21 December 2024, Saturday
KSFE Galaxy Chits Banner 2

കാട്ടൂര്‍ക്കടവിന്റെ രാഷ്‌ട്രീയബോധ്യങ്ങള്‍

ഡോ.എ മുഹമ്മദ്‌കബീര്‍
October 14, 2024 4:00 am

സമദൂരസിദ്ധാന്തമെന്ന പൊള്ളവചനത്തിലൊളിക്കുന്ന എഴുത്തുകാരുടെ പട്ടികയില്‍ അശോകന്‍ ചരുവിലെന്ന എഴുത്തുകാരനെ നാം തിരയേണ്ടതില്ല. ഇടതുപക്ഷസഹയാത്രികനെന്ന ആര്‍ജവച്ചുവയില്‍ പൊരുതിനില്‍ക്കുവാനാണ്‌ ഈ നോവലിസ്റ്റ്‌ എപ്പോഴും ശ്രമിക്കുന്നത്‌. പക്ഷപാതരാഹിത്യമെന്നത്‌ കാതിനിമ്പം പകരുമെങ്കിലും വ്യക്തിബോധത്തില്‍ അമര്‍ന്നുപോയ ഇഷ്‌ടങ്ങളെ വെളിപ്പെടുത്തുകയെന്നതാണ്‌ യഥാര്‍ത്ഥ രാഷ്‌ട്രീയം. മനുഷ്യവര്‍ഗത്തിന്റെ നന്മയിലും അന്തസിലും വിശ്വസിക്കുന്ന അശോകന്‍ ചരിവിലിന്റെ രാഷ്‌ട്രീയനോവലാണ്‌ നാല്‌പത്തിയെട്ടാമത്‌ വയലാര്‍ പുരസ്‌കാരം നേടിയ കാട്ടൂര്‍ക്കടവ്‌. ദേശത്തെ എഴുതുന്നത്‌ പുതിയ കാര്യമല്ല. ദേശം എല്ലാ എഴുത്തുകാരുടെയും സ്വത്വബോധത്തില്‍ നിറയുന്നുണ്ട്‌. ദേശത്തിന്റെ അകക്കാഴ്‌ചകളില്‍ ആത്മനിര്‍വൃതി അനുഭവിക്കുന്ന എഴുത്തുകാരന്‍ ദേശചരിത്രത്തിലൂടെ തന്റെ ജീവചരിത്രം കൂടി വെളിവാക്കുകയാണ്‌. എഴുത്തുകാരന്റെ പല കഥകളിലും നിറയുന്ന കാട്ടൂര്‍ക്കടവെന്ന ദേശത്തിന്റെ സൗന്ദര്യം നോവലെന്ന വിശാലഭൂമികയില്‍ കൂടുതല്‍ ആഴത്തിലും പരപ്പിലും തെളിയുന്നു. ദേശത്തെ എഴുതുമ്പോള്‍ എഴുത്തുകാരന്‍ അതിന്റെ രാഷ്‌ട്രീയമാണ്‌ എഴുതുക. ഓരോ ദേശവും ഭൂതകാലത്തിന്റെ നോവുമായാണ്‌ ജീവിക്കുന്നത്‌. ദേശപുരോഗതിക്ക്‌ വേണ്ടി ജീവന്‍ബലികൊടുത്തവര്‍ മറവിയുടെ ഇരുള്‍പ്പുറങ്ങളില്‍ അദൃശ്യരായലയുമ്പോള്‍ അവര്‍ക്കായി നോവലിസ്റ്റ്‌ ഒരുക്കുന്ന ദൃശ്യഭാഷയായി കാട്ടൂര്‍ക്കടവെന്ന നോവല്‍ മാറുന്നു. 

