ഇരുവഞ്ഞിപുഴയുടെ ഓളപ്പരപ്പിൽ കയാക്കർമാർ മാന്ത്രികത തീർത്തപ്പോൾ കാണികളും ആവേശ തിമിർപ്പിലായി. ഒൻപതാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തിൽ നിരവധി പേരാണ് മത്സരം കാണാൻ കുറുങ്കയത്ത് എത്തിച്ചേർന്നത്. പുലിക്കയത്ത് ജലനിരപ്പ് കുറവായതിനാൽ രണ്ടാം ദിനം മത്സരങ്ങൾ പൂല്ലൂരാംപാറയിലെ കുറുങ്കയത്താണ് നടന്നത്.
ചാറ്റൽ മഴയും കുത്തിയൊഴുകുന്ന ഇരുവഴിഞ്ഞിപുഴയും ആവേശം കൂട്ടുന്നു എന്ന് കയാക്കേഴ്സ് പറയുമ്പോൾ അതിലേറെ ആവേശം നൽകുന്നത് കയാക്കേർഴ്സിന്റെ തുഴച്ചിൽ മന്ത്രികതയെന്നു കാണികളും ഒരേ സ്വരത്തിൽ പറയുന്നു. മത്സര ചിത്രങ്ങൾ പകർത്താൻ നിരവധി ക്യാമറക്കണ്ണുകളും പാറക്കൂട്ടങ്ങൾക്ക് മുകളിൽ നിലയുറപ്പിച്ചിരുന്നു. കൊച്ചു കുട്ടികൾ മുതൽ പ്രായമായവരിലും മത്സരത്തിന്റെ ആവേശം നിറഞ്ഞു നിന്നു. കരഘോഷങ്ങളും ആർപ്പുവിളികളും മത്സരാർത്ഥികൾക്ക് ഊർജമായി. അവധി ദിനമായതിനാൽ തദ്ദേശിയർക്ക് പുറമെ വിനോദ സഞ്ചാരികളുൾപ്പെടെയുള്ളവർ കുടുംബസമേതമാണ് എത്തിച്ചേർന്നത്. എക്സ്ട്രിം സ്ലാലോം പ്രൊഫഷണൽ പുരുഷ‑വനിതാ വിഭാഗം മത്സരങ്ങളുടെ സെമി ഫൈനൽ മത്സരങ്ങളാണ് ഇന്നലെ നടന്നത്. അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് മറ്റ് മത്സരങ്ങൾ ഇന്നലെ നിർത്തിവെച്ചു. മലവെള്ളപ്പാച്ചിലിനെ തുടർന്ന് വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ ഒഫീഷ്യൽസിനെ സുരക്ഷിതമായി കരക്കെത്തിച്ചു. വനമേഖലയിൽ നിന്നും മലവെള്ളം മുത്തപ്പൻ പുഴയിലെത്തിയപ്പോൾ താഴെ ഭാഗത്തേക്ക് വിവരങ്ങൾ നൽകിയതിനാൽ താരങ്ങൾക്ക് പെട്ടന്ന് കരയ്ക്ക് കയറാൻ കഴിഞ്ഞതിനാൽ ദുരന്തം ഒഴിവായി.
ചാമ്പ്യൻഷിപ്പ് നാളെ അവസാനിക്കും. മത്സരത്തിലെ റാപ്പിഡ് രാജയെയും റാപ്പിഡ് റാണിയെയും നാളെ അറിയാം. ഇന്ന് മാറ്റിവെച്ച എക്ട്രീം സ്ലാലോം പ്രൊഫഷണർ പുരുഷ‑വനിതാ വിഭാഗം ഫൈനൽ മത്സരങ്ങൾ ആദ്യം നടക്കും. അതിനു ശേഷമാണ് പുരുഷ‑വനിത സൂപ്പർ ഫൈനൽ മത്സരങ്ങൾ നടക്കുക. വിവിധ മത്സരങ്ങളിലെ വ്യക്തിഗത പോയിന്റുകൾ അടിസ്ഥാനപ്പെടുത്തിയാണ് റാപ്പിഡ് രാജയെയും റാണിയെയും തെരഞ്ഞെടുക്കുക. കഴിഞ്ഞ വർഷത്തെ റാപ്പിഡ് രാജയായ 23 കാരൻ അമിത് താപ്പ ഇക്കുറിയും മത്സരത്തിലുണ്ട്. മലബാർ റിവർ ഫെസ്റ്റിവലിന്റെ സമാപന ചടങ്ങ് നാളെ വൈകീട്ട് നാലിന് പുല്ലൂരാംപാറ ഇലന്തുകടവിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
English Summary: Kayaking at Kurunkayat Janaravam: Finals postponed to tomorrow due to flash floods
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.