തീരപരിപാലന ചട്ടം ലംഘിച്ച് നിർമിച്ച ആലപ്പുഴ പാണാവള്ളി നെടിയൻ തുരുത്തിലെ കാപ്പിക്കോ റിസോർട്ട് പൊളിക്കൽ വീണ്ടും ഊർജിതമായി. 54 വില്ലകളിൽ 34 എണ്ണമാണ് ഇതുവരെ പൊളിച്ച് നീക്കിയത്. വില്ലകൾ കൂടാതെ പ്രധാന കെട്ടിടവും നീന്തൽ കുളവും പൊളിക്കാനുണ്ട്. റിസോർട്ട് പൊളിക്കൽ മാർച്ച് 28നകം പൂർത്തിയായില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ പൊളിക്കൽ നടപടികൾ തുടങ്ങിയെന്നും ഇത് പൂർത്തിയാക്കാൻ കുറച്ച് സമയം കൂടി മാത്രം മതിയാകുമെന്നും സംസ്ഥാനത്തിനായി ഹാജരായ സ്റ്റാൻഡിംഗ് കൗൺസൽ സി കെ ശശി കോടതിയെ അറിയിച്ചു. മാർച്ച് 28നകം പൊളിക്കൽ നടപടികൾ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. പൊളിക്കൽ നിർത്തിവെച്ചതിനെതിരെ ജനസമ്പർക്ക സമിതിയാണ് കോടതിയെ സമീപിച്ചത്. നടപടി വേഗത്തിലാക്കണമെന്ന് കഴിഞ്ഞ ദിവസം കളക്ട്രേറ്റിൽ ചേർന്ന ഉന്നത തല യോഗം റിസോർട്ട് നടത്തിപ്പുകാരോട് ആവശ്യപ്പെട്ടിരുന്നു.
മാർച്ച് 15 ‑നകം ജോലികൾ പൂർത്തീകരിക്കുമെന്ന് ഇവർ ഉറപ്പ് നൽകി. ഇന്ന് രാവിലെ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ പ്രദേശം സന്ദർശിക്കും.
കെട്ടിടങ്ങൾ പൊളിച്ച അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്തിട്ടില്ല. 35,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിട സമുച്ചയമാണ് ഇനി പൊളിക്കാനുള്ളത്. തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ച റിസോർട്ട് പൊളിക്കണമെന്നു 2020 ജനുവരിയിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കോവിഡ് സാഹചര്യത്തിൽ വൈകിയ പൊളിക്കൽ പിന്നീട് 2022 സെപ്റ്റംബർ 15ന് ആരംഭിച്ചിരുന്നു.
English Summary; Kapiko Resort Demolition Underway; Now there are 20 villas to move
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.