19 January 2026, Monday

വെെകിയെത്തുന്ന നീതി, നീതി നിഷേധം തന്നെ

പ്രൊഫ. കെ അരവിന്ദാക്ഷൻ
January 13, 2025 4:30 am

ഇന്ത്യന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് ധനജ്ഞയ യശ്‌വന്ത് ചന്ദ്രചൂഡ് സുപ്രധാന വിധി പ്രസ്താവങ്ങള്‍ നടത്തിയിട്ടുള്ള ആദരണീയനായ വ്യക്തിയാണ് എന്ന് കരുതുന്നവര്‍ നിരവധിയുണ്ട്. പരമോന്നത നീതിപീഠത്തിന്റെ പരിഗണനയ്ക്കായി എത്തുന്ന പല പൊതുതാല്പര്യ വിഷയങ്ങളിലും തീര്‍പ്പ് കല്പിക്കുന്നതില്‍ ഒട്ടേറെ കാലതാമസമുണ്ടാകുന്ന പ്രവണത ഏതുവിധേനയും ഒഴിവാക്കേണ്ടതാണെന്ന് അദ്ദേഹം തന്റെ വിധിപ്രസ്താവത്തിന്റെ ഭാഗമായോ, പൊതുവേദികളിലോ ആവര്‍ത്തിച്ച് അഭിപ്രായപ്പെട്ടിട്ടുള്ളതുമാണ്. ‘വെെകിയെത്തുന്ന നീതി, നീതി നിഷേധിക്കുന്നതിന്’ സമാനമാണെന്ന തത്വം ജസ്റ്റിസ് ചന്ദ്രചൂഡ് പലകുറി ആവര്‍ത്തിച്ചിട്ടുമുണ്ട്. ഇത്തരം അനാരോഗ്യകരമായ പ്രവണത മറ്റനേകം രാജ്യങ്ങളിലും ഇന്ന് നിലവിലുള്ളതാണ്. എന്നാല്‍ ഇന്ത്യയിലാണ് മറ്റ് നിരവധി രാജ്യങ്ങളെ അപേക്ഷിച്ച് ഈ പ്രവണത വ്യാപകമായിരിക്കുന്നതെന്നതും ഒരു യാഥാര്‍ത്ഥ്യമായി കാണണം. ലോകബാങ്കിന്റെ ബിസിനസ് സര്‍വേയുടെ കണ്ടെത്തല്‍, ഇന്ത്യയില്‍ ബിസിനസുമായി ബന്ധപ്പെട്ടുള്ള ഒരു കരാറില്‍ ഒരു തര്‍ക്കം വന്നാല്‍ തീര്‍പ്പുകല്പിക്കുന്നതിന് ശരാശരി 1,445 ദിവസങ്ങള്‍— ഏറെക്കുറെ നാല് വര്‍ഷം — കാലാവധി വേണ്ടിവരുന്നുവെന്നാണ്. ഇത്രയും വലിയൊരു കാലവിളംബം ലോകരാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും താണതാണെന്നും സര്‍വേ അഭിപ്രായപ്പെട്ടിരിക്കുന്നു. ലോകബാങ്ക് സര്‍വേയുടെ കണ്ടെത്തലിന്റെയും നിഗമനങ്ങളുടെയും കാര്യത്തില്‍ കുറ്റങ്ങളും കുറവുകളും ഉണ്ടായേക്കാമെങ്കിലും കാലതാമസം എത്രതന്നെ കുറവാണെങ്കിലും അത് നീതി നിഷേധമല്ലാതാകുന്നില്ല. സമ്പദ്‌വ്യവസ്ഥയുടെ മേലും നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ സംഭവിക്കുന്ന കാലതാമസം ഏല്പിക്കുന്നത് ഗുരുതരവും സങ്കീര്‍ണവുമായ ദീര്‍ഘകാല ആഘാതമാണ്. ഈ വിപത്ത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ആരും കാണുന്നില്ല. ഓരോ കേസിനും തീര്‍പ്പുണ്ടാക്കുന്നതില്‍ സംഭവിക്കുന്ന കാലതാമസം ബന്ധപ്പെട്ട സാമ്പത്തിക വികസന പദ്ധതിയുടെ പൂര്‍ത്തീകരണത്തെയും പ്രതികൂലമായി ബാധിക്കും. വിലയേറിയ ആസ്തികള്‍,- ഭൂമിയും മൂലധനവും സാങ്കേതിക വിദ്യയും അടക്കം വിനിയോഗിക്കപ്പെടാതെ ദീര്‍ഘകാലം കെട്ടിക്കിടന്ന് പാഴായിപ്പോകാനും ഇടയാക്കുന്നു. ഇതിന്റെയെല്ലാം ആഘാതം