23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 21, 2024
December 19, 2024
December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 6, 2024

സാധാരണക്കാരന്റെ അവസാന പ്രതീക്ഷ

ഡി രാജ
November 15, 2023 4:30 am

ഇനി നമ്മുടെ ജയിലുകളെക്കുറിച്ച് പരിശോധിക്കാം. നാമിപ്പോൾ പൊലീസ് പരിഷ്കരണത്തെക്കുറിച്ചും ജയിൽ പരിഷ്കരണത്തെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ആരാധ്യനായ കമ്മ്യൂണിസ്റ്റ് നേതാവ് ഇന്ദ്രജിത്ത് ഗുപ്ത ആഭ്യന്തര മന്ത്രിയായിരിക്കുന്ന വേളയിൽ ജയിൽ പരിഷ്കരണത്തിനും പൊലീസ് പരിഷ്കരണത്തിനും വേണ്ടിയുള്ള കഠിന പരിശ്രമമാണ് നടത്തിയത്. എന്നാൽ ഇപ്പോൾ എന്താണ് നമ്മുടെ ജയിലുകളുടെ അവസ്ഥ. ലക്ഷക്കണക്കിനാളുകളാണ് വിചാരണത്തടവുകാരായി ജയിലിൽ കഴിയുന്നത്. ഒരു കുറ്റപത്രം പോലുമില്ലാതെ വിചാരണ തടവുകാര്‍ എന്ന പേരിലാണ് അവരെ ദീർഘകാലമായി തടവിലിടുന്നത്. അവരിലെ മഹാഭൂരിപക്ഷവും പാവപ്പെട്ടവരോ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ പെട്ടവരോ ആണ്. പൊലീസ് വാദങ്ങളെ ചോദ്യം ചെയ്യുന്നതിന് അവർക്ക് പണമോ ആരുടെയെങ്കിലും പിന്തുണയോ ലഭ്യമാകുന്നില്ല. അതുകൊണ്ട് ജയിലിൽ തന്നെ തുടരുന്നു. മറ്റൊന്നാണ് യുഎപിഎ നിയമത്തിന്റെ ദുരുപയോഗം. ആ നിയമ ഭേദഗതിയുടെ ഘട്ടത്തിൽ രാജ്യസഭാംഗമായിരുന്നതു കൊണ്ട് അതിന്റെ ചർച്ചകളിൽ പങ്കെടുക്കാൻ എനിക്ക് അവസരമുണ്ടായിരുന്നു. മൻമോഹൻ സിങ് ആയിരുന്നു അന്ന് പ്രധാനമന്ത്രി. ഇടതുപക്ഷ തീവ്രവാദമാണ് ഇന്ത്യ ആഭ്യന്തരമായി നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്നാണ് അതിനെ ന്യായീകരിക്കുവാനവര്‍ പറഞ്ഞത്. അന്ന് ഉന്നയിക്കപ്പെട്ട പ്രധാനപ്പെട്ട ഒരു ചോദ്യമുണ്ടായിരുന്നു, എങ്ങനെയാണ് ഇടതുപക്ഷ തീവ്രവാദത്തെ നിർവചിക്കാൻ പോകുന്നത് എന്ന്. നക്സലൈറ്റുകൾ, മാവോയിസ്റ്റുകൾ എന്നിവരോട് നമുക്ക് അഭിപ്രായവ്യത്യാസമുണ്ട്. അവരുടെ സമര രീതികളോടും യോജിപ്പില്ല.എന്നാൽ അവർ പോരാടുന്നത് അതാതു കാലത്തെ ഭരണകൂടങ്ങൾക്കെതിരെയാണ്. ഭരണകൂടങ്ങളുടെ നയസമീപനങ്ങളെയാണ് അവർ ചോദ്യം ചെയ്യുന്നത്. രാജ്യത്ത് വലതുപക്ഷ തീവ്രവാദവും ശക്തമാണ്. അത് ഫാസിസ്റ്റ് പ്രവണതയായി വളർന്നിരിക്കുന്നു. ഈ വലതുപക്ഷ തീവ്രവാദ ശക്തികളാണ് നമ്മുടെ രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുന്നത്. ദേശീയതയെ പുനർനിർവചിക്കാനും ശ്രമിക്കുന്നു.

ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ് എന്നത് അംഗീകരിക്കാൻ പോലും അവർ തയ്യാറാകുന്നില്ല. ഇക്കാര്യങ്ങൾ രാജ്യസഭയിൽ ഉന്നയിച്ചപ്പോൾ അവയ്ക്കൊന്നും മറുപടിയുണ്ടായില്ല. ഇപ്പോഴത്തെ സർക്കാർ അതേചിന്താഗതികളുമായി മുന്നോട്ടു പോവുകയും വലതുപക്ഷ തീവ്രവാദശക്തികൾക്ക് സംരക്ഷണം നൽകുകയും ചെയ്യുമ്പോൾ നീതിന്യായ വ്യവസ്ഥ വായ തുറക്കുന്നില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നവർ ചോദിക്കുന്നില്ല. ബഹുസംസ്കാരങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യത്ത് ‘ഒരു രാജ്യം, ഒരു സംസ്കാരം’ എന്ന് വലതുപക്ഷ ശക്തികൾ പ്രഖ്യാപിക്കുന്നു. എങ്ങനെയാണ് നമുക്ക് ഒരു സംസ്കാരത്തെ മാത്രം സ്വീകരിക്കാനാവുക. ഓരോ പ്രദേശങ്ങൾക്കും അവയുടെതായ സംസ്കാരമുണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ ഏതുവിധത്തിലാണ് ഇന്ത്യ ഏകസംസ്കാരമുള്ള ഒരു രാജ്യമായി മാറുക. ‘ഒരു രാജ്യം, ഒരു മതം-ഒരു രാഷ്ട്രം, ഒരു ഭാഷ‑ഒരു രാഷ്ട്രം, ഒരു രാഷ്ട്രം-ഒരു നികുതി’ എന്നത് നടപ്പിലാക്കി കഴിഞ്ഞ കേന്ദ്രഭരണകൂടത്തോട് കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും ചോദിക്കുകയാണ് എവിടെയാണ് തങ്ങള്‍ക്ക് അര്‍ഹമായ പണം എന്ന്. ഇപ്പോള്‍ ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്നും സംസാരിച്ചു തുടങ്ങിയിരിക്കുന്നു.


ഇതുകൂടി വായിക്കൂ:നീതിന്യായ വ്യവസ്ഥയും മനുഷ്യാവകാശ സംരക്ഷണവും 


ഭരണഘടന ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ചും വ്യക്തമായി നിർവചിച്ചിട്ടുണ്ട്. ബഹുവിധ ഘടകങ്ങൾ അടങ്ങിയ രാജ്യത്ത് തെരഞ്ഞെടുപ്പ് എങ്ങനെയൊക്കെ ആയിരിക്കണമെന്ന് വ്യക്തമായി പറഞ്ഞു. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്രവും വ്യക്തമായ അധികാരങ്ങള്‍ ഭരണഘടനാപരമായി നൽകപ്പെട്ടതുമായ സ്ഥാപനമാണ്. അതൊരു സ്വതന്ത്ര സംവിധാനമായി പ്രവർത്തിക്കേണ്ടതുണ്ട്. സ്വതന്ത്രവും നീതിപൂർവവും ആയ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മിഷനെയും അധികാരത്തിലുള്ള പാർട്ടി ദുരുപയോഗം ചെയ്യുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം സംബന്ധിച്ച വിഷയവും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ‘ഇലക്ടറല്‍ ബോണ്ട്’ എന്ന സുപ്രധാനമായ വിഷയം പരിശോധിക്കാം. അതിന്റെ ഏറ്റവും കൂടുതൽ ആനുകൂല്യം പറ്റിയിരിക്കുന്നത് ബിജെപിയാണ്. ആ വിവരങ്ങൾ എല്ലാം പൊതുവായി ലഭ്യവുമാണ്. ഇതൊരു രാഷ്ട്രീയ വിഷയമാണെങ്കിലും നീതിന്യായ വ്യവസ്ഥയുടെ പങ്കിനെക്കുറിച്ച് സംസാരിക്കുമ്പോൾ അക്കാര്യം പരാമർശിക്കാതെ പൊയ്‌ക്കൂടാ.

