പഠനകാലം മുതലുള്ള സഹപാഠികൾ, ഒപ്പം നടന്ന രാഷ്ട്രീയ പ്രവർത്തകർ, കൂടെ പ്രവർത്തിച്ച നിയമസഭാ സാമാജികർ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ കൂടപ്പിറപ്പുകളായ പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിങ്ങനെ ജീവിതത്തിലുടനീളം കാനം ചേർത്തുപിടിച്ച നിരവധി പേരുടെ ജ്വലിക്കുന്ന ഓർമ്മകളും അദ്ദേഹം കേൾക്കാനാഗ്രഹിച്ച പാട്ടുകളും ഒക്കെയായി കാനം സ്നേഹസായന്തനം. സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കനലോർമ്മ, കാനം സ്നേഹസായന്തനം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ളവർ ഓർമ്മകളുമായി ഒത്തുചേർന്നത്.
കോട്ടയം ബസേലിയസ് കോളജിന്റെ വിദ്യാർത്ഥി ചരിത്രത്തിൽനിന്നും കേരളരാഷ്ട്രീയ നേതൃനിരയിൽ നിർണായക ഇടം അടയാളപ്പെടുത്തിയ പൂർവവിദ്യാർത്ഥിക്ക് സ്മരണാഞ്ജലിയും സുഹൃത്‌സംഗമവും ഗാനാർച്ചനയും ഒക്കെ ചേർത്ത് നടത്തിയ അനുസ്മരണം ശ്രദ്ധേയമായി. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാനത്തിന്റെ ബാല്യകാലസുഹൃത്തും സഹപാഠിയുമായ മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കോളജ് പഠനകാലത്തെ തങ്ങളുടെ ഒരുമിച്ചുള്ള യാത്രകളും, യൂണിയൻ തെരഞ്ഞെടുപ്പും പിന്നീട് കാനം തന്നെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമാക്കിയതുമായുള്ള ഓർമ്മകൾ പങ്കുവച്ചായിരുന്നു തുടക്കം. പി കെ മേദിനി എത്തിയത് മനസു നന്നാവട്ടെ, മതമേതെങ്കിലുമാവട്ടെ എന്ന ഗാനവുമായായിരുന്നു. പിന്നാലെ എത്തിയ രാഷ്ട്രീയ പ്രവർത്തകർക്കും, എംഎൽഎമാർക്കും മറ്റുള്ളവർക്കുമൊക്കെ പറയാനുണ്ടായിരുന്നത് കേരള രാഷ്ട്രീയത്തിലെ അതികായനായ കാനത്തേക്കാൾ, സൗഹൃദത്തിന് വില നൽകിയിരുന്ന, രാഷ്ട്രീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിരുന്ന, നിലപാടുകളിൽ ഉറച്ചു നിന്നിരുന്ന, സൗഹൃദങ്ങളെ ചേർത്ത് നിർത്തിയിരുന്ന കാനത്തെ കുറിച്ചായിരുന്നു. മന്ത്രി ജി ആർ അനിൽ, രാഷ്ടീയനേതാക്കളായ രമേശ് ചെന്നിത്തല, വൈക്കം വിശ്വൻ, പന്ന്യൻ രവീന്ദ്രൻ, ഫ്രാൻസിസ് ജോർജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സി ജോസഫ്, കെ ജെ തോമസ്, അഡ്വ ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ്, ഗവ ചീഫ് വിപ്പ് എൻ ജയരാജ്, ജില്ലയിലെ എംഎൽഎമാർ, ജോസ് പനച്ചിപ്പുറം, രവി ഡിസി, ജോഷി മാത്യു, വേണു, ഡോ മ്യൂസ്‌മേരി ജോർജ്, അടക്കം രാഷ്ട്രീയ, സാമൂഹിക, കലാസാംസ്കാരിക മേഖലകളിലെ നൂറോളം പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ആർട്ടിസ്റ്റ് സുജാതനും ഗ്രാഫിക് ഡിസൈനർ എസ് രാധാകൃഷ്ണനും ചേർന്ന് രൂപകല്പനചെയ്ത വേദിയിൽ കോട്ടയം പൗരാവലിയുടെ സ്മരണോപഹാരം കാതോലിക്കാ ബാവ കാനം രാജേന്ദ്രന്റെ പത്നി വനജാ രാജേന്ദ്രന് കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.