5 December 2025, Friday

‍കറുപ്പിനഴക്-2; സാമൂഹിക ഉള്‍ച്ചേരല്‍

Janayugom Webdesk
ഡോ. അജിത്ത് ആര്‍ പിള്ള
November 4, 2025 10:30 pm

ചുരുക്കം പറഞ്ഞാല്‍ ഇവയിലെ യഥാര്‍ത്ഥ കാരണങ്ങള്‍ പലതാണെന്ന്‌ ആകമാനതയില്‍ കണ്ടെത്തി അവ അന്വേഷിച്ച്‌ പരിഹാരം നിര്‍ദേശിക്കുവാന്‍ കഴിയുമ്പോള്‍ മാത്രമാണ്‌ ദാരിദ്യ്രം എന്ന വിഷയത്തെ പരിഹരിച്ച്‌ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഒരു ഭരണകൂടത്തിന്‌ കഴിയുക എന്നുള്ളത്‌ നമ്മള്‍ തിരിച്ചറിയണം. ഇങ്ങനെ ഉള്ള ഒരു ചിന്ത വിവിധ തൊഴിലിടങ്ങളില്‍ വളരെയധികം പ്രയോജനപ്പെടാന്‍ സഹായിക്കുകയും ചെയ്യും എന്നുള്ളതിന്‌ മറ്റൊരു ഉദാഹരണം നോക്കാം. ഒരു ഡോക്ടര്‍ തന്റെ മുമ്പിലേക്ക്‌ എത്തിച്ചേരുന്ന രോഗിയുടെ രോഗാവസ്ഥ അയാളുടെ കുറ്റം കൊണ്ട്‌ മാത്രമാണ്‌ സംഭവിക്കുന്നത്‌ എന്ന്‌ കാണാന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധങ്ങളില്‍ പല പ്രശ്‌നങ്ങളും ഉരുത്തിരിഞ്ഞു വരുന്നു. രോഗിയുടെ രോഗത്തിന്റെ കാരണം അയാള്‍ മാത്രമല്ല എന്ന്‌ തിരിച്ചറിവ്‌ സമൂഹശാസ്‌ത്ര സങ്കല്പമാണ്‌. ആ സമൂഹശാസ്‌ത്ര സങ്കല്പം ഒരു ഡോക്ടര്‍ക്ക്‌ ഉണ്ടാകേണ്ടത്‌ അനിവാര്യമാണ്‌ എന്നുള്ളതാണ്‌ ഇവിടെ കാണേണ്ടുന്നത്‌. വിവിധ രോഗങ്ങളുമായി എത്തിച്ചേരുന്ന രോഗി അയാളുടെ കയ്യിലിരിപ്പ്‌ കൊണ്ടാണ്‌ ഇങ്ങനെ എത്തിയത്‌ എന്ന്‌ ബഹുഭൂരിപക്ഷം ഡോക്ടര്‍മാരും കരുതുന്നില്ല. അവിടെ രോഗാവസ്ഥയ്‌ക്ക്‌ സാമൂഹികമായ ചില കാരണങ്ങള്‍ ഉണ്ടെന്നും അതൊരു വ്യക്തിഗത കുറ്റമോ കുറവോ അല്ല എന്നും കൂടി കാണാന്‍ കഴിയണം. തോപ്പില്‍ ഭാസിയുടെ പ്രശസ്‌തമായ, “അശ്വമേധം’ എന്ന നാടകത്തില്‍ കുഷ്‌ഠരോഗ ചികിത്സ കഴിഞ്ഞും സാമൂഹികമായ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന സരോജമെന്ന കഥാപാത്രം ഡോക്ടറോട്‌ ചോദിക്കുന്ന ഒരു ചോദ്യം “രോഗം ഒരു കുറ്റമാണോ ഡോക്ടര്‍’ എന്നത്‌ ഇത്തരുണത്തില്‍ ഓര്‍ത്തു പോവുകയാണ്‌. മറ്റുള്ളവരോട്‌ അനുതാപപൂര്‍ണമായി പെരുമാറാന്‍ കഴിയുക എന്ന ജീവിത നൈപുണി കൂടി ആര്‍ജിച്ചെടുക്കാന്‍ സമൂഹശാസ്‌ത്ര സങ്കല്പം ഉത്തരവാദിത്വപ്പെട്ട സ്ഥാനമാനങ്ങളില്‍ ഇരിക്കുന്നവരെ സഹായിക്കും. ഏതൊരു തൊഴില്‍ മേഖലയിലും സമൂഹശാസ്‌ത്ര സങ്കല്പം വച്ചുപുലര്‍ത്തുന്ന ഒരാള്‍ക്ക്‌ മാത്രമേ താന്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ മൂലകാരണം വ്യക്തിഗതം മാത്രമല്ല മറിച്ച്‌ സാമൂഹികം കൂടിയാണ്‌ എന്ന്‌ തിരിച്ചറിഞ്ഞുകൊണ്ട്‌ അവയ്‌ക്ക്‌ സമഗ്രമായി പരിഹാരം കാണാന്‍ സാധിക്കൂ. പ്രശ്‌നങ്ങളുടെ കാരണങ്ങളും ഉത്തരവാദികളും ഏതൊക്കെ മേഖലയിലാണ്‌ എന്ന്‌ തിരിച്ചറിഞ്ഞാല്‍ മാത്രമേ അവയ്‌ക്ക്‌ ശാശ്വതമായതും, ശരിയായതുമായ രീതിയില്‍ പരിഹാരം കണ്ടെത്താന്‍ കഴിയുകയുള്ളൂ. 