പദ്ധതി നടത്തിപ്പിനെയും സാമ്പത്തിക വളര്‍ച്ചാനിരക്കിനേയും പതിന്മടങ്ങ് വര്‍ധിച്ച തോതിലായിരിക്കും ബാധിക്കുക. സമ്പദ്‌വ്യവസ്ഥയെ ആകെത്തന്നെ പിടിച്ചുലയ്ക്കുകയും ചെയ്യും. ഇന്ത്യയില്‍ത്തന്നെ ഒരു സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേയിലൂടെ വെളിപ്പെട്ടത് നിലവില്‍ 20,000 കോടി ഡോളറിന് തുല്യമായ തര്‍ക്കങ്ങളാണ് ഭൂമിയുമായി ബന്ധപ്പെട്ടുമാത്രം കോടതികളില്‍ കെട്ടിക്കിടക്കുന്നത് എന്നാണ്. രണ്ടാമത്തെ പാഴ്‌ച്ചെലവ് കോടതി വ്യവഹാരവുമായി ബന്ധപ്പെട്ടുള്ളതാണ്. ഇത്തരം ചെലവുകള്‍ വെറും നിയമസഹായത്തിന് പകരം നല്‍കേണ്ട ഫീസ് മാത്രമല്ല, ബന്ധപ്പെട്ട മറ്റ് ചെലവുകളും മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി ചെലവുകളും ഉള്‍പ്പെടുത്തേണ്ടി വരും. സമയനഷ്ടത്തിന്റെ കാര്യം പറയേണ്ടതുമില്ല. ഇതെല്ലാം സംബന്ധിച്ചുള്ള വിശദമായ കണക്കെടുപ്പുകളും മറ്റും അര്‍ഹിക്കുന്ന ഗൗരവത്തോടെ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളോ, പ്രാദേശിക ഭരണകൂടങ്ങളോ നടത്തിയിട്ടുള്ളതായും അറിവില്ല. കാട്ടിലെ മരം, തേവരുടെ ആന, വലിയെടാ വലി’ എന്ന നിലയിലാണ് കാര്യങ്ങള്‍ നടന്നുവരുന്നത്. കേരളത്തില്‍പ്പോലും ഈ വിധത്തിലാണ് കാര്യങ്ങള്‍ നടന്നുവരുന്നത്. ജനതാല്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഭരണാധികാരികള്‍ നിലവിലുള്ള നിയമപരമായ ചട്ടക്കൂടിനകത്തുനിന്നുകൊണ്ട് തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും ശ്രദ്ധാപൂര്‍വം വ്യതിചലിക്കുകയാണോ എന്ന ചിന്താഗതിയും ചിലരെങ്കിലും പ്രകടമാക്കുന്നുണ്ട്. നിയമക്കുരുക്കുകളും വിവാദങ്ങളും അവര്‍ കരുതിക്കൂട്ടി ക്ഷണിച്ചുവരുത്തുന്നതുമാകാം. തികച്ചും ഔപചാരികമായി എഴുതി തയ്യാറാക്കിയ കരാറുകളിലൂടെ സാധ്യമാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ പോലും നിയമവിരുദ്ധമായ സ്വഭാവമുള്ളതാക്കി മാറ്റാന്‍ മനഃപൂര്‍വം ശ്രമിച്ചിട്ടുള്ള അനുഭവങ്ങളും വിരളമല്ല എന്നാണ് ഈ വിഭാഗം ചിന്തിക്കുന്നത്. ഈ വിധത്തിലുള്ള നടപടികളിലൂടെ കൂടുതല്‍ ആഘാതം ഏല്‍ക്കേണ്ടിവരുന്നത് ചെറുകിട ബിസിനസ്-വ്യവസായ സംരംഭകര്‍ക്കായിരിക്കും. ഏതാനും ചില ഇടത്തരം വിഭാഗക്കാര്‍ക്കും സമാന അനുഭവമായിരിക്കും ഉണ്ടാവുക. വലിയ സംരംഭങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും ബിസിനസ് കുടുംബങ്ങള്‍ക്കും വ്യവഹാരത്തിനുള്ള ഭാരിച്ച സാമ്പത്തികബാധ്യതകള്‍ ഏറ്റെടുക്കുക പ്രയാസകരമായിരിക്കില്ല. അവരില്‍ രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്ക് സുരക്ഷിത വിദേശ താവളങ്ങളില്‍ അഭയം കണ്ടെത്തുകയും ചെയ്യാം. വിജയ്‌മല്യമാരും മെഹുല്‍ ചോക്സിമാരും തന്നെ ദൃഷ്ടാന്തങ്ങള്‍. നിയമനടപടികളുമായി ബന്ധപ്പെട്ടുള്ള കാലതാമസം ലഘൂകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാന്‍ സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ മാര്‍ഗം അധാര്‍മ്മിക നടപടികള്‍ ഒഴിവാക്കുകയാണ്. ഇതോടൊപ്പം കണ്ടുപിടിക്കപ്പെടുന്ന കുറ്റകൃത്യങ്ങളും വഴിവിട്ട ഇടപാടുകളും കടുത്ത ശിക്ഷകള്‍ക്ക് വിധേയമാക്കുകയും വേണം. മറിച്ചാണ് സ്ഥിതിയെങ്കില്‍ നിയമപരമായ കാലതാമസം ഒരു സ്ഥിരം ഏര്‍പ്പാടായി മാറുമെന്നത് ഉറപ്പാണ്. ഏറ്റവും സുരക്ഷിതമായ മാര്‍ഗം രേഖാമൂലമുള്ള കരാറുകളില്‍ ഏര്‍പ്പെടുക എന്നതാണ്. അവയിലേറെയും ദീര്‍ഘകാല സ്വഭാവമുള്ളതുമായിരിക്കണം. നഷ്ടസാധ്യതകള്‍ പരമാവധി ഒഴിവാക്കിയുള്ള ബിസിനസ് കരാറുകളായിരിക്കും ഉചിതമായിരിക്കുക. ഇതിനെല്ലാം പുറമെ സര്‍ക്കാരുകളുടെ തെറ്റാ­യ നടപടിക്രമങ്ങളുടെ ഫലമായുണ്ടാകുന്ന നിയമപ്രശ്നങ്ങളും നിരവധിയുണ്ട്. ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെയോ പാര്‍ട്ടികളുടെയോ താല്പര്യാനുസരണം സ്വീകരിച്ചു നടപ്പാക്കപ്പെടുന്ന നയങ്ങള്‍ മുഴുവനായും ജനനന്മ ലാക്കാക്കി ആയിരക്കണമെന്നില്ല. തന്മൂലം, പൊതുജനരോഷം സ്വാഭാവികമാണ്. തുടര്‍ന്ന് നിരവധി പൊതുതാല്പര്യ കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. വിവരാവകാശ നിയമം ഫലപ്രദമായി കൈകാര്യം ചെയ്യപ്പെടുന്ന കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഈ ഇനത്തില്‍ നിയമക്കുരുക്കുകളില്‍ നിന്നും ഒഴിയുക പ്രയാസമായിരിക്കും. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയും സംസ്ഥാന ഹൈക്കോടതികളും തദ്ദേശീയ നിയമ കോടതികളും ദിവസേന എന്നോണം നൂറുകണക്കിന് കേസുകളാണ് കൈകാര്യം ചെയ്യേണ്ടിവരുന്നത്. ഇവിടെയും നീതിനിഷേധം ഒരു സ്ഥിരപ്രതിഭാസമായിമാറുന്നു. രാജ്യത്തിന്റെ പൊതുവികസന പ്രക്രിയയെ തന്നെ പ്രതികൂലമായി ബാധിക്കാനിടയുള്ള നിയമക്കുരുക്കുകളും അവ പരിഹരിക്കുന്നതിനുള്ള കാലവിളംബവും ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതി എന്ന തത്വത്തിന്റെ കൂടി നിഷേധമാകുന്ന സ്ഥിതിവിശേഷമാണ് സംജാതമാകുന്നത്. ആഗോള നിര്‍മ്മാണ നിക്ഷേപ ബന്ധങ്ങളും ശൃംഖലകളും അതിവേഗം പെരുകിവരുന്നതിനാല്‍ നിയമക്കുരുക്കുകള്‍ക്ക് പരിഹാരം കാണുന്ന പ്രക്രിയകളും ക്രമേണ സങ്കീര്‍ണമാകുകയാണ്. ആഗോള