8 December 2025, Monday

Related news

December 7, 2025
December 7, 2025
December 7, 2025
December 6, 2025
December 6, 2025
December 5, 2025
December 4, 2025
December 4, 2025
December 4, 2025
December 3, 2025

എസ്കോബാറിന്റെ ഓര്‍മ്മകള്‍ക്കിടെ വേദനയായി ജോട്ടയും

പന്ന്യൻ രവീന്ദ്രൻ
കളിയെഴുത്ത്
July 6, 2025 10:19 pm

ഫുട്‌ബോൾ ലോകത്ത് ദുഃഖത്തിന്റെയും വേദനയുടെയും ഓർമ്മകൾ ബാക്കിവച്ചാണ് ലിവർപൂൾ താരം ഡിയാഗോ ജോട്ട മടക്കയാത്രയായത്. പോർച്ചുഗലിന്റെയും ലിവർപൂളിന്റെയും വിശ്വസ്ത ഭടനാണ് ജോട്ട. വാഹനാപകടത്തിലാണ് ജോട്ടയുടെയും സഹോദരൻ ആന്ദ്രെ സിൽവയുടെയും അപകടമരണം. ഫുട്‌ബോൾ മത്സരങ്ങൾ നടക്കുന്ന സീസണിൽ തന്നെ നടന്ന അപകടമരണം എല്ലാവരെയും വല്ലാതെ വേദനിപ്പിച്ചു. 20-ാം നമ്പർ ജേഴ്സിയിൽ അപകടകരമായ നീക്കത്തിലൂടെ എതിരാളികളെ അമ്പരപ്പിച്ചും വിജയമൊരുക്കുന്ന ജോട്ട അപകടകാരിയാണ്. ലിവർപൂൾ കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് കിരിടം സ്വന്തമാക്കുന്നതിൽ 20-ാം നമ്പറുമായി ജോട്ടെ നിർണായക പങ്കുവഹിച്ചു. വോൾവ്സിൽ നിന്ന് 2020ലാണ് ലിവർപൂളിലെത്തിയത്. ലിവറിൽ അഞ്ച് വർഷമായി ബൂട്ട് കെട്ടിയ ജോട്ട പ്രീമിയർ ലീഗിലെയും എഫ്എ കപ്പിലെയും ലീഗ് കപ്പിലെയും വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. പ്രീമിയർ ലീഗിൽ ആഴ്സണലിനെതിരെ അരങ്ങേറ്റം കുറിച്ചത് ഗോളടിച്ചു കൊണ്ടാണ്. ലിവർപൂളിന് വേണ്ടി 182 മത്സരങ്ങളിൽ 65 ഗോൾ നേടി. സഹകളിക്കാർക്ക് പ്രിയങ്കരനായ ജോട്ട ഇനിയും നിരവധി വർഷം മൈതാനത്തെ ത്രസിപ്പിക്കുവാൻ കഴിവുള്ളതാരമാണ്. ഇനി മുതൽ ജോട്ട ഉപയോഗിച്ച 20-ാം നമ്പര്‍ ജേഴ്സി ഇനി മുതൽ ഉപയോഗിക്കില്ലെന്ന് ലിവർപൂൾ പ്രഖ്യാപിച്ചു. ഫുട്‌ബോൾ ജനകീയ കായിക വിനോദമാണ്. ഓരോകളിക്കാരനും ജനങ്ങളുടെ മനസിൽ ഇടമുണ്ട്. അദ്ദേഹത്തിന്റെ അപകടമരണം ഫുട്‌ബോൾ ലോകത്തിന് മായാത്ത വ്യഥതന്നെയാണ്.

