എ എസ് ഐ ജോർജിനും ടീമിനും നിർത്താത്ത കയ്യടി നൽകിക്കൊണ്ടാണ് ഓരോ കാഴ്ചക്കാരനും തിയേറ്റർ വിടുന്നത്. കേവലം താര ആരാധനയല്ല ഇതിനുപിന്നിൽ . അത്തരമൊരു സിനിമ അനുഭവം നൽകാൻ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം “കണ്ണൂർ സ്‌ക്വാഡ് ” നു കഴിഞ്ഞു എന്നതുകൊണ്ടുതന്നെയാണ് .
തികച്ചും വ്യത്യസ്തമായ ഒരു സിനിമയാണ് എന്ന് പറയ്യുന്നതു ഒരു ക്ലീഷേ പ്രയോഗമാണെങ്കിലും , പതിവ് പോലീസ് കഥാപാത്രങ്ങൾക്ക് നൽകുന്ന വീരപരിവേഷത്തിന്റെ ബഹിർഗമനമില്ലാതെ യാഥാർത്ഥ്യത്തോട് നീതിപുലർത്തിക്കൊണ്ടുള്ള കഥ പറച്ചിൽ രീതിയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് .യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി പ്രേക്ഷകനെ ബോറടിപ്പിക്കാത്ത രീതിയിൽ സിനിമാറ്റിക് ആയ രംഗങ്ങളും ഉൾക്കൊള്ളിച്ച് രസച്ചരട് മുറിയാതെ ചിത്രം മുന്നോട്ടുപോകുന്നു .
കാസർഗോട്ടെ ഒരു പ്രമുഖന്റെ കൊലപാതക കേസ് അന്വേഷിക്കാനായി നിയമിക്കുന്ന എ എസ് ഐ ജോർജിന്റെയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അനായാസം കുറ്റാന്വേഷണങ്ങൾ നടത്തുന്ന നാലംഗ ടീമും കൊലയാളികളെ തേടി ഇന്ത്യയിൽ പലയിടങ്ങളിലായി നടത്തുന്ന യാത്രയുമാണ് കഥാതന്തു. അതുകൊണ്ടുതന്നെ ക്രൈം ത്രില്ലെർ എന്നതിനോടൊപ്പം ഒരു റോഡ് മൂവിയുടെ സ്വഭാവവും ചിത്രം പുലർത്തുന്നു.
എ എസ് ഐ ജോർജായി മമ്മൂട്ടിയും മറ്റു മൂന്നു ടീം അംഗങ്ങളായി അസീസ് നെടുമങ്ങാടും , ശബരീഷ് വർമ്മയും ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളുകൂടിയായ റോണി ഡേവിഡ് രാജും എത്തിയപ്പോൾ കഥാപാത്രങ്ങളുടെ പ്രകടനമികവുകൊണ്ടും ചിത്രം ഒരുപടിമുന്നിലായി . ഒരുപാട് കഥാപാത്രങ്ങൾ ഇല്ലെങ്കിലും വന്നുപോകുന്ന ഓരോ മുഖങ്ങളിലും കണ്ണുടക്കുകയും അവരോരുത്തരും പ്രേക്ഷകരെ ത്രസിപ്പിക്കുകയും ചെയ്യുന്നുണ്ട് . സ്‌ക്വാഡിലെ ഒരംഗം കൈക്കൂലി കേസിൽ അന്വേഷണവിധേയനായതിന്റെ അപമാനഭാരവും പേറിയാണ് കണ്ണൂർ സ്‌ക്വാഡ് രംഗത്തിറങ്ങുന്നത്. ആ സംഭവം വ്യക്തിപരമായി അവർക്കിടയിൽ പല ഭിന്നതകൾക്കും ഇടയാക്കുന്നുണ്ടെങ്കിലും മേലുദ്യോഗസ്ഥരുടെ പിന്തുണയും ടീം സ്പിരിറ്റും സമ്മർദ്ദങ്ങൾ മറികടന്ന് ഇവരെ ലക്ഷ്യത്തിലെത്തിക്കുന്നു .