വാമൊഴികളായും അച്ചടിപ്പതിപ്പുകളായും പടര്‍ന്ന ആശയധാരാളിത്തത്തില്‍ ആകൃഷ്‌ടരായി മുന്‍നിരയില്‍ നിന്ന്‌ പോരാട്ടങ്ങള്‍ നയിച്ചവരുടെ ഓര്‍മ്മകള്‍ അസ്‌തമിക്കുന്നില്ല. പ്രളയഭയത്തില്‍ മുങ്ങിപ്പോയ ഒരുദേശത്തിന്റെ ഒളിമങ്ങാത്ത ഓര്‍മപ്പുസ്‌തകമാണിത്‌. ഇത്‌ നമുക്ക്‌ പരിചിതമായ ഒരു ദേശത്തിന്റെ മാത്രം കഥയല്ല. രാജ്യത്താകെ വേരുകളാഴ്‌ത്തിയ ലോകത്തിന്റെ ഒരു ചെറുപതിപ്പാണീ ദേശം. ഇവിടെയുള്ള ഓരോ മനുഷ്യരും സ്ഥലകാലത്തിന്റെ അതിരുകള്‍ ഭേദിച്ച്‌ തനിമയാര്‍ന്നൊരു ജീവിതദര്‍ശനം രൂപപ്പെടുത്തുന്നു. മരണത്തിലും വിടാതെ പിന്തുടരുന്ന പ്രത്യയശാസ്‌ത്രക്കൂറില്‍ അമരരാകാന്‍ ഭാഗ്യം കിട്ടിയ മനുഷ്യരുടേതു കൂടിയാണിവിടം. ജാതിയതിരുകള്‍ ഭേദിച്ച്‌ ആത്മാഭിമാനത്തോടെ പൊരുതിയ പി കെ മീനാക്ഷിയെന്ന കമ്മ്യൂണിസ്റ്റ്‌ ഇതിനുദാഹരണമാണ്‌. സോഷ്യല്‍മീഡിയയുടെ സാന്നിധ്യത്തില്‍ ദേശചരിത്രം പറയുമ്പോള്‍ അതില്‍ പുതുമയുടെ ഫലശ്രുതി കൂടി തെളിയുന്നു. കാട്ടൂര്‍ക്കടവിലെ മനുഷ്യരുടെ സങ്കടങ്ങളും നിലവിളികളും നിസംഗതയും പോരാട്ടവും സ്വപ്‌നങ്ങളും പ്രതിരോധങ്ങളുമെല്ലാം കഥപറച്ചിലിന്റെ നൂതനവഴിയില്‍ നോവലിസ്റ്റ്‌ അവതരിപ്പിക്കുന്നു.

കാല്‌പനികതയുടെ സൗന്ദര്യവാഴ്‌ത്തിനാല്‍ പെരുമപൂണ്ടൊരു ദേശമാണ്‌ കാട്ടൂര്‍ക്കടവ്‌. ചകിരിഗന്ധം നിറഞ്ഞ പുരാവൃത്തമഹിമയില്‍ അഭിമാനം കൊള്ളുന്ന ദേശമാണത്‌. ദൂരദേശങ്ങളില്‍പ്പോലും കാട്ടൂര്‍ക്കടവ്‌ അടയാളപ്പെട്ടത്‌ ചകിരിനാരിന്റെ ഉറപ്പും മിനുക്കവും നല്‍കിയ കരുത്തിലാണ്‌. സങ്കല്‌പവും യാഥാര്‍ത്ഥ്യവും ഒരുമപൂണ്ട വയല്‍വരമ്പിലൂടെ വഴുതുന്ന പാദങ്ങളൂന്നിയേ കാട്ടൂര്‍ക്കടവിന്റെ ദൂരവേഗം അളന്നെടുക്കാനാകൂ. ഏതുവശത്തേക്കും വീണുപോകാം. മിത്തുകളുടെ ജനിതകഭൂമിയാണവിടം. അക്കപ്പൂക്കള്‍ നിറഞ്ഞ പാടശേഖരങ്ങള്‍ തഴുകിക്കടന്നുപോകുന്ന ഇളംകാറ്റില്‍ എപ്പോഴും ചേറിന്റെയും പൂക്കളുടെയും ഉന്മാദഗന്ധമുണ്ട്‌. പ്രകൃതിയുടെ താളംതെറ്റല്‍ കാട്ടൂര്‍ക്കടവിന്റെ സിരകളിലും ഇരമ്പിയാര്‍ക്കുന്നുണ്ട്‌. വെള്ളം വന്നാല്‍ പെരുവെള്ളം. അതുകഴിഞ്ഞാല്‍ കൊടും വരള്‍ച്ച. കാട്ടൂര്‍ക്കടവിന്റെ സ്‌പന്ദനം ചാത്രാപ്പ്‌ കായലാണ്‌. അത്‌ നിലച്ചാല്‍ പിന്നെ കാട്ടൂര്‍ക്കടവെന്നൊരു ദേശമേയില്ല. പ്രേതാത്മാക്കളുടെ സംഗമഭൂമിയാണവിടം. ചാത്രാപ്പ്‌ കായലിലൊടുങ്ങിയ ജീവിതങ്ങള്‍ നിരവധിയാണ്‌. കാട്ടൂര്‍ക്കടവിലെ നിരാശാഭരിതരുടെ അഭയകേന്ദ്രമാണ്‌ ചാത്രാപ്പ്‌ കായല്‍. കായലിനോരത്തുകൂടി കൃഷിപ്പണിക്കു പോകുന്നവര്‍ക്ക്‌ ഇംഗ്ലീഷിലുള്ള വര്‍ത്തമാനം കേള്‍ക്കാം. വിഷംകുടിച്ചിട്ട്‌ കായലില്‍ച്ചാടിച്ചത്ത ഇംഗ്ലീഷ്‌ രാമന്‍നായരുടെ ശബ്‌ദമാണത്‌‌. ജീവിതത്തിന്റെയും മരണത്തിന്റെയും സൗരഭ്യമിറ്റുന്ന കഥകളാണ്‌ രാമന്‍നായര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നത്‌. തണ്ണിച്ചിറക്കായലാണ്‌ കാട്ടൂര്‍ക്കടവിന്റെ മറ്റൊരടയാളം. അവിടേക്ക്‌ തള്ളിനില്‍ക്കുന്ന രണ്ട്‌ മുനമ്പുകളുണ്ട്‌. കല്ലടത്തുരുത്തും വേലന്‍തുരുത്തും. വേലന്‍തുരുത്തിന്‌ ഇലകളുടെ മണമാണ്‌. 

ദിമിത്രിയും അമ്മ മീനാക്ഷിയുമാണ്‌ (സഖാവ്‌ മീനാക്ഷി) ഈ നോവലിലെ കേന്ദ്രകഥാപാത്രങ്ങള്‍. ദിമിത്രി വ്യാഖ്യാനങ്ങളുടെ പരിധിയിലൊതുങ്ങാത്ത കഥാപാത്രമാണ്‌. കലാലയകാലത്ത്‌ വിപ്ലവപ്രവര്‍ത്തനത്തില്‍ ആകൃഷ്‌ടനായിരുന്ന ദിമിത്രി കൈക്കൂലിക്കേസിലകപ്പെട്ട്‌ ജയിലിലാകുന്നു. അന്ന്‌ അവനോടൊപ്പം കാമ്പസിലുണ്ടായിരുന്ന മുത്തുലക്ഷ്‌മി ഇപ്പോഴും വിപ്ലവപാതയില്‍ തുടരുകയും അതിന്റെ പേരില്‍ സ്‌ത്രീകളുടെ ജയിലില്‍ കിടക്കുകയും ചെയ്യുന്നു. ദിമിത്രി ജയിലിലായതോടെ അമ്മ മീനാക്ഷി രോഗശയ്യയിലായി. പിന്നെ മരണത്തിന്‌ കീഴടങ്ങി. അമ്മയുടെ മൃതശരീരം കാണാന്‍ ദിമിത്രി നിന്നില്ല. വ്യക്തികളെ മാത്രമല്ല ചുറ്റുമുള്ളതിനെയെല്ലാം വെറുക്കുന്നൊരു മാനസികഘടനയാണയാള്‍ക്ക്‌. പ്രളയജലം ഈ പ്രപഞ്ചത്തെത്തന്നെ മുക്കിക്കളഞ്ഞെങ്കിലെന്ന്‌ അയാള്‍ കൊതിക്കുന്നു. ചുവപ്പുരാശി പൂണ്ട എഴുപതുകളില്‍ വിപ്ലവപാതയിലുണര്‍ന്ന രക്തതാരകമിന്ന്‌ ജയില്‍മുറിക്കുള്ളില്‍ കൈക്കൂലിക്കേസില്‍പ്പെട്ട്‌ കെട്ടുകിടക്കുന്നു. ജാതീയവും വര്‍ണപരവുമായ വിവേചനങ്ങളുടെ ബലിയായി ദിമിത്രി പരിവര്‍ത്തനപ്പെടുന്നിടത്താണ്‌ അവനിലെ ദുരന്തബോധം തെളിയുന്നത്‌. ഏകാകിത്വം സ്‌കൂള്‍ ജീവിതത്തിലേ അവനില്‍ നിറഞ്ഞിരുന്നു. ‘നന്തുണിയെന്ന’ അപരനാമം ദിമിത്രിയിലാഴ്‌ത്തിയ പ്രതിഷേധത്തിന്റെ കനല്‍ അണഞ്ഞതേയില്ല. അച്ഛന്റെ വീട്ടില്‍ പോലും ജാത്യധിക്ഷേപം അവന്‌ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്‌. ‘ചാക്കോരു മാഷ്‌ കറുത്തിട്ടാണ്‌. ജാനകിട്ടീച്ചറ്‌ വെളുത്തിട്ടും. ഒരാള്‌ പള്ളി, മറ്റേ ആള്‌ അമ്പലം. അപ്പെങ്ങന്യാണ്‌ ലവുണ്ടാവുക’ സ്‌കൂള്‍ കാലത്ത്‌ സഹപാഠിയായിരുന്ന അബു ദിമിത്രിയോട്‌ ചോദിക്കുന്ന ഈ ചോദ്യത്തിന്‌ നിഷ്‌കളങ്കതയുടെ രുചിയുണ്ടെങ്കിലും അതില്‍ വിനാശകരമായൊരു നിറജാതി സൂചനയുണ്ട്‌. വെളുപ്പും കറുപ്പും പള്ളിയും അമ്പലവും പ്രണയഭൂമികയിലെ ഇരുള്‍നിലങ്ങളാണെന്ന കിശോരബോധ്യത്തില്‍‌ സമൂഹത്തില്‍ അടിയുറച്ചുപോയ ജാതിചിന്തയുടെ പ്രതിഫലനമുണ്ട്‌. ഒരേ സമയം നിഷ്‌ക്കളങ്കവും എന്നാല്‍ ഒട്ടും നിഷ്‌ക്കളങ്കവുമല്ലാത്ത ആ ചോദ്യത്തിന്‌ ദിമിത്രിയുടെ മനസില്‍ ഉത്തരമൊന്നും തെളിഞ്ഞിട്ടുണ്ടാവില്ല. 

