23 January 2026, Friday

Related news

January 21, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026

അണ്ടർ-19 വനിതാ ഏകദിന ട്രോഫിയിൽ വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോല്പിച്ചത് 95 റൺസിന്

Janayugom Webdesk
മുംബൈ
December 15, 2025 6:07 pm

ബിസിസിഐ അണ്ടർ-19 വനിതാ ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം. സൗരാഷ്ട്രയെ 95 റൺസിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 46.3 ഓവറിൽ 186 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര 34.5 ഓവറിൽ 91 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ശ്രദ്ധ സുമേഷിൻ്റെ മികച്ച ഇന്നിങ്സാണ് കേരളത്തിന് കരുത്ത് പകർന്നത്. ഓപ്പണർ ശ്രേയ പി സിജുവും കേരളത്തിനായി മികച്ച ബാറ്റിങ് കാഴ്ച വച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് രണ്ട് റൺസെടുത്ത ലെക്ഷിദ ജയൻ്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ശ്രേയയും ആര്യനന്ദയും ചേർന്ന് രണ്ടാം വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്തു. ശ്രേയ 44ഉം ആര്യനന്ദ 24ഉം റൺസ് നേടി മടങ്ങി. തുടർന്നെത്തിയവരിൽ ശ്രദ്ധ സുമേഷിന് മാത്രമാണ് മികച്ച ഇന്നിങ്സ് പടുത്തുയർത്താനായത്. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് ശക്തമായി നിലയുറപ്പിച്ച ശ്രദ്ധ 55 റൺസ് നേടി. 47 പന്തുകളിൽ നാല് ബൗണ്ടറികളും മൂന്ന് സിക്സുമടങ്ങുന്നതായിരുന്നു ശ്രദ്ധയുടെ ഇന്നിങ്സ്. ക്യാപ്റ്റൻ ഇസബെൽ 22ഉം അഷിമ ആൻ്റണി 18ഉം റൺസെടുത്തു. സൗരാഷ്ട്രയ്ക്ക് വേണ്ടി ധ്രുവി ഭടസാന മൂന്നും അവനി ചാവ്ഡ, ജഡേജ ഹർഷിതാബ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്രയ്ക്ക് ആദ്യ പന്തിൽതന്നെ വിക്കറ്റ് നഷ്ടമായി. ഓപ്പണർ ഏഞ്ചലിനെ എൽബിഡബ്ലുവിൽ കുടുക്കി ക്യാപ്റ്റൻ ഇസബെല്ലാണ് കേരളത്തിന് ഉജ്ജ്വല തുടക്കം നല്കിയത്. തൻ്റെ അടുത്ത ഓവറിൽ വേദ അമൃതിയയെയും ഇസബെൽ പുറത്താക്കി. മികച്ച തുടക്കമിട്ട ഓപ്പണർ ഭിൻദിയെ ഇസബെൽ റണ്ണൗട്ടാക്കുക കൂടി ചെയ്തതോടെ മത്സരത്തിൽ കേരളം പിടിമുറുക്കി. തുടക്കത്തിലെ തകർച്ചയിൽ നിന്നും സൗരാഷ്ട്രയ്ക്ക് പിന്നെ കരകയറാനായില്ല. തുടർന്നെത്തിയവരിൽ 29 റൺസെടുത്ത കൃഷസ് മാത്രമാണ് പിടിച്ചു നിന്നത്. മറ്റു ബാറ്റർമാർ ചെറുത്തുനില്പില്ലാതെ കീഴടങ്ങിയതോടെ 34.5 ഓവറിൽ 91 റൺസിന് സൗരാഷ്ട്ര ഓൾ ഔട്ടായി. കേരളത്തിന് വേണ്ടി നിയ നസ്നീൻ മൂന്നും ഇസബെൽ, അനുഷ്ക എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.