10 January 2026, Saturday

Related news

January 8, 2026
January 7, 2026
January 6, 2026
January 4, 2026
December 28, 2025
December 25, 2025
December 22, 2025
December 21, 2025
December 16, 2025
December 8, 2025

കുട്ടികളിലെ കുറ്റകൃത്യം തടയാൻ ‘കാവൽ’ വന്‍ വിജയം

ഡാലിയ ജേക്കബ്
ആലപ്പുഴ
October 4, 2025 10:48 pm

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികൾക്ക് പുനരധിവാസം നൽകുന്ന സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ‘കാവൽ’ പദ്ധതി വിജയപ്രദമെന്ന് കണക്കുകള്‍. ഇതുവരെ പദ്ധതിയുടെ സേവനം ലഭിച്ചിരിക്കുന്നത് 10,000 ത്തിലധികം പേർക്ക്. ഓരോ വർഷവും ശരാശരി 3,500 മുതൽ 4,000 വരെ കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായാണ് കണക്കുകൾ. ഇവരിൽ 2,600 കുട്ടികൾക്കുവരെ കാവലിന്റെ സേവനം വേണ്ടിവരുന്നുണ്ട്. 2016 മുതൽ കേരളത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കാവൽ. 21 വയസ് വരെയുള്ളവരാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. വിവിധ കേസുകളിൽ കുറ്റാരോപിതരായവരെ കൗൺസലിങ്ങിലൂടെയും നിരന്തര നിരീക്ഷണത്തിലൂടെയും പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയാണ് ലക്ഷ്യം. 

സാമൂഹികസേവനം, കുട്ടികളുടെ സുരക്ഷ, മാനസികാരോഗ്യം എന്നീ മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായം തേടി പരിശീലന മൊഡ്യൂൾ പരിഷ്കരിക്കാനാണ് ആലോചന. കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് കൗൺസലിങ്, ലൈഫ് സ്കിൽ പരിശീലനം, ലഹരിമുക്ത ചികിത്സ, തുടർപഠനം തുടങ്ങിയവയാണ് കാവലിലൂടെ ലഭ്യമാക്കിവരുന്നത്. 21 വയസുവരെ ഇവരെ നിരീക്ഷിച്ച് സമൂഹത്തിൽ മെച്ചപ്പെട്ട രീതിയിൽ ജീവിക്കുന്നതിനുള്ള പരിശീലനമാണ് നൽകുന്നത്. സാമൂഹികപ്രവർത്തകർ, മാനസികാരോഗ്യവിദഗ്ധർ, പ്രൊബേഷൻ ഓഫിസർ, കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പൊലീസ് ഓഫിസർമാർ എന്നിവരാണ് പരിശീലനം നൽകുന്നത്. 

ഇതിനായി വനിതാ ശിശുവികസന വകുപ്പ് യൂണിസെഫുമായി കൈകോർക്കും. 14 ജില്ലകളിലായി 59 ജീവനക്കാരും 28 സന്നദ്ധ സംഘടനകളുമാണ് കാവലിനു വേണ്ടി പ്രവർത്തിക്കുന്നത്. ജില്ലാ ശിശു സംരക്ഷണ ഓഫിസർമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ നടത്തുന്ന പദ്ധതി ബാലനീതി ബോർഡിന്റെ നിയന്ത്രണത്തിലാണ്. ചൈൽഡ് വെൽഫയർ കമ്മിറ്റികൾ, പൊലീസ്, ആരോഗ്യം, വിദ്യാഭ്യാസം, നിയമ സഹായ സമിതി, വിവിധ വകുപ്പുകൾ തുടങ്ങി സർക്കാർ സർക്കാരിതര സംവിധാനങ്ങളുടെ കൂട്ടായ പ്രവർത്തനമാണ് കാവൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.