25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 12, 2024
November 8, 2024
November 7, 2024
November 4, 2024
October 25, 2024
October 25, 2024
October 23, 2024
October 21, 2024
October 21, 2024

കന്‍വാര്‍ യാത്ര: വിവാദ ഉത്തരവ് സുപ്രീം കോടതി തടഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
July 22, 2024 10:55 pm

കന്‍വാര്‍ യാത്രാ റൂട്ടിലെ ഭക്ഷണശാലകള്‍ക്ക് മുന്നില്‍ കടയുടമകളുടെ പേര് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വി എന്‍ ഭാട്ടി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

വിഷയത്തില്‍ യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു. വിവാദ ഉത്തരവ് മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണെന്ന് നിരീക്ഷിച്ച കോടതി വിഷയം വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം കന്‍വാര്‍ യാത്രാ റൂട്ടിലെ ഭക്ഷണശാലകള്‍ക്ക് മുന്നില്‍ ഏതുതരം ഭക്ഷണമാണ് അവിടെ വിതരണം ചെയ്യുകയെന്ന് പ്രദര്‍ശിപ്പിക്കണമെന്ന് ബെഞ്ച് ഉത്തരവില്‍ വിശദീകരിച്ചു.
പൊലീസിന്റെ ഉത്തരവ് അമിതാധികാര പ്രയോഗമാണെന്ന് കോടതി നിരീക്ഷിച്ചു. ഹോട്ടലുകള്‍ക്ക് ഉത്തരവുകള്‍ നല്‍കേണ്ടത് പൊലീസല്ല ഭക്ഷ്യ സുരക്ഷാ അതോറിട്ടിയാണ്. പൊലീസ് ഉത്തരവ് തൊഴിലെടുക്കാനുള്ള മൗലികാവകാശത്തിന് വിരുദ്ധമാണ്. കന്‍വാരിയകള്‍ക്ക് അവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് സസ്യാഹാരം വിളമ്പുന്നുവെന്നും, ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്നും ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ കടയുടമകളുടെയും ജീവനക്കാരുടെയും പേര് പ്രദര്‍ശിപ്പിക്കണമെന്ന് വ്യക്തമായ നിയമത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഉത്തരവിറക്കുന്നത് ഇന്ത്യയുടെ മതേതര സ്വഭാവത്തെ ലംഘിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന വഴിയിലെ ഹോട്ടലുകള്‍, ധാബകള്‍, തട്ടുകടകള്‍ തുടങ്ങിയിടങ്ങളില്‍ ഉടമയുടെയും ജോലി ചെയ്യുന്നവരുടെയും പേര് എഴുതിവയ്ക്കണമെന്നായിരുന്നു യുപിയിലെ മുസഫര്‍നഗര്‍ പൊലീസിന്റെ ഉത്തരവ്. വിവാദമായതിന് പിന്നാലെ ഈ ഉത്തരവ് ആദിത്യനാഥ് സര്‍ക്കാര്‍ സംസ്ഥാന വ്യാപകമാക്കി. പിന്നീട് ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സര്‍ക്കാരുകളും ഇതേ മാതൃക ഏറ്റെടുത്തു.
അസോസിയേഷന്‍ ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്, പ്രൊഫ. അപൂര്‍വാനന്ദ്, ആകാര്‍ പട്ടേല്‍, മഹുവ മൊയ്ത്ര എംപി തുടങ്ങിയവരാണ് യുപി സര്‍ക്കാരിന്റെ വിവാദ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത്തരമൊരു ഉത്തരവ് മതപരമായ വിവേചനമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഭക്ഷണം വിളമ്പുന്നത് ഏതു മതക്കാരാണെന്ന് തിരിച്ചറിയണമെന്ന് നിഷ്‌കര്‍ഷിക്കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിംഘ്‌വി വാദിച്ചു. ഇത് സമൂഹത്തില്‍ വേര്‍തിരിവ് രൂക്ഷമാക്കും. വിവാദ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിഴ ഈടാക്കുന്നതായി വാര്‍ത്തകളുണ്ടെന്നും സിംഘ്‌വി കോടതിയില്‍ ചൂണ്ടിക്കാട്ടി. 

Eng­lish Sum­ma­ry: Kan­war Yatra: Con­tro­ver­sial order stayed by Supreme Court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.