ഫുട്‌ബോൾ ലോകത്തിന് മറക്കാൻ കഴിയാത്ത ഒരു ഭീകര ആക്രമണമായ എസ്കോബാർ എന്ന കൊളംബിയൻ ഡിഫന്ററെ വെടിവച്ചു കൊന്നതിന്റെ 31-ാം വാർഷികമായിരുന്നു കടന്നു പോയത്. 94ലാണ് സംഭവം. അമേരിക്കൻ ലോകകപ്പിൽ അമേരിക്കയോട് മത്സരിക്കുന്നത്. ഒരു ഗോൾ ലീഡുമായി കൊളംബിയയാണ് മുന്നിൽ നിൽക്കുന്നത്. അമേരിക്കൻ മുന്നേറ്റക്കാരെ തടയുന്നതിനിടയിൽ ഡിഫന്ററായ എസ്കോബാറിന് പിഴച്ചു. പന്ത് സ്വന്തം പോസ്റ്റിൽ, കളി തോറ്റു. കൊളംബിയ അത്തവണ മികച്ച ടീമും കപ്പ് നേടാൻ പോലും സാധ്യത കൽപ്പിച്ചിരുന്നവരുമായിരുന്നു. എസ്ക്കോബാർ മികച്ച ഡിഫന്ററുമാണ്. അതോടെ കൊളംബിയ പുറത്തായി. അമേരിക്ക വിജയമാഘോഷിച്ചു. ഫുട്‌ബോളിൽ പിഴവുകൾ പലപ്പോഴും വന്നുപോകാറുണ്ട്. നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. ഈ സംഭവം കൊളംബിയ ടീമിന് വലിയ ഷോക്കായി. അവിടെ ടീമുകളുടെ ആരാധകരായ വാതുവയ്പുകാർ ധാരാളമുള്ള സ്ഥലമാണ്. കോടികളാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്. അവിടെ ചില പ്രശ്നങ്ങളുണ്ടാക്കാൻ അവർ ശ്രമിച്ചിരുന്നു. ടീം നാട്ടിൽ തിരിച്ചെത്തി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ എസ്കോബാർ സുഹൃത്തുക്കളോടൊപ്പം സായാഹ്‌ന യാത്രയിൽ ഒരു ബാറിൽ കയറി ആഘോഷത്തിലായിരുന്നു. അപ്പോഴാണ് സൗഹൃദം നടിച്ചു വന്ന അക്രമികൾ എസ്കോബാറിന്റെ ശരീരത്തിൽ ഒരുഡസൻ വെടിയുണ്ടകൾ ഉതിർത്തത്. അവർ ആക്രോശിച്ചു, നമ്മുടെ രാജ്യത്തെ ഒരു സെൽഫ് ഗോളിന് തോൽപ്പിച്ചവന് ഒരു ഡസൻ വെടിയുണ്ടകൾ കൊടുത്തു. ആ സംഭവത്തിന്റെ 31-ാം വാർഷികമാണ് കഴിഞ്ഞ ആഴ്ചയിൽ ആചരിച്ചത്. അതിന് തുടർച്ചയായിട്ടാണ് ജോട്ടയുടെ ദാരുണമായ അപകടവും നടന്നത്.

ഇന്ന് നിലവിലുള്ള ലോകതല മത്സരങ്ങൾക്ക് പുറമെ മറ്റൊരു ലോക മത്സരം കൂടി നടത്തുവാൻ ഫിഫ തീരുമാനിച്ചിരിക്കുകയാണ്. ഫിഫാകപ്പ്, ലോകമാകെയുള്ള ക്ലബ്ബുകൾക്ക് പ്രാതിനിധ്യമുള്ള പഴയകാല മേജർ മത്സരങ്ങളാണല്ലോ. ഇതിന് പുറമെയാണ് ഇപ്പോൾ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പ്. ഇതിൽ ക്ലബ്ബുകളുടെ മത്സര വിജയികളെ മേഖലയിൽ നിന്നും ചേർത്ത് നടത്തുന്നതാണ്. ഇതിന് പുറമെയാണ് ഫിഫ കോൺഫെഡറേഷൻ കപ്പിന് തീരുമാനിച്ചത്. മൊത്തം എട്ട് ടീമുകളാണ് മത്സരത്തിൽ പങ്കാളികളാകുക. നാലുവർഷം കൂടുമ്പോഴാണ് മത്സരങ്ങൾ നടക്കുക. 2022ലെ ലോകകപ്പ് ജേതാക്കളായ അർജന്റീന, യൂറോ ചാമ്പ്യൻസായ സ്പെയിൻ, നാഷണൽ ലീഗ് ചാമ്പ്യൻസ് പോർച്ചുഗൽ, കോപ്പ അമേരിക്ക ഫൈനലിസ്റ്റ് കൊളംബിയ, ഗോൾഡ് കപ്പ് വിജയി മെക്സിക്കോ, ഏഷ്യൻ കപ്പ് വിജയി ഖത്തർ, ആഫ്കോ വിന്നേഴ്സ് ഐവറി കോസ്റ്റ്, ഒഎഫ്‌സി നാഷണൽ കപ്പ് വിന്നർ ന്യൂസിലാന്‍ഡ് ഏന്നീ വിജയികളാണ് പരസ്പരം കൊമ്പുകോർക്കുക. 2026ൽ ഫിഫാ കപ്പിന്റെ ക്വാളിഫയിങ് മത്സരങ്ങൾ കഴിഞ്ഞു മത്സരാർത്ഥികളായ രാജ്യങ്ങളെ തീരുമാനിച്ചതിന് ശേഷമുള്ള ഇടവേളയിലാണ് എട്ടു ജേതാക്കൾ പങ്കെടുക്കുന്ന കോൺഫെഡറേഷൻ മത്സരങ്ങൾ നടക്കുക.

