17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 1, 2025
March 28, 2025
March 25, 2025
March 22, 2025
March 17, 2025
March 14, 2025
March 12, 2025
March 12, 2025
March 8, 2025

കൊച്ചിയില്‍ കൊമ്പന്മാരുടെ ഇരട്ടയടി

നിഖിൽ എസ് ബാലകൃഷ്ണൻ
കൊച്ചി
January 29, 2023 11:16 pm

ഇന്ത്യൻ സൂപ്പർലീഗിൽ നോർത്ത് ഈസ്റ്റിനെ സ്വന്തം മൈതാനത്ത് തകർത്ത് ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി. നിലവിൽ 15 കളിയിൽ നിന്ന് 28 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി നിർത്താനും ബ്ലാസ്റ്റേഴ്സിനായി. ദിമിത്രിയോസ് ഡയമന്റകോസിന്റെ ഇരട്ട ഗോളാണ് (42,44 മിനിറ്റ്) ആതിഥേയർക്ക് തിളക്കമാർന്ന ജയം സമ്മാനിച്ചത്. ഇനി എഫ്‌സി ഈസ്റ്റ് ബംഗാളുമായി അടുത്ത മാസം മൂന്നിന് അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം. തോൽവിയോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ചെയ്തു. വെറും നാല് പോയിന്റുമാത്രമാണ് അവരുടെ സമ്പാദ്യം. 

ഗോവയോടും മുംബൈയോടും ഏറ്റ കനത്ത തോൽവിക്ക് പകരം വീട്ടാനാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയുടെ മണ്ണിൽ ഇറങ്ങിയത്. ഗോൾ ബാറിന് കീഴിൽ ഗില്ലിന് പകരം കരൺജിത് സിങ് ഇറങ്ങിയതാണ് ബ്ലാസ്റ്റേഴ്സ് നിരയിലെ ഏറ്റവും വലിയ മാറ്റം. ക്യാപ്റ്റന്റെ റോളിലേക്ക് ജസൽ കെർണെയ്റോയും മടങ്ങിവന്നു. മറുവശത്ത് 4–4‑2 ശൈലിയിലാണ് നോർത്ത് ഈസ്റ്റ് ഇറങ്ങിയത്. പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ചെങ്കിലും മാന്യമായി ലീഗിനോട് വിടപറയാനുള്ള അവസരമായാണ് നോർത്ത് ഈസ്റ്റ് മത്സരത്തെ കണ്ടത്. നേരത്തെ സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്സിനോട് ഏറ്റ കനത്ത തോൽവിക്ക് പകരം വീട്ടാനുളള അവസരമായും അവർ മത്സരത്തെ കണ്ടു. എങ്കിലും ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന് മുന്നിൽ അവർക്ക് മറുപടിയുണ്ടായില്ല. ബാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് കളിയുടെ ആരംഭം. വലത് പാർശ്വത്തിൽ നിന്ന് കിട്ടിയ പന്തുമായി ബോക്സിലേയ്ക്ക് കയറിയ ദിമിത്രിയോസിന് പക്ഷെ ലക്ഷ്യം കാണാനായില്ല. പിന്നാലെ നോർത്ത് ഈസ്റ്റ് അവരുടെ നയം വ്യക്തമാക്കി. പന്ത് പിടിച്ചുവച്ചതിന് ശേഷം പതുക്കെ ബ്ലാസ്റ്റേഴ്സ് ബോക്സിലേയ്ക്ക് കടക്കാനാണ് നോർത്ത് ഈസ്റ്റ് ശ്രമിച്ചത്. 