അനധികൃതവും രഹസ്യ സ്വഭാവത്തിലുള്ളതുമായ ഇലക്ടറൽ ബോണ്ടിൽ നിന്ന് ഏറ്റവും കൂടുതൽ വിഹിതം ലഭ്യമായവരും ഇന്ത്യയിലെ ഏറ്റവും സമ്പന്നവുമായ പാർട്ടിയും ബിജെപി തന്നെയാണ്. തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച ചർച്ച പാർലമെന്റിൽ വന്നപ്പോൾ ശക്തമായ എതിർപ്പുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കോർപറേറ്റ് ഫണ്ടിങ്ങിന്റെ വിളനിലമാക്കി മാറ്റും എന്നായിരുന്നു പ്രധാനപ്പെട്ട ആക്ഷേപം. പണം നൽകുന്നത് അഡാനിയാവട്ടെ, അംബാനിയാവട്ടെ അത് രഹസ്യസ്വഭാവത്തിൽ സൂക്ഷിക്കണമെന്നും ആരാണ് പണം നൽകിയതെന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടതില്ല എന്നുമുള്ള വ്യവസ്ഥകളായിരുന്നു അതിലുണ്ടായിരുന്നത്.ധനബില്ലായി അവതരിപ്പിക്കപ്പെട്ട് പ്രാബല്യത്തിൽ വരുത്തുകയായിരുന്നു. ഈ വിഷയവും ഇപ്പോൾ നീതിപീഠത്തിന്റെ പരിഗണനയിലുണ്ട്. അവർക്ക് ഇക്കാര്യത്തിൽ സുപ്രധാനമായ ഒരു പങ്കുവഹിക്കാനാകും. അത് അവർ നിർവഹിക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നു. വിരമിക്കുന്നതിന് തൊട്ടു മുമ്പ് സർക്കാർ അനുകൂല വിധി പ്രസ്താവങ്ങൾ നടത്തി, ഉടൻതന്നെ ഉന്നതപദവി നേടിയെടുത്ത സംശയാസ്പദ സാഹചര്യങ്ങളും നീതിപീഠങ്ങളെ ചുറ്റിപ്പറ്റി ഉണ്ടായിട്ടുണ്ട്. അയോധ്യാവിധി അതിന്റെ ഉദാഹരണമാണ്. അതുകൊണ്ട് ഭരണഘടനാ സ്ഥാപനങ്ങളിലുള്ളവർ വിരമിച്ചാൽ നിശ്ചിതകാലയളവിൽ- അത് എത്ര വർഷമാകണമെന്ന് തീരുമാനിക്കാവുന്നതാണ്- പദവികൾ ഏറ്റെടുക്കരുതെന്ന വ്യവസ്ഥയുണ്ടാക്കണം.


ഇതുകൂടി വായിക്കൂ: ഭരണഘടനയോടുള്ള വെല്ലുവിളികൾ


നീതിന്യായ വ്യവസ്ഥയിലെ ജനാധിപത്യ സംവിധാനത്തിന്റെ പോരായ്മകളും ചർച്ചാ വിഷയമാകണം. എത്ര ദളിത്, സ്ത്രീ പ്രാതിനിധ്യമുണ്ട് എന്നതും പരിശോധിക്കപ്പെടണം. ഭരണഘടനയുടെ സംരക്ഷകര്‍ എന്നനിലയില്‍ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിൽ നീതിന്യായ വ്യവസ്ഥയ്ക്ക് വലിയ പങ്കുണ്ട്. ഭരണഘടനാ ലംഘനം നടത്തുന്നത് ആരായാലും- വ്യക്തിയായാലും ഭരണാധികാരികളായാലും രാഷ്ട്രീയപാർട്ടികൾ ആയാലും- അത് ചോദ്യം ചെയ്യാനും നിലയ്ക്ക് നിര്‍ത്താനുമുള്ള അധികാരവും അവകാശവും സ്വാതന്ത്ര്യവും നീതിന്യായ വ്യവസ്ഥയിലുണ്ട്. നമ്മുടെ അടിസ്ഥാനപ്രമാണം ഭരണഘടനയാണ്. എന്നാല്‍ ഭരണഘടന തന്നെ വേണ്ടെന്ന നിലപാടിലാണ് ഇപ്പോഴത്തെ ഭരണാനുകൂലികള്‍. മനുസ്മൃതി മതിയെന്ന പ്രചരണവുമുണ്ട്. ഇന്ത്യയിലെ സാധാരണക്കാരന്റെ അവസാന പ്രതീക്ഷയാണ് നീതിന്യായ സംവിധാനം. ആ പ്രതീക്ഷയും പരാജയപ്പെടുകയാണെങ്കിൽ എന്താണ് സംഭവിക്കുക എന്നതിന്റെ ചില അപകടങ്ങൾ നാം കണ്ടുകൊണ്ടിരിക്കുകയാണ്. (അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.