 

പൊങ്ങച്ചം കൊണ്ട് രക്ഷപ്പെടില്ല

2026ൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ വിമൻസ് കപ്പിൽ പങ്കെടുക്കുവാൻ ഇന്ത്യൻ വനിതകൾ അർഹരായിരിക്കുന്നു എന്ന സന്തോഷവാർത്ത നമ്മെ തേടിയെത്തിരിക്കുന്നു. ഓസ്ട്രേലിയയ്ക്കെതിരെ മിന്നും ജയമാണ് ഇന്ത്യൻ പെൺപട നേടിയെടുത്തത്. പുരുഷ ഫുട്‌ബോളിൽ തോൽവിയുടെ കഥമാത്രം പറയാറുള്ള ഇന്ത്യ ഇപ്പോഴും റാങ്കിങ്ങിൽ താഴെയായിപോവുകയാണ്. ഇപ്പോൾ കോച്ചിനെ അന്വേഷിച്ചു വാട്സ് അപ്പിലൂടെ പരസ്യം കൊടുക്കുകയാണ്. പുതിയ സ്പോർട്സ് പോളിയുടെ പ്രസ്താവന കൊണ്ടോ പൊങ്ങച്ചം കൊണ്ടോ ഇന്ത്യൻ ഫുട്ബോൾ രക്ഷപ്പെടുമെന്ന് കരുതരുത്.

 

ഒത്തൊരുമിച്ചാലെ വിജയവും പോരൂ…

ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ അവസാന നാലിൽ ഇടംകിട്ടിയത് പിഎസ്ജി, റയൽ മാഡ്രിഡ്, ചെൽസി, ഫ്ലുമിനെൻസെ ടീമുകള്‍ക്കാണ്. കളിയുടെ തുടക്കം മങ്ങിയാണെങ്കിലും ക്വർട്ടറിലെത്തിയപ്പോൾ ആവേശം വിതറിതുടങ്ങി. പിഎസ്ജിയും റയൽ മാഡ്രിഡും കണിശമായി ഓരോകളിയിലും മുന്നേറിയപ്പോൾ പിടിച്ചു നിന്നത് ബ്രസീൽ ടീമുകളാണ്. അവസാന നാലിൽ എത്തിയത് ഫ്ലുമിനെൻസെ മാത്രമാണ്. ചെൽസിയും നന്നായി ശ്രദ്ധിച്ചു മുന്നേറി. ജൂലൈ ഒമ്പത് മുതൽ സെമിഫൈനൽ പടയോട്ടം തുടങ്ങും.

മെസിയെന്ന ലോകചാമ്പ്യന്റെ ടീമിന്റെ പരാജയം അമ്പരപ്പിക്കുന്നതാണ്. മത്സരത്തിന്റെ തുടക്കം മുതൽ ആരാധകലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകതാരം നിസഹായനായ ദുരവസ്ഥ കാണാനുള്ള മനക്കരുത്ത് ആരാധകർക്ക് ഇല്ലായിരുന്നു. ഇന്റർ മിയാമിയുടെ തകർച്ച രണ്ട് ജോഡി ഗോളുകൾക്കാണ്. നാല് ഗോളുകൾക്ക് തകരുമ്പോഴും മെസിക്ക് നിസഹായരായി നോക്കി നിൽക്കാനെകഴിഞ്ഞുള്ളു. ഓരോകളിക്കാരനും അയാളുടെ കഴിവു വിനിയോഗിച്ചും എല്ലാ കളിക്കാരും ചേർന്നും നടത്തുന്ന നിയന്ത്രിത മത്സരമാണ് ഗെയിമാകുന്നത്. ഇവിടെ മെസി ഒഴിച്ചുള്ള കളിക്കാരെല്ലാം ശരാശരിക്കും താഴെയായിരുന്നു.

