
മേട മാസം വിരുന്നെത്തുന്ന വിഷുവിന് മുന്നേ കണിക്കൊന്നകൾ പൂത്തു തളിർത്തു. കൊടുംവേനലിനു തൊട്ടുമുന്നേ പൂവിടുകയും കാലവർഷം എത്തുമ്പോഴേക്കും കായ്കൾ വിത്തു വിതരണത്തിനു പാകമാവുകയും ചെയ്യുന്ന പതിവ് ശീലമെല്ലാം കാലം തെറ്റി. വേനൽക്കാലത്തിന്റെ ആരംഭത്തോടെ ഇലകൾ പൊഴിക്കുകയും മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിൽ പൂവിട്ടുനിൽക്കുകയും ചെയ്യുന്നവയായിരുന്നു കണിക്കൊന്നകൾ.
കൊന്ന പൂത്ത് ഏകദേശം 45 ദിവസത്തിനകം കാലവർഷം എത്തുമെന്നായിരുന്നു പഴമക്കാരുടെ നിരീക്ഷണം. എന്നാൽ കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം കാലവും കണക്കും തെറ്റിച്ച് ഇന്ന് വഴിനീളെ കണിക്കൊന്നകൾ പൂവിട്ട് നിൽക്കുന്നത് കൗതുകം ഉണർത്തുകയാണ്. വിഷുവെത്താൻ ഇനിയും രണ്ട് മാസത്തിലേറെ സമയമുള്ളപ്പോഴാണ് കണിക്കൊന്നകൾ നേരത്തെ പൂവിട്ടിരിക്കുന്നത്. ചൂട് ശക്തമാകുമ്പോൾ മണ്ണിലെ ജലാംശത്തിന്റെ അളവ് കുറയുകയും ചെടികൾ അവയുടെ ജീവിത ചക്രം പൂർത്തിയാക്കാൻ സ്വയം പ്രതിരോധം തീർക്കുകയും ചെയ്യുന്നതിനാലാണ് ഇത്തരത്തിൽ കണിക്കൊന്നകളുടെ പൂവിടൽ സമയങ്ങളിൽ വ്യത്യാസം വരുന്നതെന്ന് കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള അരോമാറ്റിക് ആൻഡ് മെഡിസിനൽ പ്ലാന്റ് റിസർച്ച് സ്റ്റേഷനിലെ പ്രൊഫസർ ആൻസി ജോസഫ് പറയുന്നു.
കണിക്കൊന്നകൾ സാധാരണയായി ഒരു തവണ പൂക്കുന്നവയാണ്. എന്നാൽ കാലാവസ്ഥയിലെ മാറ്റമാണ് ഇത് സൂചിപ്പിക്കുന്നത്. സസ്യങ്ങളുടെ പുഷ്പിക്കൽ പ്രക്രിയയെ നിയന്ത്രിക്കുന്നത് ഫ്ലോറിജൻ എന്ന സസ്യ ഹോർമോൺ ആണ്. ചൂടു കൂടുമ്പോൾ ഫ്ലോറിജന്റെ ഉല്പാദനം കൂടുമെന്നാണ് മറ്റൊരു ശാസ്ത്രീയ വശം. കേരളത്തിൽ സാധാരണയായി മാർച്ചിൽ പൂക്കേണ്ട കണിക്കൊന്ന ജനുവരി, ഫെബ്രുവരിയോടെ പൂക്കുകയാണിപ്പോൾ. അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മാറ്റം നേരത്തെ തിരിച്ചറിയാവുന്ന കണിക്കൊന്നകളുടെ ബയോസെൻസിങ് പവറാണ് ഇതിന് കാരണമെന്നാണ് സസ്യ ശാസ്ത്രജ്ഞർ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.