കാപ്പ കേസിൽ തടങ്കലിന് ഉത്തരവായ പ്രതിയെ പിടികൂടാൻ പോയ എസ്ഐയെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പടപ്പക്കര ലൈവി ഭവനിൽ ആന്റണി ദാസ് (29) ആണ് കുണ്ടറ പൊലിസിന്റെ പിടിയിലായത്. 16ന് രാത്രി 7.45ന് പടപ്പക്കര വാളത്തിപൊയ്കയിൽ വച്ചായിരുന്നു സംഭവം. കാപ്പ കേസിൽ കളക്ടർ തടങ്കലിന് ഉത്തരവിട്ട പ്രതിയായ ആന്റണി ദാസിനെ പിടിക്കാൻ മഫ്തിയിൽ പോയ കുണ്ടറ എസ്ഐ പി കെ പ്രദീപ്, സിപിഒ എസ് ശ്രീജിത്ത് എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.
ഒളിവിലായിരുന്ന പ്രതിയെ പിടിക്കാൻ മാഫ്തിയിൽ എത്തിയ പൊലീസ് സംഘത്തെ ആന്റണി ദാസ്, അജോ, കണ്ടാൽ അറിയുന്ന മറ്റ് രണ്ട് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. പ്രതികൾ എസ്ഐ പ്രദീപിന് നേരെ നിരവധി തവണ വാൾ വീശിയും കാറിന്റെ മുൻവശത്തെ ചില്ല് കഠാര, വടിവാൾ എന്നിവ കൊണ്ട് കുത്തി പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. എസ്ഐ പ്രദീപ് സാഹസികമായി നേരിട്ട പ്രതിയെ ശാസ്താംകോട്ട ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ, കുണ്ടറ എസ്എച്ച്ഒ അനിൽകുമാർ, എസ്ഐ ശ്യാമകുമാരി എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് പിടികൂടിയത്. അജോയും മറ്റു പ്രതികളും രക്ഷപ്പെട്ടു. ആക്രമണത്തിൽ എസ് ഐ പ്രദീപിന്റെ വലത് കൈയ്ക്കും മുഖത്തും വെട്ടേറ്റു. പരിക്കേറ്റ ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.