8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 5, 2025
January 5, 2025
January 4, 2025
January 4, 2025
January 4, 2025
January 3, 2025
January 2, 2025
January 2, 2025
January 2, 2025
January 1, 2025

കേരളം ഒറ്റസ്വരത്തില്‍ ചോദിച്ചു വയനാട് ഇന്ത്യയിലല്ലേ

Janayugom Webdesk
തിരുവനന്തപുരം
December 5, 2024 6:36 pm

തിരുവനന്തപുരം: കേരളം ഒറ്റസ്വരത്തില്‍ ചോദിച്ചു, വയനാടെന്താ ഇന്ത്യയിലല്ലേ. വയനാട് ദുരന്തമുണ്ടായി നാലു മാസം പിന്നിട്ടിട്ടും ധനസഹായം ലഭ്യമാക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ജനരോഷം ആര്‍ത്തിരമ്പി. 14 ജില്ലാ ആസ്ഥാനങ്ങളിലെയും സമരകേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളിലൂടെ കേരളത്തിന്റെയാകെ വികാരമാണ്‌ പ്രതിഫലിച്ചത്‌. അർഹമായ ധനസഹായം ലഭ്യമാക്കാതെ, ദുരന്തഘട്ടത്തിൽ വ്യോമസേന നടത്തിയ രക്ഷാപ്രവർത്തനത്തിന്‌ ചെലവായ തുക എന്ന പേരിൽ 153 കോടി രൂപ ദുരന്ത നിവാരണ നിധിയിൽനിന്ന്‌ പിടിച്ചുപറിക്കുകയും ചെയ്‌ത കേന്ദ്ര നിലപാടിലുള്ള ജനരോഷവും പ്രകടമായി. 

തിരുവനന്തപുരത്ത്‌ കേന്ദ്ര സർക്കാരിന്റെ പ്രതിപുരുഷനായ ഗവർണറുടെ വസതിയായ രാജ്‌ഭവനിലേക്കും മറ്റു ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്കുമാണ് മാർച്ചും ധർണയും നടത്തിയത്. ധനസഹായം ലഭ്യമാക്കണമെന്ന്‌ സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെടുകയും വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും ചെയ്‌തിട്ടും സ്വാഭാവികമായി നല്‍കേണ്ട എസ്ഡിആര്‍എഫ് വിഹിതം അനുവദിച്ചതിന്റെ കണക്ക് പറഞ്ഞ് കുപ്രചരണങ്ങള്‍ നടത്തുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. 

മറ്റ് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിധിയില്‍ നിന്നുള്ള സഹായം അനുവദിച്ചപ്പോഴും കേരളത്തെ പരിഗണിച്ചില്ല. നിയമസഭ ഒറ്റക്കെട്ടായും സംസ്ഥാനത്തെ പാര്‍ലമെന്റ് അംഗങ്ങള്‍ മുഴുവനും ആവശ്യപ്പെട്ടിട്ടും കേന്ദ്രം സഹായം നല്‍കുന്നത് നീട്ടിക്കൊണ്ടുപോകുകയുമാണ്. ഇങ്ങനെ കേന്ദ്രാവഗണന തുടരുന്ന സാഹചര്യത്തിലായിരുന്നു എല്‍ഡിഎഫ് പ്രക്ഷോഭം. രാജ്ഭവന്‍ മാര്‍ച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ കൊല്ലത്തും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു ഇടുക്കിയിലും കെ പി രാജേന്ദ്രന്‍ തൃശൂരിലും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാടും ഉദ്ഘാടനം ചെയ്തു. 

സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പാലക്കാട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍ കണ്ണൂര്‍, പി കെ ശ്രീമതി ആലപ്പുഴ, എളമരം കരീം മലപ്പുറം, ജനതാദൾ (എസ്) നേതാവ് മാത്യു ടി തോമസ് പത്തനംതിട്ട, എന്‍സിപി നേതാവ് പി സി ചാക്കോ എറണാകുളം, ആര്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാര്‍ കോഴിക്കോട്, ഐഎന്‍എല്‍ നേതാവ് അഹമ്മദ് ദേവര്‍ കോവില്‍ കല്പറ്റ, ചീഫ് വിപ്പ് എന്‍ ജയരാജ് കോട്ടയം എന്നിവിടങ്ങളില്‍ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്തു. 

കേന്ദ്ര വിവേചനം തുടര്‍ക്കഥ: എല്‍ഡിഎഫ്

വയനാട്‌ ദുരന്തത്തില്‍ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാത്തതുള്‍പ്പെടെയുള്ള വിവേചനങ്ങള്‍ക്കെതിരെ സംസ്ഥാനത്ത്‌ നടന്ന മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്ത എല്ലാവരെയും എല്‍ഡിഎഫ്‌ കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അഭിവാദ്യം ചെയ്‌തു.
കേന്ദ്രം സംസ്ഥാനങ്ങളോട്‌ വിവേചനപരമായി പെരുമാറുന്ന പ്രശ്നം രാജ്യത്ത്‌ സജീവമായി ഉയര്‍ന്നുവരികയാണ്‌. നികുതി വിഹിതത്തില്‍ നിന്നും അര്‍ഹതപ്പെട്ടത്‌ സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കുന്നില്ല. നല്‍കുന്ന തുകയിലും പ്രതിപക്ഷങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വിവേചനമാണ്. വയനാട്‌ പ്രളയ ദുരന്തത്തിലും ഈ നയം നാം കണ്ടതാണ്‌. ദുരന്തബാധിതമായ മറ്റ്‌ സംസ്ഥാനങ്ങള്‍ക്ക്‌ അടിയന്തര സഹായം നല്‍കിയപ്പോള്‍ കേരളത്തോട്‌ തികഞ്ഞ അവഗണന മാത്രമാണ്‌ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത്‌. അതുകൊണ്ട്‌ രാജ്യ താല്പര്യം സംരക്ഷിക്കുന്നതിന്‌ ഇത്തരം നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ ഇനിയും സംഘടിപ്പിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.