
ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ആര്‍ക്കും അന്യമാകില്ല ഈ മലയാളക്കരയില്‍. അത് ഉറപ്പാണ്. പാവപ്പെട്ടവനായാലും പണക്കാരനായാലും. കേരളത്തിന്‍റെ മുക്കിലും മൂലയിലും അതിവേഗ ഇന്‍റര്‍നെറ്റ് ലഭ്യമാക്കി ഡിജിറ്റല്‍ സമത്വം ഊട്ടിയുറപ്പിക്കുകയാണ് കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ് വര്‍ക്കിലൂടെ (കെഫോണ്‍) സംസ്ഥാന സര്‍ക്കാര്‍.
സംസ്ഥാനത്തെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം ശക്തവും കാര്യക്ഷമവുമാക്കുന്നതിന് ആവിഷ്കരിച്ച പദ്ധതിയാണ് കെഫോണ്‍. ഡിജിറ്റല്‍ വിടവ് നികത്താന്‍ സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പ്രസ്തുത പദ്ധതി. 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ കെഫോണ്‍ സഹായകമാകും. 30,000ത്തോളം ഓഫീസുകളിലും ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കാനാകും. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്നതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ പേപ്പര്‍ രഹിതമാകുന്നത് ത്വരിതപ്പെടും. കൂടുതല്‍ വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ജനസൗഹൃദാന്തരീക്ഷം സര്‍ക്കാര്‍ ഓഫീസുകളിലുണ്ടാവാന്‍ ഇതുപകരിക്കും.
സംസ്ഥാനത്തെ 14 ജില്ലകളെയും കോര്‍ റിംഗ് വഴിയാണ് ബന്ധിപ്പിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളേയും വീടുകളേയും മറ്റു ഗുണഭോക്താക്കളെയും ബന്ധിപ്പിക്കുന്നത് ആക്സസ് നെറ്റ് വര്‍ക്ക് വഴിയാണ്. 14 ജില്ലകളിലും കോര്‍ പോപ്പ് ഉണ്ട്. ആകെ പോപ്‌സിന്റെ എണ്ണം 375 ആണ്.അത് കെ.എസ്.ഇ.ബി സബ്സ്റ്റേഷനുകളില്‍ 300 സ്ക്വയര്‍ ഫീറ്റിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ പോപ്പുകള്‍ 110/ 220 / 400 കെ.വി. ലൈന്‍ വഴി സ്ഥാപിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ (കോര്‍ റിംഗ്) ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്. ഈ ശൃംഖലകളില്‍ സ്ഥാപിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യാന്‍ എറണാകുളം ജില്ലയില്‍ ഒരു നെറ്റ് വര്‍ക്ക് ഓപ്പറേറ്റിംഗ് സെന്‍റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ നെറ്റ് വര്‍ക്കിന്‍റെ 100% ലഭ്യതക്കുവേണ്ടി റിംഗ് ആര്‍ക്കിടെക്ചര്‍ ആണ് അവലംബിച്ചിരിക്കുന്നത്. ഓരോ ജില്ലകളിലും കോര്‍ പോപ്പിന് പുറമെ അഗ്രിഗേറ്റ്, പ്രീ അഗ്രിഗേറ്റ്, സ്പര്‍ എന്നിങ്ങനെ പോപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കെഎസ്ഇബിയും കെഎസ്ഐറ്റിഐഎല്ലും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ കെഫോണ്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ വിഭാവന ചെയ്തിട്ടുള്ള 30000 സര്‍ക്കാര്‍ ഓഫീസുകളില്‍ 28376 ഓഫീസുകളില്‍ കെഫോണ്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയെ നെറ്റ് വര്‍ക്ക് ഓപ്പറേറ്റിംഗ് സെന്‍ററുമായി ബന്ധിപ്പിക്കുന്ന ജോലികളും അവസാനഘട്ട ടെസ്റ്റിംഗും പൂര്‍ത്തിയായി. നിലവില്‍ 18941 സര്‍ക്കാര്‍ ഓഫീസുകളില്‍ കെ ഫോണ്‍ സേവനം ലഭ്യമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനത്തിന് വിധേയമായി കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലേയും സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള 100 വീതം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് നല്‍കുന്നതിന് വേണ്ടിയുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 14000 കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 2023 വിഷുദിനത്തിലാണ് ആരഭിച്ചത്. 4422 വീടുകളില്‍ കെ ഫോണ്‍ സേവനം ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്.
selfcare.kfon.co.in എന്ന വെബ്സൈറ്റിലൂടെ വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളിലെ ബന്ധപ്പെട്ട ഓഫീസുകള്‍ കെഫോണ്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും പുതിയതായി ഉള്‍പ്പെടുത്തുന്നതിനുമുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്റെ കെ ഫോൺ ആപ്പ് വഴിയാണ് ഇപ്പോൾ വാണി ജ്യടിസ്ഥാനത്തിൽ കണക്ഷൻ നൽകുന്നത്. കെ ഫോണിന്‍റെ ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നതിന് നാളിതുവരെ 3399 ഓപ്പറേറ്റര്‍മാര്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതില്‍ 659 ഓപ്പറേറ്ററുമായി എഗ്രിമെന്‍റ് സൈന്‍ ചെയ്തിട്ടുണ്ട്. ഇവര്‍ വഴി കെ ഫോണ്‍ വാണിജ്യ കണക്ഷനുകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. 2000 വൈഫൈ ഹോട്ട്സ്പോട്ട് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ആദിവാസി മേഖലകളിലും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും ഫൈബര്‍ നെറ്റ്വര്‍ക്ക് നല്‍കുന്നതിനായുള്ള ആദ്യപടിയായി കോട്ടൂര്‍ മേഖലയില്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് സ്ഥാപിക്കുകയും ചോനാമ്പാറയില്‍ വൈഫൈ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ആ മേഖലയിലെ വീടുകളില്‍ കണക്ഷന്‍ നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കെഫോണ്‍ സേവനങ്ങള്‍ മികവുറ്റതാക്കുന്നതിന് വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും മോഡവും പുറത്തിറക്കിയിട്ടുണ്ട്.
അത്യാധുനിക ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യതയിലും ആരേയും പിന്നിലാക്കാതെ ഒപ്പം ചേര്‍ത്ത് മുന്നിലെത്തിക്കുകയാണ് കെഫോണിലൂടെ. നിലവിലെ അടിത്തറ മെച്ചപ്പെടുത്തി കൂടുതല്‍ പേരിലേക്ക് അതിവേഗം മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനുള്ള ദൗത്യം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.