22 December 2024, Sunday
KSFE Galaxy Chits Banner 2

ഭക്തമീരയുടെ രസഭാവങ്ങൾ പകർന്ന് “കൃഷ്ണമയീ മീര’

Janayugom Webdesk
June 27, 2022 4:50 pm

കൃഷ്ണഭക്തിയിൽ ലയിച്ച് ഭഗവാന്‍റെ പാദാരബിന്ദങ്ങളിൽ ജീവിതം സമർപ്പിച്ച ഭക്തമീരയുടെ രസഭാവങ്ങൾ പകർന്ന് “കൃഷ്ണമയീ മീര’ കഥക്. വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടന ഗ്രാമത്തിൽ നടക്കുന്ന നാട്യോത്സവം ഡാൻസ് ഫെസ്റ്റിവെല്ലിലെ നാലാം ദിനത്തിലാണു പ്രശസ്ത കഥക് നർത്തകരായ കമലിനി അസ്ഥാന , നളിനി അസ്ഥാന എന്നിവർ അവതരിപ്പിച്ച കഥക് നൃത്തം “കൃഷ്ണമയീ മീര’യാണ് ആസ്വാദകർക്കു നവ്യാനുഭവമായത്. മീരയുടെ ജനനം മുതൽ കൃഷ്ണനിൽ അലിഞ്ഞു ചേരുന്നതുവരെയുള്ള കഥാ സന്ദർഭങ്ങളെ കഥകിലൂടെ പ്രേക്ഷരുമായി സംവദിക്കുന്നു.

ഭക്തിയെ തള്ളിപ്പറഞ്ഞവരും അതു മുടക്കാൻ ശ്രമിച്ചതും ഒടുവിൽ മീരയുടെ ഭക്തിയുടെ ശക്തിയും ദൈവിക സാന്നിധ്യവും തിരിച്ചറിയുന്നതും മീരയുടെ ഭജനിൽ ദ്വാരക വാതിൽ തനിയെ തുറന്ന് എല്ലാം മറന്നു ശ്രീകോവിലിലേക്കു ഓടിക്കയറിയ മീര കൃഷ്ണ വിഗ്രഹത്തിലേക്കു അലിഞ്ഞു അപ്രത്യകഷയാകുകയും ചെയ്യുന്ന കഥാമൂഹൂർത്തങ്ങളെ ഭക്തരസഭാവതാളങ്ങളുടെ അകമ്പടിയോടെ വേദിയിൽ ആസ്വാദകർ മതിമറന്ന് ആസ്വദിച്ചു. 

ഗുരു ഡോ അറ്റാസി മിസ്രയുടെ ഒഡിസി നൃത്തവും പ്രേക്ഷ ശ്രദ്ധനേടി. ഡൽഹിയിലുള്ള കലാ കല്‍പ്പ് സംസ്കൃതി സധൻ വിദ്യാർത്ഥികളും ഗുരു അറ്റാസി മിസ്രയും ചേർന്ന് ചുവടുകൾ വെച്ചു. ‌നവരസാഭിനയം ആണ് നൃത്താവിഷ്ക്കാര രൂപത്തിൽ അവതരിപ്പിച്ചത്. തുടർന്നു വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടന കേന്ദ്രത്തിലെ വിദ്യാർഥികൾ അവതരിപ്പിച്ച കേരള നടനവും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.