10 May 2024, Friday

Related news

May 10, 2024
May 9, 2024
May 6, 2024
May 5, 2024
May 4, 2024
May 3, 2024
May 1, 2024
April 27, 2024
April 23, 2024
April 22, 2024

ഭരണഘടനയോടുള്ള വെല്ലുവിളികൾ

Janayugom Webdesk
October 1, 2023 5:00 am

പാർലമെന്റിന്റെ കഴിഞ്ഞ സമ്മേളനം അസാധാരണമായിരുന്നു. സഭ പരിഗണനയ്ക്ക് എടുത്ത വിഷയങ്ങള്‍ അഞ്ച് നാളില്‍ ഒടുങ്ങുന്നതുമായിരുന്നില്ല, പക്ഷേ അവ ഇരുസഭകളും കടന്നു. ഓഗസ്റ്റ് 11 നായിരുന്നു സമ്മേളനം അവസാനിച്ചത്. അടുത്ത സമ്മേളനം ഡിസംബറില്‍ നടക്കും. എല്ലാ നടപടികളും തെരഞ്ഞെടുപ്പിനെ മാത്രം ലാക്കാക്കിയാണ് രൂപപ്പെടുത്തുന്നത്. ഒരിടത്തും ഒന്നും നേടാന്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ക്ക് പ്രതാപത്തിന്റെ പാഴ്ചിത്രം എഴുതാനാണ് തിടുക്കം. പൊതുസമൂഹത്തിന് പാർലമെന്ററി നടപടികളിൽ വർധിച്ചുവരുന്ന അതൃപ്തിഭരണകൂടത്തിന് ബോധ്യപ്പെടുന്നില്ല. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണവും വിമര്‍ശനവും നിരന്തരം അവഗണിച്ചാണ് നടപടികൾ. ബ്രിട്ടീഷ് ഭരണകാലത്തെ നിര്‍മ്മിതിയായ പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമായിരുന്നു കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. ബാക്കിയുള്ളവ പുതിയ കെട്ടിടത്തിലും. കൊളോണിയൽ കാലഘട്ടത്തിലെ ഉള്‍പ്പെടെ എല്ലാ പൈതൃകങ്ങളെയും നിരാകരിക്കാനുള്ള ഹിന്ദു ദേശീയവാദ പദ്ധതി അതിവേഗതയിലാണ് മുന്നേറുന്നത്. കൊളോണിയലിസത്തിന്റെ ചൂഷണ പാരമ്പര്യത്തിൽ നിന്ന് മോചനം നേടുകയാണ് ലക്ഷ്യമെങ്കില്‍ ദാരിദ്ര്യത്തിൽ നിന്നും പിന്നാക്കാവസ്ഥയിൽ നിന്നും കരകയറ്റാനുതകുന്ന സമഗ്രപദ്ധതികളാവിഷ്കരിച്ച് നടപ്പിലാക്കണം.

 

രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ പരസ്പര ഐക്യം ബലപ്പെടണം. മതേതരത്വം, ജനാധിപത്യം, ഫെഡറലിസം എന്നിവയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കണം. നിര്‍ഭാഗ്യമെന്നു തന്നെ പറയണം 2014ലും 2019ലും രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും മികച്ച ജനവിധി ലഭിച്ചെങ്കിലും ജനാധിപത്യ സംവിധാനത്തിൽ ആർഎസ്എസിന്റെ ചിന്തകളും ആശയങ്ങളും അടിച്ചേല്പിക്കുക മാത്രമായിരുന്നു ബിജെപി സർക്കാരിന്റെ ലക്ഷ്യം. ഇതിനായി ഭരണഘടനാ തത്വങ്ങളെ ശിഥിലമാക്കുകയും ജനങ്ങളുടെ അഭിലാഷങ്ങളെ തച്ചുടയ്ക്കുകയും ചെയ്തു. മത‑ഭാഷാ ന്യൂനപക്ഷങ്ങളെയും തകർക്കാനൊരുമ്പെട്ട് മുന്നോട്ടു നീങ്ങുമ്പോള്‍, നിയമവാഴ്ച ലംഘിക്കപ്പെടുന്നു. ഏകാധിപത്യ, ഭൂരിപക്ഷവാദ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള വഴികളില്‍ അതിവേഗതയാര്‍ജിക്കാനാണ് ഓരോ ചുവടും വയ്ക്കുന്നത്. ബിജെപിയുടെ സദ്ഭരണ സങ്കല്പത്തില്‍ എല്ലാ അധികാരവും കേന്ദ്ര ഭരണകൂടത്തിലധിഷ്ഠിതമാണ്. മനു സ്മൃതിയാണ് മാതൃക. ഇതിന്റെ ചുവടില്‍ മധ്യകാല പിന്തിരിപ്പൻ ആശയങ്ങള്‍ക്ക് ജീവനേകി പ്രാവർത്തികമാക്കുന്നു.


ഇതുകൂടി വായിക്കൂ; സാമൂഹ്യക്ഷേമ പെൻഷനും സാമൂഹ്യ സുരക്ഷയും


തൊഴിലാളികള്‍,‘താഴ്ന്ന’ ജാതികൾ എന്ന് അവര്‍ വിളിക്കുന്നവർ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ രണ്ടാംതര പൗരന്മാരാണിവരെല്ലാം. പിന്തിരിപ്പനും കാലഹരണപ്പെട്ടതുമായ മനുസ്മൃതി തത്വങ്ങള്‍ക്ക് സാധുതയേകാന്‍ ഭരണഘടനാധിഷ്ഠിതമായ ഭരണം പൊളിച്ചടുക്കി സ്വേച്ഛാധിപത്യ ഭരണം കൊണ്ടുവരണം. കഴിഞ്ഞ ഒമ്പത് വർഷങ്ങളായി ഇതിനാണ് പരിശ്രമം. പാർലമെന്റംഗങ്ങൾക്കിടയിൽ വിതരണം ചെയ്ത ഭരണഘടനാ താളുകളുടെ ആമുഖത്തിൽ നിന്ന് മതേതരത്വവും സോഷ്യലിസവും നീക്കിയിരുന്നു. ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് സകലയിടങ്ങളിലും. പാർലമെന്റ് ഹൈജാക്ക് ചെയ്യപ്പെട്ടു. പാർലമെന്ററി ചർച്ചകളിൽ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഇടമില്ല. നിയമങ്ങൾ അതിന്റെ ഉള്ളടക്കങ്ങളിലേക്കോ വിശാല മാനങ്ങളിലേക്കോ വിശദമായി കടക്കാറേയില്ല. പാർലമെന്ററി കമ്മിറ്റികളുടെ അഭിപ്രായങ്ങൾ ഒഴിവാക്കപ്പെടുന്നു. പ്രധാനപ്പെട്ട ബില്ലുകൾ പോലും ചർച്ചകളില്ലാതെ പാസാക്കുകയോ ധനകാര്യ ബില്ലുകളായി മറച്ചുവയ്ക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളും ആവര്‍ത്തിക്കുന്നു. കേന്ദ്ര സംസ്ഥാന അധികാര ഘടനകളും തമ്മിലുള്ള പരസ്പര ബന്ധവും വെല്ലുവിളി നേരിടുന്നു. പ്രാദേശിക താല്പര്യങ്ങള്‍ എല്ലായ്പ്പോഴും അടിച്ചമർത്തുകയാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ ഘടന കേന്ദ്രഭരണകൂടത്തിന്റെ കണ്ണുകളിലേയില്ല. . 2017‑ൽ രാജ്യത്ത് ചുമത്തിയ ചരക്ക് സേവന നികുതി (ജിഎസ്‌ടി) പ്രകാരം ഏതെല്ലാം ചരക്കുകൾക്ക് (മദ്യവും പെട്രോളിയം ഉല്പന്നങ്ങളും ഒഴികെ) എത്ര നികുതി നിരക്കുകൾ ചുമത്തണമെന്ന് തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല.