അങ്ങനെയെങ്കില്‍ നമ്മള്‍ ഈ ലേഖനം തുടങ്ങിയപ്പോള്‍ കണ്ടപോലെ കറുപ്പ്‌ നിറം എന്നതിന്റെ സമഗ്ര വിശകലനത്തില്‍ അത്‌ മൗനത്തിന്റെയോ ദുഃഖത്തിന്റെയോ അശുദ്ധിയുടെയോ പ്രതീകമായി മാത്രം കാണാന്‍ കഴിയില്ല. മറിച്ച്‌ അനവധിയായ നിറങ്ങളുടെ ഒത്തുചേരലിന്റെ ഇടംകൂടിയായി കറുപ്പിനെ കാണാന്‍ സാധിക്കും. ഭൗതികശാസ്‌ത്രത്തില്‍ സൂര്യപ്രകാശത്തിന്റെ ഘടകവര്‍ണങ്ങള്‍ ഒത്തുചേര്‍ന്ന ഒരു നിറമായി കറുപ്പ്‌ അനുഭവപ്പെടുമ്പോള്‍ ആ ഒത്തുചേരല്‍ സാമൂഹിക ഉള്‍ച്ചേരലിന്റെ (inclu­sive­ness) പ്രതീകമായി കറുപ്പിനെ വ്യാഖ്യാനിക്കുന്നു. കറുപ്പ്‌ എന്നത്‌ നിറങ്ങളുടെ ഇല്ലായ്‌മയല്ല അത്‌ നിരവധി നിറങ്ങളുടെ ഉള്‍ച്ചേരലാണെന്നും തിരിച്ചറിയുന്നത്‌ സമൂഹശാസ്‌ത്ര സങ്കല്പമാണ്‌. മനുഷ്യര്‍ പ്രശ്‌നങ്ങള്‍ക്ക്‌ അവരവരുടേതായ രീതിയില്‍ അര്‍ത്ഥം സങ്കല്‍പ്പിക്കുന്നു എന്നുള്ളത്‌ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്‌. സമൂഹശാസ്‌ത്രജ്ഞര്‍ അല്ലെങ്കില്‍ പൊതുസമൂഹത്തില്‍ ഇടപെടുന്ന ഒരു ഉത്തരവാദിത്തപ്പെട്ട വ്യക്തി തീര്‍ച്ചയായും സമൂഹത്തിലെ ഓരോ മനുഷ്യന്റെയും അര്‍ത്ഥസങ്കല്പങ്ങളെ കാണാനും അവയെ മനസിലാക്കാനും ആ മനുഷ്യരുടെ നിലപാട്‌ തറയില്‍ (Vandage Point) നിന്ന്‌ ചിന്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ സമൂഹത്തില്‍ അര്‍ത്ഥപൂര്‍ണമായി ഇടപെടാനും വിജയിക്കാനും കഴിയുകയുള്ളൂ എന്നുള്ള തിരിച്ചറിവും നമുക്കുണ്ടാകണം. അത്തരത്തില്‍ ആഴത്തില്‍ സഹായിക്കുന്ന ഒരു വിഷയ സമീപനം കൂടിയാണ്‌ “സമൂഹശാസ്‌ത്ര സങ്കല്പം’. “സമൂഹശാസ്‌ത്ര സങ്കല്പം’ എന്നത്‌ ഒരു സമീപനവും, ഉപകരണവും, രീതിശാസ്‌ത്രവും, നൈപുണിയും ആണ്‌. വളരുമ്പോള്‍ ഓരോ മനുഷ്യനും വെറും സാമാന്യ ബോധജ്ഞാനത്തിലും, ഐതിഹ്യങ്ങളിലും മാത്രം വിശ്വസിക്കുവാനും അവയ്‌ക്കനുസൃതമായി മുന്‍പോട്ടു നീങ്ങാനും കഴിയാതെ വരും. അവിടെയാണ്‌ ശാസ്‌ത്രം, ശാസ്‌ത്രീയത എന്നീ തലങ്ങളില്‍ സമൂഹശാസ്‌ത്ര സങ്കല്പം പ്രയോഗത്തില്‍ എത്തിച്ചേരുന്നത്‌. ഇവയെ ഉപയോഗപ്പെടുത്തിയില്ലായെങ്കില്‍ ഇന്നലകളുടെ അസ്ഥികൂടങ്ങള്‍ മാത്രമായി അവര്‍ അവശേഷിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.