്കും. കൂട്ടക്കൊലയുടെ ഗൂഢാലോചനയില്‍ പങ്കാളിയെന്നാരോപിക്കപ്പെട്ട കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കരിദിനാചരണം.
നവംബര്‍ 26 മുതല്‍ 28 വരെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും രാജ്ഭവനുകള്‍ക്ക് മുന്നില്‍ രാപ്പകല്‍ സത്യഗ്രഹം സംഘടിപ്പിക്കും. 2020ല്‍ നടന്ന ദേശീയ തൊഴിലാളി പണിമുടക്കിന്റെയും ഐതിഹാസിക കര്‍ഷക പ്രക്ഷോഭത്തിന് ആരംഭം കുറിച്ചതിന്റെയും വാര്‍ഷികദിനമാണ് നവംബര്‍ 26.
ഈ വര്‍ഷം ഡിസംബര്‍, അടുത്ത വര്‍ഷം ജനുവരി മാസങ്ങളില്‍ തൊഴിലാളി-കര്‍ഷക ജനതയുടെ ദേശവ്യാപക സംയുക്ത പ്രക്ഷോഭം നടത്തുന്നതിനും തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. 21 അവകാശങ്ങള്‍ അടങ്ങിയ പ്രഖ്യാപനം കണ്‍വെന്‍ഷന്‍ അംഗീകരിച്ചു.
കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരുകള്‍ തൊഴിലാളി-കര്‍ഷക-ജനവിരുദ്ധ നയങ്ങളാണ് നടപ്പിലാക്കുന്നതെന്നും ഇത് രാജ്യതാല്പര്യത്തിനെതിരാണെന്നും പ്രഖ്യാപനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ക്കുകയും സാധാരണ ജനജീവിതം ദുഃസഹമാക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനും ഭരണ പരാജയം മറച്ചുവയ്ക്കുന്നതിനും വിദ്വേഷങ്ങള്‍ സൃഷ്ടിച്ചും വെറുപ്പ് ഉല്പാദിപ്പിച്ചും ജനങ്ങളെ ഭിന്നിപ്പിച്ചും മുന്നോട്ടുപോകുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ എല്ലാ ജനവിഭാഗങ്ങളുടെയും യോജിച്ച പോരാട്ടം അനിവാര്യമായിരിക്കുന്നുവെന്ന് കണ്‍വെന്‍ഷന്‍ വ്യക്തമാക്കി.
എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍ പ്രഖ്യാപനം അവതരിപ്പിച്ചു. കിസാന്‍സഭ ജനറല്‍ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ജാന്‍, തപന്‍ സിങ് (സിഐടിയു), അശോക് സിങ് (ഐഎന്‍ടിയുസി), ഹര്‍ഭജന്‍ സിങ് സിദ്ധു (എച്ച്എംഎസ്), മണാലി ഷാ (സേവ) തുടങ്ങിയവര്‍ സംസാരിച്ചു.
ആയിരക്കണക്കിന് തൊഴിലാളികളും കര്‍ഷകരും പങ്കെടുത്ത കണ്‍വെന്‍ഷനില്‍ കേന്ദ്ര തൊഴിലാളി സംഘടനകളുടെയും കര്‍ഷക സംഘടനകളുടെയും നേതാക്കളായ ബന്ത് സിങ് ബ്രാര്‍, സത്നാംസിങ് ഭേരെ (എഐടിയുസി), കെ ഹേമലത, ആര്‍ ചന്ദ്രശേഖര്‍ (സിഐടിയു), സഞ്ജയ് സിങ്, ഭൂട്ടാസിങ് ബുര്‍ജ്ഗില്‍ (ഐഎന്‍ടിയുസി), മുകേഷ് ഗാലക്, തേജീന്ദര്‍ സിങ് (എച്ച്എംഎസ്) തുടങ്ങിയവര്‍ പ്രസീഡിയമായി പ്രവര്‍ത്തിച്ചു.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.