11-ാം മിനിറ്റിൽ അനുകൂലമായി ലഭിച്ച കോർണർ മുതലാക്കാൻ മഞ്ഞപ്പടയ്ക്കായില്ല. ആ കോർണർ മുതലെടുത്ത് നോർത്ത് ഈസ്റ്റ് നടത്തിയ പ്രത്യാക്രമണത്തിൽ ബ്ലാസ്റ്റേഴ്സ് വിറച്ചു. നേരിയ വ്യത്യാസത്തിലാണ് സന്ദർശകർക്ക് ഗോൾ നേടാനാകാതെ പോയത്. പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ അവസരം. തുടരെ തുടരെ ലഭിച്ച രണ്ട് സുവർണാവസരങ്ങളാണ് മഞ്ഞപ്പട പാഴാക്കിയത്. മുന്നേറ്റ നിരയ്ക്ക് കൃത്യമായി പന്തെന്തിക്കാൻ സാധിക്കാത്തതാണ് ആതിഥേയർക്ക് തിരിച്ചടിയായത്. പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ കൂട്ടായ്മ ഗ്രൗണ്ടിൽ പ്രകടമായ നിമിഷമായിരുന്നു. അളന്നു മുറിച്ച പാസുകളിലൂടെ നടത്തിയ മുന്നേറ്റത്തിലുടെ ലൂണ നോർത്ത് ഈസ്റ്റ് വല കുലുക്കിയെങ്കിലും ലൈൻ റെഫറിയുടെ ഓഫ് സൈഡ് ഫ്ലാഗ് അപ്പോഴേയ്ക്കും ഉയർന്നിരുന്നു. ഗോൾ അവസരം ഓഫ് സൈഡിൽ നഷ്ടമായെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ ഒത്തൊരുമ നഷ്ടമായിട്ടില്ലെന്ന് തെളിയിക്കുന്ന മുന്നേറ്റമായിരുന്നു അത്. ഒടുവിൽ 42-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ലക്ഷ്യം കണ്ടു. മഞ്ഞപ്പടയുടെ ഗോളടിയന്ത്രം ദിമിത്രിയോസാണ് ഇത്തവണയും ഗോൾ നേടിയത്. മിറാൻഡയുടെ അളന്നുകുറിച്ച പാസിൽ തലവച്ച ദിമിക്ക് പിഴച്ചില്ല. ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ. ആഘോഷങ്ങൾ അവസാനിക്കുന്നതിന് മുമ്പ് തന്നെ വീണ്ടും ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് വല കുലുക്കി. ഇക്കുറിയും ദിമിത്രിയോസ് തന്നെ ഗോളിന് അവകാശിയായി. ലീഗിലെ ഒമ്പതാം ഗോളാണ് ദിമിത്രിയോസ് നേടിയത്.

രണ്ട് ഗോളിന്റെ മുൻതൂക്കവുമായി രണ്ടാം പകുതിക്ക് ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിച്ചു. രണ്ടാം പകുതിയുടെ ആദ്യ അഞ്ച് മിനിറ്റിൽ തന്നെ എണ്ണം പറഞ്ഞ രണ്ട് അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് പാഴാക്കിയത്. ഗോൾ നേട്ടം വർധിപ്പിച്ചാൽ തുടർന്നുള്ള ലീഗ് മത്സരത്തിൽ അത് ഗുണം ചെയ്യുമെന്ന തിരിച്ചറിവിലാണ് മഞ്ഞപ്പട അക്രമണത്തിന്റെ മൂർച്ച കൂട്ടിയത്. നോർത്ത് ഈസ്റ്റ് ഗോളി അരവിന്ദ് ഭട്ടാചാര്യക്ക് പിടിപ്പത് പണിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങൾ തടയുക എന്നത്. 60-ാം മിനിറ്റിൽ ആരാധകരുടെ പ്രിയതാരം സഹൽ അബ്ദുൾ സമദ് പകരക്കാരനായി മൈതാനത്തിലേയ്ക്ക് എത്തി. എന്നാൽ രണ്ടിൽ നിന്ന് ഗോൾ നേട്ടം ഉയർത്താൻ മഞ്ഞപ്പടയ്ക്ക് സാധിച്ചതുമില്ല. പിന്നാലെ ഉക്രെ‌യ്ൻ താരം കലിയൂഷ്നിയും മൈതാനത്തേക്ക് എത്തിയതോടെ മഞ്ഞപ്പടയുടെ അക്രമണത്തിനെ് ശരവേഗം കൈവന്നു. രണ്ടാം പകുതിയിൽ ലഭിച്ച ഒരു ഡസൺ അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് പാഴാക്കിയത്. മിനിമം ഏകപക്ഷീയമായ ആറ് ഗോളിനെങ്കിലും ജയിക്കേണ്ട മത്സരമാണ് രണ്ട് ഗോൾ വിജയമാക്കി മഞ്ഞപ്പട മാറ്റിയത്. എങ്കിലും സ്വന്തം ഗോൾ വല കുലുങ്ങാതെ നോക്കിയതിന്റെ ഗുണം ലീഗിൽ മുന്നോട്ടുളള പ്രയാണത്തിന് ബ്ലാസ്റ്റേഴ്സിന് ഊർജമാകുമെന്ന് ഉറപ്പാണ്. 

Eng­lish Summary:kerala blasters
You may like this video also

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.