 


ഇതുകൂടി വായിക്കൂ; കാനഡ: വേണ്ടത് നയതന്ത്ര പരിഹാരം


 

കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന നികുതി സമ്പ്രദായം എല്ലാ സംസ്ഥാന സർക്കാരുകള്‍ക്കും ഉൾക്കൊള്ളേണ്ടി വരുന്നു. എല്ലാ സംസ്ഥാനങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു ജിഎസ്‌ടി കൗൺസിൽ ഉണ്ടെങ്കിലും, കേന്ദ്ര സർക്കാർ അതിന്മേലും അധികാരം സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ ധനസ്ഥിതി പ്രത്യേകിച്ച് കോവിഡ് മഹാമാരിക്കു ശേഷം പ്രകടമായ ദുഃസ്ഥിതിയിലാണ്. ജിഎസ്‌ടി നിലവിലായതോടെ കേന്ദ്രത്തെ ആശ്രയിക്കേണ്ടത് കൂടുതൽ അനിവാര്യവുമായി. ഭരണഘടനയുടെ ഫെഡറൽ ഘടനയെ തകര്‍ക്കുന്ന വിനാശകരമായ നടപടിയാണിത്. രാജ്യത്തെ വൻകിട കോർപ്പറേറ്റ് മേഖലയുടെ ആവശ്യപ്രകാരമായിരുന്നു ജിഎസ്‌ടി നടപ്പിലാക്കിയത്. ചെറുകിട വ്യവസായികളെ പിഴുതെറിയുന്നതിനും ചെറുകിട വ്യാപാരികളുടെ നാശത്തിനും ഇത് കാരണമായി.
പാർലമെന്റ് പാസാക്കിയ നാല് തൊഴില്‍ നിയമങ്ങളും കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് റദ്ദാക്കിയ മൂന്ന് കാർഷിക നിയമങ്ങളും ജനവിരുദ്ധ ഭരണകൂടത്തിന്റെ പ്രകടനമാണ്. ലേബർ കോഡുകൾ നിലവിലുള്ള 29 തൊഴിൽ നിയമങ്ങൾ ഉൾക്കൊള്ളുന്നു. തൊഴില്‍ കൺകറന്റ് ലിസ്റ്റിലാണ്. അതായത് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണം നടത്താം. എന്നാൽ കോർപറേറ്റ് മേഖലയെ അനുകൂലിക്കാനുള്ള തിടുക്കത്തില്‍ കേന്ദ്രസർക്കാർ കോഡുകൾ നടപ്പാലാക്കി.
തൊഴില്‍ നിശ്ചിത കാലയളവിലേക്ക് എന്ന രീതിയില്‍ ചുരുക്കപ്പെട്ടു, ജോലി സമയം കൂടി, കുറഞ്ഞ വേതന മാനദണ്ഡങ്ങൾ, കുത്തകകള്‍ക്ക് അനുകൂലമായിരുന്നു തൊഴില്‍ കോ‍ഡുകള്‍. ഈ കോഡുകൾക്ക് കീഴിൽ ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് മേൽ സമ്മർദം ചെലുത്തുകയും അത് നടപ്പിലാക്കുകയും ചെയ്തു വരികയാണ്. കാർഷിക നിയമങ്ങളും സംസ്ഥാന അധികാരങ്ങളുടെ പട്ടികയ്ക്ക് കീഴിലുള്ള കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കർഷക പ്രസ്ഥാനങ്ങളുടെ കടുത്ത എതിര്‍പ്പിനെയും പോരാട്ടങ്ങളെയും തുടര്‍ന്നാണ് അവ റദ്ദാക്കപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.