 

കേരള ക്രിക്കറ്റ് സ്റ്റോറി…

കേരള ക്രിക്കറ്റ് അസോസിയേഷൻ ഇത്തവണ നടത്താൻ പോകുന്ന സീസൺ രണ്ടിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ മത്സരങ്ങൾക്ക് ജനങ്ങളുടെ പങ്കാളിത്തം വ്യക്തമായിരുന്നു. പഴയകാല ക്രിക്കറ്റ് പെരുമ തലശേരി വഴി കേരളത്തിൽ വ്യാപിച്ചപ്പോഴും നമുക്ക് ചൂണ്ടിക്കാട്ടാനുള്ള താരങ്ങളും ക്ലബ്ബുകളും വളരെ ചുരുക്കമായിരുന്നു. കഴിഞ്ഞ വർഷം നടന്ന കെസിഎൽ മത്സരങ്ങൾ നിരവധി കളിക്കാരെയും ആരാധകരെയും ആകർഷിച്ചു. രഞ്ജി ട്രോഫി പോലുള്ള മത്സരങ്ങളിൽ കളിക്കുന്ന പതിവ് ശീലത്തിൽ മുന്നോട്ടു പോയിരുന്ന കേരള കളിക്കാർക്ക് കെസിഎൽ മത്സരങ്ങളുടെ ഒന്നാം പതിപ്പ് പ്രചോദനമായി. പുതിയ താരങ്ങൾക്കും ക്ലബ്ബുകൾക്കും പങ്കാളിത്തം വന്നു. മുൻപ് ശ്രീശാന്തിന്റെ ലോകക്രിക്കറ്റ് പെർഫോമൻസ് വിദ്യാർത്ഥികളെ കുറെയെറെ സ്വാധീനിച്ചിരുന്നു. സഞ്ജു സാംസണാണ് പിന്നീട് നമ്മുടെ നാടിന് ഹരമായത്. എന്നാൽ സെലക്ടർമാരുടെ പാർഷ്വാലിറ്റി സഞ്ജുവിന്റെ യാത്രയിൽ തടസം സൃഷ്ടിച്ചു. എന്നാൽ ഇപ്പോൾ കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തിയ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടൽ കേരളത്തിലെ ക്രിക്കറ്റ് താരങ്ങൾക്കു വലിയ പ്രചോദനമായി. കഴിഞ്ഞ തവണ നടന്ന മത്സരത്തിന്റെ റിസൾട്ട് നോക്കിയാൽ അത് മനസിലാകും.

ഫ്രാഞ്ചൈസികളെ സംഘടിപ്പിച്ചു ആറുടീമുകളെ രംഗത്തിറക്കി കളിക്കാർക്കും കാണികൾക്കും ആവേശമായി. ഇത്തവണത്തെ ഒരുക്കത്തിന്റെ ഭാഗമായി ഫ്രാഞ്ചൈസികൾ കളിക്കാരെ ലേലത്തിലെടുത്തു കഴിഞ്ഞു. കേരളീയരുടെ സ്വന്തം സഞ്ജു സാംസൺ ബ്ലൂടൈഗേഴ്സിന്റെ ഭാഗമായിരിക്കുകയാണ്. കൊല്ലം സെയ്‌ലേഴ്സ് വിഷ്ണു വിനോദിനെയും ജലജ് സക്‌സേന ആലപ്പി റിപ്പിൾസിലും, ആനന്ദ് കൃഷ്ണൻ തൃശൂർ ടൈറ്റന്‍സിലും അബ്ദുൾ ബാസിത് ട്രിവാൻഡ്രം റോയൽസിലും കളത്തിൽ എത്തും. ആറുടീമുകളും വാശിയോടെ രംഗത്ത് വരുമെന്നതിന്റെ സൂചനയാണ് വന്നു കഴിഞ്ഞത്. താരലേലത്തോടെ തയ്യായാറെടുപ്പിന് തുടക്കമായി. തിരുവനന്തപുരം ഇനി ക്രിക്കറ്റ് കളിയുടെ പ്രധാന കേന്ദ്രമാവുകയാണ്. വിഖ്യാത നടൻ മോഹൻലാൽ ആണ് ബ്രാൻഡ് അംബാസിഡർ.

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.