ഭൂതകാലം പകര്‍ന്ന ആത്മവീര്യത്തിലൂടെ വര്‍ത്തമാനകാലത്തിന്റെ തുറസുകളിലേക്ക്‌ വഴിമാറുന്ന മാനുഷികബന്ധങ്ങളുടെയും ജീവിതദര്‍ശനങ്ങളുടെയും ഉലയിലലിഞ്ഞ ദര്‍ശനമാണ്‌ കാട്ടൂര്‍ക്കടവിലെ ഓരോ മനുഷ്യര്‍ക്കുമുള്ളത്‌. ജീവിതപ്പകര്‍ച്ചയില്‍ തിരിച്ചടികളില്‍ സന്ദേഹികളാകുന്നവരും വിപ്ലവപാത വെടിഞ്ഞ്‌ വിശ്വാസികളാകുന്നവരുമുണ്ട്‌‌. കേരളത്തിലെ നവോത്ഥാനമുന്നേറ്റങ്ങളുടെ ജീവല്‍സ്‌പന്ദം നിറഞ്ഞ അനുഭവം, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം വഴി മനുഷ്യജീവിതത്തിലുണ്ടായ മാറ്റം, ഒടുങ്ങാത്ത ജാതിബോധത്തിന്റെ അലകള്‍, അതിനെ പ്രതിരോധിക്കാന്‍ കഴിയാതെ പോയ പ്രത്യയശാാസ്‌ത്ര പരിമിതി ഇവയെല്ലാം ചേരുന്നതാണീ നോവല്‍. ദേശത്തിന്റെ ഒഴിയാത്ത ഓര്‍മകളില്‍ വിപ്ലവം നയിച്ച മഹാരഥന്മാരെല്ലാമുണ്ട്‌. പ്രത്യയശാസ്‌ത്രചിന്ത ഉപേക്ഷിച്ചവരുടെയും തുടരുന്നവരുടെയും ചിന്തകളിതില്‍ പുലരുന്നുണ്ട്‌. 

കാട്ടൂര്‍ക്കടവന്റെ ചരിത്രസഞ്ചാരമാണീ നോവല്‍. 2018 ലെ പ്രളയം പശ്ചാത്തലമാക്കി കാട്ടൂരെന്ന ദേശത്തിന്റെ സൂക്ഷ്‌മവായന നിര്‍വഹിക്കുകയാണ്‌ നോവലിസ്റ്റ്‌. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ വിമര്‍ശനാത്മകമായി സമീപിക്കുമ്പോഴും കേരളീയജീവിതത്തില്‍ പ്രസ്ഥാനമുണ്ടാക്കിയ മാറ്റം ഉള്‍ക്കൊള്ളുകയും ജാതിബോധം സൃഷ്‌ടിച്ച വേര്‍തിരിവുകളെ പ്രസ്ഥാനത്തിന്‌ ശരിയായി വിലയിരുത്താനാകാതെ പോയതിലുള്ള പ്രതിഷേധം വെളിപ്പെടുത്തുകയും ചെയ്യുകയാണ്‌ നോവലിസ്റ്റ്‌ ചെയ്യുന്നത്‌. വര്‍ഗവഞ്ചനയുടെ കയ്‌പുനീരല്ല ആത്മാര്‍ഥതയുടെ തെളിമയാണ്‌ നോവലിസ്റ്റിന്റെ വാക്കുകളില്‍ തെളിയുന്നത്‌. കമ്മ്യൂണിസ്റ്റ്‌ വിമര്‍ശനം അലങ്കാരമായി കൊണ്ടുനടക്കുകയും കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രവിമര്‍ശനത്തിലൂടെ ആളാകാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്യുന്ന പിന്തിരിപ്പന്‍ബോധ്യമല്ല നോവലിസ്റ്റിനെ നയിക്കുന്നത്‌. വിമര്‍ശനവും സ്വയംവിമര്‍ശനവുമെന്ന കമ്മ്യൂണിസ്റ്റ്‌ പാത ശരിയായി പിന്തുടരുന്ന നോവലാണിത്‌. അതുകൊണ്ടു തന്നെ കേരളത്തിന്റെ സാമൂഹ്യമനസിന്റെ പ്രതിഫലനമായി നോവല്‍ മാറുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.