21 February 2026, Saturday

Related news

February 21, 2026
February 21, 2026
February 20, 2026
February 18, 2026
February 16, 2026
February 15, 2026
February 14, 2026
February 12, 2026
February 9, 2026
February 9, 2026

ആരോഗ്യകവചമാകാന്‍ കെസിഡിസി

Janayugom Webdesk
തിരുവനന്തപുരം
February 21, 2026 9:37 pm

കേരളത്തിന്റെ ആരോഗ്യകവചമാകാന്‍ കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷന്‍ (കെസിഡിസി). അമേരിക്കയിലെ ലോകപ്രശസ്തമായ യുഎസ് സിഡിസി മാതൃകയിലാണ് കേരളം കെസിഡിസി വിഭാവനം ചെയ്തിരിക്കുന്നത്. ആരോഗ്യ സർവകലാശാലയുടെ തിരുവനന്തപുരത്തെ കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കെസിഡിസി നാടിന് സമര്‍പ്പിക്കും. സംസ്ഥാനത്തെ കാൻസർ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (ആർസിസി) നിർമ്മിച്ച പുതിയ 14 നില മന്ദിരത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 

പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പേ അവ പ്രവചിക്കാനും തടയാനും ശാസ്ത്രീയമായ ഇടപെടലുകൾ നടത്തുക എന്നതാണ് കെസിഡിസിയുടെ പ്രധാന ദൗത്യം. മാറുന്ന കാലാവസ്ഥയും ആഗോള സമ്പർക്കങ്ങളും മൂലമുണ്ടാകുന്ന ആരോഗ്യ വെല്ലുവിളികൾ പഠിക്കാനും പൊതുജനാരോഗ്യ നയങ്ങൾ രൂപീകരിക്കാനുമുള്ള കേന്ദ്രമായി ഇത് മാറും. വിദഗ്ധർക്ക് പരിശീലനം നൽകുന്നതിനൊപ്പം വിപുലമായ ഗവേഷണങ്ങളും ഇവിടെ നടക്കും. ആര്‍സിസിയില്‍ ഏകദേശം 242 കോടി രൂപ ചെലവിൽ 3,30,117 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ അത്യാധുനിക മന്ദിരം ഉയർന്നിരിക്കുന്നത്. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടിയിരുന്ന ആർസിസിക്ക് ഈ കെട്ടിടം വലിയ ആശ്വാസമാകും. നിലവിലുള്ള സൗകര്യങ്ങൾക്ക് പുറമെ 200 കിടക്കകൾ കൂടി പുതിയ മന്ദിരത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ ജനറൽ വാർഡുകളും പേ വാർഡുകളും ഉൾപ്പെടുന്നു.

അയഡിൻ തെറാപ്പി വാർഡ് ഉൾപ്പെടെയുള്ള ആധുനിക ന്യൂക്ലിയർ മെഡിസിൻ സംവിധാനങ്ങളും പുതിയ റേഡിയോ തെറാപ്പി മെഷീനുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ബോൺമാരോ ട്രാൻസ്‌പ്ലാന്റ് യൂണിറ്റ്, അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, തീവ്രപരിചരണ വിഭാഗങ്ങൾ (ഐസിയു), ലുക്കീമിയ വാർഡ് എന്നിവ സജ്ജമാണ്. ബ്ലഡ് ബാങ്ക്, മൈക്രോബയോളജി വിഭാഗം എന്നിവയ്ക്ക് പുറമെ രണ്ട് നിലകളിലായി വിപുലമായ വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഹരിത പ്രോട്ടോക്കോൾ പാലിച്ചും സൗരോർജം പ്രയോജനപ്പെടുത്തിയുമാണ് കെട്ടിടത്തിന്റെ പ്രവർത്തനം. കൊച്ചിൻ കാൻസർ സെന്റർ യാഥാർത്ഥ്യമാക്കിയും മലബാർ കാൻസർ സെന്ററിനെ പിജി ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തിയും സർക്കാർ നടത്തുന്ന ഇടപെടലുകളുടെ തുടർച്ചയാണിതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. റോബോട്ടിക് സർജറി ഉൾപ്പെടെയുള്ള നൂതന ചികിത്സകൾ ഇപ്പോൾ ആർസിസിയിൽ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.