26 December 2024, Thursday
KSFE Galaxy Chits Banner 2

അസഭ്യവര്‍ഷം: നടൻ ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്‍കി മാധ്യമപ്രവർത്തക,പരാതിയുടെ പൂര്‍ണരൂപം

Janayugom Webdesk
കൊച്ചി
September 23, 2022 8:59 pm

നടൻ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസിൽ പരാതി നൽകി മാധ്യമപ്രവർത്തക. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അസഭ്യവർഷം നടത്തിയെന്നും കാണിച്ചാണ് മാധ്യമപ്രവർത്തക മരട് പൊലീസിലും വനിതാ കമ്മിഷനിലും പരാതി നൽകിയത്. നടനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രമായ ‘ചട്ടമ്പി‘യുടെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്ന ശ്രീനാഥ് ഭാസി തെറി വിളിച്ചെന്നും ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.

സംഭവത്തില്‍ ഇടപെട്ട സിനിമ നിര്‍മാതാവിനോട് ശ്രീനാഥ് അക്രമാസക്തനായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. പരസ്യമായി സ്ത്രീത്വ അപമാനിച്ച ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കണം എന്ന് മാധ്യമപ്രവര്‍ത്തക പരാതിയിൽ പറയുന്നു. മരട് പൊലീസിന് ആണ് പരാതി നൽകിയത്. പ്രസിദ്ധീകരണയോഗ്യമല്ലാത്ത വിധത്തിലുള്ള കടുത്ത അശ്ലീലഭാഷയാണ് ശ്രീനാഥ് ഭാസി ഉപയോഗിച്ചത്.

പരാതി ഇങ്ങനെ:

ആദ്യത്തെ ചോദ്യത്തിന് ടിയാന്‍ വ്യക്തമായ ഉത്തരം തന്നില്ലെങ്കിലും രണ്ടാമത്തെ ചോദ്യമായ വീട്ടിലാരാണ് ചട്ടമ്പി എന്നതിന് മറുപടിയായി ഉത്തരം തന്നെങ്കിലും നിങ്ങള്‍ പ്ലാസ്റ്റിക് ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും ഇത്തരത്തില്‍ ഇന്റര്‍വ്യൂവിന് ഇരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറയുകയുണ്ടായി. ഇപ്രകാരമുള്ള മറുപടി അന്ധാളിപ്പുണ്ടാക്കി എങ്കിലും ഞാനും എന്റെ സഹപ്രവര്‍തകരും തുടര്‍ന്നു. അടുത്ത ചോദ്യത്തോടുകൂടെ ടിയാന്‍ യാതൊരു പ്രകോപനവും മര്യാദയും പാലിക്കാതെ ഞാന്‍ സ്ത്രീയാണെന്നും ടി ഇന്റര്‍വ്യൂ ആണ് നടക്കുന്നതെന്നും പരിഗണിക്കാതെ ഇതുപോലുള്ള .….. ചോദ്യങ്ങള്‍ ചോദിക്കരുതെന്നും പറഞ്ഞ് ആക്രോശിക്കുകയും
ക്യാമറ ഓണ്‍ ആണെന്നുള്ള ബോധ്യം വന്നതിനാല്‍ അതിനു മുതിരാതെ ഞങ്ങളുടെ ക്യാമറാമാനോട് ക്യാമറ ഓഫ് ചെയ്യാന്‍ ആക്രോശിച്ചു. അതിനു ശേഷം ക്യാമറ ഓഫ് ചെയ്യടാ .… എന്നും പറഞ്ഞ് ക്യാമറ നിര്‍ബന്ധപൂര്‍വ്വം ഓഫ് ചെയ്തിപ്പിക്കുകയായിരുന്നു. ക്യാമറ ഓഫ് ചെയ്തതിനുശേഷം ടിയാന്‍ യാതൊരു മാന്യതയും കൂടാതെ കേട്ടാല്‍ അറപ്പുളവാക്കുന്ന സഭ്യമല്ലാത്ത രീതിയില്‍ തെറിവിളിക്കുകയും ചെയ്തു. ഇതുകണ്ട് പ്രൊഡ്യൂസര്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തി സര്‍, ഇതൊരു ഫണ്‍ ഇന്റര്‍വ്യൂ ആണ്.. സഹകരിക്കണം എന്ന് പറഞ്ഞപ്പോള്‍ നിന്റെ .….. എന്നായിരുന്നു മറുപടി.

ടിയാന്‍ മനോനില തെറ്റിയതുപോലെ കൂടുതല്‍ അക്രമാസക്തനാവുകയാണ് ചെയ്തത്. കൂടാതെ ഞങ്ങളെ ടിയാന്‍ .…… എന്ന് വിളിക്കുകയും ഉണ്ടായി. യാതൊരു മാന്യതയും ഇല്ലാതെ പിന്നെയും .…… തുടങ്ങിയ തെറികള്‍ എന്റേയും എന്റെ സഹപ്രവര്‍ത്തകരേയും വിളിച്ചുകൊണ്ടിരുന്നതിനാല്‍ അപമാനം സഹിക്ക വയ്യാതെയാണ് ഞങ്ങള്‍ ഹോട്ടലില്‍ നിന്നും തിരികെ പോന്നത്.

ഈ സംഭവം ഒരു സ്ത്രീയെന്ന നിലയില്‍ എന്റെ വ്യക്തിത്വത്തെ അപമാനിക്കുകയും, എനിക്ക് വലിയ മാനസികബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. ആയതിനാല്‍ എന്നേയും എന്റെ മെമ്പേഴ്‌സിനേയും തെറി വിളിക്കുകയും എന്നെ സ്ത്രീ എന്ന പരിഗണന പോലുമില്ലാതെ അപമാനിക്കണമെന്ന ഉദ്ദേശത്തില്‍ അധിക്ഷേപിച്ചതിനും എന്നെ തടഞ്ഞതിനും ഞാന്‍ ചെയ്യുന്ന ജോലിയെ അപമാനിക്കുകയും അതുവഴി ഒരു മോശപ്പെട്ട സ്ത്രിയായി ഉപമിച്ചതിനും മാനഹാനി വരുത്തിയതിനും ജോലി തടസ്സപ്പെടുത്തിയതിനും ടിയാന്‍ ചെയ്ത കുറ്റത്തിനെതിരെ നിയമപരമായ നടപടി സ്വീകരിച്ച് ഈ പ്രശ്‌നത്തിന് ഒരു തീര്‍പ്പുണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു.

Eng­lish Sum­ma­ry: Jour­nal­ist filed a com­plaint against actor Sri­nath Bhasi

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.