
പത്രപ്രവർത്തകർക്കുള്ള പെൻഷൻ 11,000 രൂപയിൽ നിന്നും 20, 000 രൂപയായി വർധിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) സംസ്ഥാന സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. പെൻഷൻ ഫണ്ട് കണ്ടെത്താൻ മാധ്യമ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന പരസ്യത്തിൽ നിന്നും നിശ്ചിത % സെസ് പിരിക്കാനുള്ള നീക്കം സർക്കാർ ഊർജിതപ്പെടുത്തണം. ഫുൾ പെൻഷന് 35 വർഷം എന്ന മാനദണ്ഡം അടക്കമുള്ള കരടിലെ നിർദേശം പിൻവലിക്കണമെന്നും പെൻഷൻ പദ്ധതിയിൽ കരാർ ജീവനക്കാരെയും വിഡിയോ എഡിറ്റർമാരെയും മാഗസിനുകളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മന്ത്രി കെ എൻ ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനാവശ്യമായ നടപടികളോട് ആശാവഹമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജി അധ്യക്ഷത വഹിച്ചു. മന്ത്രി വീണാ ജോർജ് മുഖ്യാതിഥായിയിരുന്നു. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട നഗരസഭ ചെയർമാൻ ടി സക്കീർ ഹുസൈൻ, കെഇഎൻഎഫ് സംസ്ഥാന പ്രസിഡന്റ് വി എസ് ജോൺസൺ, സ്വാഗതസംഘം ജനറൽ കൺവീനർ ബോബി ഏബ്രഹാം, ജില്ലാ പ്രസിഡന്റ് ബിജു കുര്യൻ, സെക്രട്ടറി ജി വിശാഖൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രവർത്തനറിപ്പോർട്ട്, കണക്ക് എന്നിവക്കുള്ള ചർച്ചക്ക് കെയുഡബ്ല്യുജെ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ട്രഷറർ മധുസൂദനൻ കർത്തായും മറുപടി പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച സുവനീർ കവർ പ്രകാശനവും വിവിധ മേഖലകളിലെ പുരസ്കാരവിതരണവും കെഎംസി ചെങ്ങന്നൂർ, ലൈഫ് ലൈൻ അടൂർ ആശുപത്രികളുടെ പ്രിവലേജ് കാർഡ് വിതരണവും നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.