വ്യാപാര നിക്ഷേപ പ്രക്രിയകള്‍, ന്യായയുക്തമായും നിയമബന്ധിതമായും പ്രാവര്‍ത്തികമാക്കുന്നതിന് വഴിയൊരുക്കേണ്ടതും സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കായിരിക്കും വഹിക്കുക. അധികാരത്തിലെത്തുന്നത് ഏതു സര്‍ക്കാരായാലും ഇതേപ്പറ്റിയെല്ലാം ബോധ്യമുണ്ടാകാതിരിക്കില്ല. ഇതുമായി ബന്ധപ്പെട്ട ആധികാരികമായ രേഖകളും കണ്ടെത്തലുകളുമെല്ലാം നിയമ‍, ധനകാര്യ കമ്മിഷനുകള്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍‍ നിയോഗിച്ചിട്ടുള്ള കമ്മിഷന്റെ ദൗത്യസംഘങ്ങള്‍ തുടങ്ങിവയ്ക്കും. സുപ്രീം കോടതി ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള കണ്ടെത്തലുകളും റിപ്പോര്‍ട്ടുകളുമൊക്കെ നമുക്ക് മുന്നിലുള്ളതുമാണ്. ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ എണ്ണം ഉയര്‍ത്തുക, ഒഴിവുകള്‍ ഉടനടി നികത്തുക, ജുഡീഷ്യല്‍ വകുപ്പിന്റെ ഔദ്യോഗിക ആന്തരഘടനാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, പുതിയ വിവര സാങ്കേതികവിദ്യാ വിനിയോഗം വ്യാപകമാക്കുക തുടങ്ങിയ നടപടികള്‍ കാലതാമസമില്ലാതെ നടപ്പാക്കണം. വിവിധ തലങ്ങളിലുള്ള കോടതികളിലെ സൗകര്യങ്ങളെല്ലാം തന്നെ നിലവിലുള്ളതിന്റെ മൂന്നിരട്ടിയായെങ്കിലും വര്‍ധിപ്പിക്കേണ്ടതാണ്. അഴിമതിയും സ്ഥാപിത താല്പര്യങ്ങളും കാലതാമസവും വിധിനിര്‍ണയത്തില്‍ ഒഴിവാക്കുന്നതിനും കാര്യക്ഷമത ഉറപ്പാക്കുന്നതിനും ഇതുവഴി സാധ്യമാവുകയും ചെയ്യും. ഇതിനെല്ലാം പുറമെ, നീതിനിര്‍വഹണം കൃത്യമായി നടക്കുന്നതിന് ജുഡീഷ്യറിയും സര്‍ക്കാര്‍ സംവിധാനങ്ങളും പരമാവധി പരസ്പരധാരണയോടെ നീങ്ങേണ്ടതും ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്. കേന്ദ്ര‑സംസ്ഥാന തലങ്ങളില്‍ ഇത്തരമൊരു ധാരണ അനിവാര്യവുമാണ്. കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടേണ്ടതില്ലെന്നല്ല, ഇക്കാര്യത്തിലും കൃത്യത വേണം എന്നാണ്. ഇത്തരമൊരു സംവിധാനം ഒരുക്കുന്നതിന് ഒരു ഉന്നതതലസമിതിയുടെ സഹായം ഒഴിവാക്കാന്‍ കഴിയുന്നതുമല്ല. വിരമിച്ച ഒരു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചെയര്‍മാനായ സമിതി സമയബന്ധിതമായി പഠിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും ശുപാര്‍ശകളും അംഗീകരിക്കാനും നടപ്പാക്കാനും കേന്ദ്ര‑സംസ്ഥാന ഭരണകൂടങ്ങള്‍ സന്നദ്ധമാവണം. അങ്ങനെ വരുന്നപക്ഷം, പ്രാദേശിക ഭരണകൂടങ്ങളും ഇതെല്ലാം നടപ്പാക്കാന്‍ ബാധ്യസ്ഥരാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.