24 January 2026, Saturday

കങ്കണ റണാവത്തിന്റെ പരാമർശം “അടിസ്ഥാനരഹിതവും യുക്തിരഹിതവും”: പ്രസ്താവന മോഡിക്ക് ദോഷം ചെയ്യുമെന്ന് ബിജെപി നേതാവ്

Janayugom Webdesk
ന്യൂഡല്‍ഹി
September 25, 2024 9:21 pm

കാര്‍ഷിക നിയമങ്ങളില്‍ ബിജെപി നേതാവും നടിയും മാണ്ഡി എംപിയുമായ കങ്കണ റണാവത്തിന്റെ പ്രസ്താവന കേന്ദ്ര സര്‍ക്കാരിനും മോഡിക്കും ദോഷം ചെയ്യുമെന്ന് ബിജെപി ദേശീയ വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍. കങ്കണയുടെ പ്രസ്താവന അടിസ്ഥാനരഹിതവും യുക്തിരഹിതവുമാണെന്നും ഷെര്‍ഗില്‍ തിരിച്ചടിച്ചു. 

കര്‍ഷകര്‍ക്കുവേണ്ടി മോഡി സര്‍ക്കാര്‍ നല്ല കാര്യങ്ങളാണ് ചെയ്തത്. എംപിയുടെ പ്രസ്താവനയില്‍നിന്ന് ബിജെപി അകലം പാലിക്കുകയാണ്, അവരുടെ പ്രസ്താവന മോഡി സര്‍ക്കാരിന് ദോഷം ചെയ്യുമെന്നും ഷെര്‍ഗില്‍ പറഞ്ഞു. പഞ്ചാബിനും പഞ്ചാബിലെ കര്‍ഷകരുടെ ക്ഷേമത്തിനുംവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോഡി ചെയ്ത നല്ല പ്രവര്‍ത്തിയെയും അവര്‍ നശിപ്പിക്കുകയാണ്. 

കർഷക പ്രക്ഷോഭങ്ങളെത്തുടർന്ന് റദ്ദാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്നായിരുന്നു കങ്കണ റണാവത്തിന്റെ പ്രസ്താവന. 

” പ്രസ്താവന വിവാദമാകുമെന്ന് എനിക്കറിയാം, എന്നാൽ മൂന്ന് കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണം. കർഷകർ തന്നെ അത് ആവശ്യപ്പെടണം” കങ്കണ പറഞ്ഞു. ഇത് വിവാദമായതിനുപിന്നാലെ കങ്കണ റണാവത്ത് പരസ്യമായി മാപ്പ് പറയുകയും തൻ്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തതിരുന്നു. വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കുപകരം പാര്‍ട്ടിയുടെ നിലപാടുമായി യോജിക്കുന്നുണ്ടോ എന്നുറപ്പാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.