5 December 2025, Friday

നാശം വിതച്ച് കല്‍മേഗി; ഫിലിപ്പീന്‍സില്‍ 200 മരണം

Janayugom Webdesk
ഹാനോയ്
November 7, 2025 10:21 pm

ഫിലിപ്പീൻസിൽ 200 പേരുടെ മരണത്തിന് ഇടയാക്കുകയും കനത്ത നാശം വിതക്കുകയും ചെയ്തതിന് പിന്നാലെ വിയറ്റ്നാമിലും ആഞ്ഞടിച്ച് കൽമേഗി ചുഴലിക്കാറ്റ്. അഞ്ച് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി ഡക് ലക്, ജിയാ ലായ് പ്രവിശ്യകൾക്ക് മധ്യേ മണിക്കൂറിൽ 149 കിലോമീറ്റർ വേഗതയിലാണ് കൽമേഗിയെത്തിയത്. ഏഴ് പേർക്ക് പരിക്കേറ്റതായും ഏകദേശം 2,800 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. ഏകദേശം 1.3 ദശലക്ഷം ആളുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. ആറ് വിമാനത്താവളങ്ങൾ അടച്ചു. തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി 2,68,000 സൈനികരെ നിയോഗിച്ചിട്ടുണ്ട്. 

ശക്തമായ മഴ തുടരുന്നതിനാൽ ഹോചിമിൻ സിറ്റിയിലടക്കം വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്ന് ആശങ്കയുണ്ട്. തൻ ഹോവ മുതൽ ക്വാങ് ട്രൈ വരെയുള്ള പ്രവിശ്യകളിൽ 200 മില്ലിമീറ്റർ (8 ഇഞ്ച്) വരെ കനത്ത മഴ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ ഹ്യൂ മുതൽ ഡാക് ലക് വരെയുള്ള നദികളിലെ ജലനിരപ്പ് ഉയരുന്നത് വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായേക്കും. കടലാക്രമണം രൂക്ഷമായതോടെ തീരപ്രദേശങ്ങളിൽ നിന്ന് ഒഴിയാൻ ജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ചുഴലിക്കാറ്റ് ഫിലിപ്പീൻസിലുടനീളം വീശിത്തുടങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് വിയറ്റ്നാമിൽ പ്രവേശിച്ചത്. ഫിലിപ്പീൻസിൽ, പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. 135 പേരെ കാണാതായതായും 96 പേർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം ദക്ഷിണ ചൈനാക്കടലിൽ രൂപം കൊള്ളുന്ന 13-ാമത്തെ ചുഴലിക്കാറ്റാണ് കൽമേഗി. പസഫിക് ടൈഫൂൺ ബെൽറ്റിനടുത്തുള്ള സ്ഥലങ്ങളായതിനാൽ വിയറ്റ്നാമും ഫിലിപ്പീൻസും ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾക്കും ചുഴലിക്കാറ്റുകൾക്കും വളരെ സാധ്യതയുള്ളവയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.