അതിനായി അവർ മഹാരാഷ്ട്രയും ഉത്തർപ്രദേശും ഉൾപ്പെടെയുള്ള നോർത്തിന്ത്യൻ സംസ്ഥാനങ്ങളിലൂടെ തങ്ങളുടെ പോലീസ് ജീപ്പിൽ യാത്രനടത്തുന്നു. ഇതിൽ പലയിടത്തുവച്ചും അവർക്കു കുറ്റവാളികളുടെ കത്തിയെയും തോക്കിനെയും എതിരിടേണ്ടിയും വരുന്നു . ഉദ്യോഗസ്ഥർക്കിടയിലെ വേർതിരിവുകളും സിസ്റ്റത്തിന്റെ ചില സന്ദർഭങ്ങളിലെ അധാർമ്മികതയും വെളിപ്പെടുമ്പോൾ തന്നെ റാങ്കുകളുടെ സ്വർണപ്പതക്കങ്ങളില്ലാത്ത വെറും സാധാരണ പോലീസുകാരുടെ ടീമായ കണ്ണൂർ സ്‌ക്വാഡ് തങ്ങളുടെ ഇൻവെസ്റ്റിഗേറ്റീവ് ഇന്റലിജൻസിലൂടെയും കഠിനാധ്വാനത്തിലൂടെയും നീതിബോധമുള്ള ചില മേലുദ്യോഗസ്ഥരുടെ പിന്ബലത്തോടെയുമാണ് അന്വേഷണം പൂർത്തിയാക്കുന്നത് . അത്തരം രണ്ടു മേലുദ്യോഗസ്ഥ കഥാപാത്രങ്ങളാണ് കിഷോർ അവതരിപ്പിച്ച എസ്. പി മനു നീതി ചോളൻ ഐപിഎസ്സും , വിജയരാഘവൻ അവതരിപ്പിച്ച എസ്. പി കൃഷ്ണലാൽ ഐപിഎസ്സും .
മമ്മൂട്ടി കമ്പനിയുടെ മറ്റെല്ലാ ചിത്രങ്ങളിലെയും പോലെ സാങ്കേതികത്തികവുകൊണ്ടും കണ്ണൂർ സ്‌ക്വാഡ് മികവുപുലർത്തുന്നു . ചിത്രത്തിന്റെ നട്ടെല്ലായി നിൽക്കുന്ന മുഹമ്മദ് ഷാഫിയുടെയും റോണി ഡേവിഡ് രാജിന്റെയും തിരക്കഥയും മുഹമ്മദ് റാഹിലിന്റെ മികച്ച ഛായാഗ്രഹണവും, ശരാശരിയായി പോവേണ്ടിയിരുന്ന പലസന്ദര്ഭങ്ങളിലും പ്രേക്ഷകനെ പിടിച്ചിരുത്തിയ സുഷിൻശ്യാമിന്റെ സംഗീതവും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുണ്ട് . കുറ്റവാളികളായി വേഷമിട്ട അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത . രോമാഞ്ചമുണ്ടാക്കുന്ന, കാണികളെ നിർത്തി കയ്യടിപ്പിക്കുന്ന പല സന്ദര്ഭങ്ങളും ചിത്രത്തിൽ പലയിടത്തായി കരുതിയിട്ടുണ്ട് . കുറഞ്ഞ പ്രൊമോഷനിൽ പുറത്തിറങ്ങിയ “കണ്ണൂർ സ്‌ക്വാഡ്” ഒരു മെഗാസ്റ്റാർ പടം എന്നതിലുപരി ഒരു മികച്ച സിനിമ അനുഭവം പ്രേക്ഷകന് നൽകുന്നുണ്ട് എന്നതുതന്നെയാണ് തീയ്യറ്ററുകളിൽ ആളുകൾ നിറയാനുള്ള പ്രധാന കാരണം. സിനിമയുടെ എൻഡ് കാർഡിൽ യഥാർത്ഥ കണ്ണൂർ സ്‌ക്വാഡ് ടീമംഗങ്ങളുടെ ചിത്രം കൂടി കാണുമ്പോൾ ആവേശം ഇരട്ടിയാവുന്നു . കാശുമുടക്കി ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകനെ നിരാശപ്പെടുത്താത്ത ഒരു സിനിമാ അനുഭവം തന്നെയായിരിക്കും കണ്ണൂർ സ്‌ക്വാഡ് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.