24 January 2026, Saturday

കാമ്പിശേരി ജന്മശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു

സമാഹൃത കൃതികള്‍ പ്രകാശനം ചെയ്തു 
സ്വന്തം ലേഖകന്‍
കൊല്ലം
July 27, 2023 11:01 pm

കാമ്പിശേരി കരുണാകരന്റെ വേര്‍പാടിന് 46 വര്‍ഷം തികഞ്ഞദിനത്തില്‍ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കാമ്പിശേരി കൃതികളുടെ പ്രകാശനവും കാമ്പിശേരി ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനവും പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടന്നു. സമ്മേളന ഉദ്ഘാടനവും പുസ്തകപ്രകാശനവും കഥാകാരന്‍ ടി ഡി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. മലയാളിയുടെ വായനാശീലത്തെയും ചിന്താശീലത്തെയും രാഷ്ട്രീയബോധങ്ങളെയും പുനര്‍നിര്‍വചിക്കുന്നതിന് ഏറ്റവും ശക്തമായ പങ്ക് വഹിച്ച പ്രമുഖനായ പത്രാധിപരും എഴുത്തുകാരനും നാടക പ്രവര്‍ത്തകനും നടനുമെല്ലാമായിരുന്നു കാമ്പിശേരി കരുണാകരനെന്ന് ടി ഡി രാമകൃഷ്ണന്‍ അനുസ്മരിച്ചു. അതിസങ്കീര്‍ണമായ വിഷയങ്ങളെപ്പോലും ഏറ്റവും ലളിതമായി വായനക്കാരിലേയ്ക്ക് എത്തിക്കുന്ന ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചത്. അതിന്റെ ഉല്പന്നങ്ങളാണ് അദ്ദേഹത്തിന്റെ നോവലും ലേഖനങ്ങളും കുറിപ്പുകളുമെല്ലാം എന്നും ടി ഡി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

പ്രൊഫ. അലിയാര്‍ കാമ്പിശേരി സ്മാരക പ്രഭാഷണം നടത്തി. അത്ഭുതപ്പെടുത്തിയ ജീവിതമായിരുന്നു കാമ്പിശേരിയുടേതെന്ന് പ്രൊഫ. അലിയാര്‍ പറഞ്ഞു. അഭിനയം പരിശീലിക്കുന്നവര്‍ക്ക് ഒരു പാഠപുസ്തകമായിരുന്നു ‘അഭിനയ ചിന്തകള്‍’ എന്ന പുസ്തകം. എത്ര പറഞ്ഞാലും തീരാത്ത കഥകളാണ് ഈ മാതൃകാപുരുഷനെക്കുറിച്ചുള്ളത്. നമുക്ക് ചൂണ്ടിക്കാട്ടാന്‍ മാതൃകകളില്ലെന്നതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ അപചയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടപ്പാക്കട കാമ്പിശേരി കരുണാകരന്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് പുസ്തകം സ്വീകരിച്ചു. ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ മുല്ലക്കര രത്നാകരന്‍ അധ്യക്ഷത വഹിച്ചു. പി എസ് സുപാല്‍ എംഎല്‍എ, കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം വി എസ് ബിന്ദു, അഡ്വ. ആര്‍ വിജയകുമാര്‍, അഡ്വ. ജി ലാലു, റാഫി കാമ്പിശേരി, എ ബിജു, എ രാജീവ് എന്നിവര്‍ സംസാരിച്ചു. പി എസ് സുരേഷ് സ്വാഗതവും ജയന്‍ മഠത്തില്‍ നന്ദിയും പറഞ്ഞു.

Eng­lish Summary:kambisseri karunakaran birth cen­te­nary cel­e­bra­tions concluded
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.