30 December 2025, Tuesday

Related news

December 26, 2025
December 23, 2025
December 19, 2025
December 1, 2025
December 1, 2025
November 30, 2025
November 23, 2025
November 19, 2025
November 14, 2025
November 12, 2025

രോഗ പ്രതിരോധത്തിനും പകർച്ചവ്യാധികൾക്കുമെതിരെ കേരള സിഡിസി യാഥാർത്ഥ്യമാകുന്നു

Janayugom Webdesk
തിരുവനന്തപുരം
June 26, 2023 10:24 pm

സംസ്ഥാനത്ത് പകർച്ചവ്യാധി-പകർച്ചേതരവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ മാതൃകയിൽ കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ (കെ-സിഡിസി) യാഥാർത്ഥ്യമാകുന്നു. ജനറൽ ഹോസ്പിറ്റലിന് സമീപം പബ്ലിക് ഹെൽത്ത് ട്രെയിനിങ് സെന്ററിനോടനുബന്ധിച്ചാണ് കെ-സിഡിസി പ്രവർത്തിക്കുക.

ആരോഗ്യ സുരക്ഷ, മുൻകൂട്ടിയുള്ള പകർച്ചവ്യാധി നിർണയം, രോഗത്തിന്റെ ഗതിയറിയുക, പൊതുജനാരോഗ്യ ഡാറ്റ മാനേജ്മെന്റ്, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ നയ ശുപാർശകൾ, മറ്റ് ഗവേഷണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുക, പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും ‘വൺ ഹെൽത്ത്’ എന്ന സമീപനം വളർത്തിയെടുക്കുക, സുസ്ഥിരമായ പ്രവർത്തന മാതൃക വികസിപ്പിക്കുക എന്നിവയാണ് കെ-സിഡിസിയുടെ പ്രധാന ലക്ഷ്യങ്ങൾ. ‘ആഗോളമായി ചിന്തിക്കുക, പ്രാദേശികമായി പ്രവർത്തിക്കുക’ എന്നതാണ് കെ-സിഡിസിയുടെ പ്രധാന മുദ്രാവാക്യം.

സംസ്ഥാനത്തിന്റെ പ്രാദേശിക സാന്നിധ്യം, വിവരശേഖരണം, ഏകോപനം എന്നിവ ദ്രുതഗതിയിലാക്കുന്നതിന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കെ-സിഡിസി ഉപകേന്ദ്രങ്ങൾ സ്ഥാപിക്കും. മാത്രവുമല്ല, മറ്റ് സംസ്ഥാനങ്ങളുടെയും പകർച്ചവ്യാധി നിയന്ത്രണം, രോഗപ്രതിരോധം, ആരോഗ്യ സംരക്ഷണം എന്നിവയിൽ ദേശീയ പ്രാധാന്യമുള്ള ഒരു കേന്ദ്രമായി കെ-സിഡിസി മാറും.

ആരോഗ്യ മേഖലയുടെ അടിസ്ഥാനപരമായ ഫീൽഡ്തല പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളെയും സ്ഥാപനങ്ങളേയും ഏകോപിപ്പിച്ച് ആരോഗ്യ പരിപാലനത്തിന്റെ എല്ലാ മേഖലകളിലും മികച്ച നവീകരണ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഒരു ആശയകേന്ദ്രമായാകും കെ-സിഡിസി പ്രവർത്തിക്കുക. കൂടാതെ ദുരന്തങ്ങൾ, പകർച്ചവ്യാധികൾ, മറ്റ് പ്രകൃതി ദുരന്തങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ അടിയന്തര പ്രവർത്തനങ്ങളുടെയും കേന്ദ്രമായിരിക്കും ഇത്.

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക ലക്ഷ്യം

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുകയാണ് കെ-സിഡിസിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. പുതുതായി രൂപപ്പെടുന്ന പകർച്ചവ്യാധികളും അതിൽ നിന്നുമുള്ള ആരോഗ്യ സംരക്ഷണവും വലിയ വെല്ലുവിളികൾ ഉയർത്തുന്നു. കോവിഡ് മഹാമാരി സമയത്താണ് യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ മാതൃകയിൽ സംസ്ഥാനത്ത് ഒരു സ്ഥാപനം ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനമെടുത്തത്. 2021ലെ ബജറ്റിൽ ഇതിനുള്ള തുക അനുവദിക്കുകയും സ്പെഷ്യൽ ഓഫിസറെ നിയമിക്കുകയും ചെയ്തു. നടപടിക്രമങ്ങൾ വേഗത്തിലാക്കി കെ-സിഡിസി യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ധാരണാപത്രം കൈമാറി 

കെ-സിഡിസി രൂപീകരണത്തിന്റെ ഡിപിആർ തയ്യാറാക്കുന്നതിന് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുമായി ധാരണാപത്രം കൈമാറി. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ ഐഐപിഎച്ച് ഡയറക്ടർ ഡോ. ശ്രീധർ കദം, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ എന്നിവരാണ് ധാരണാപത്രം കൈമാറിയത്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, കെ-സിഡിസി സ്പെഷ്യൽ ഓഫിസർ ഡോ. എസ് എ ഹാഫിസ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Eng­lish Sum­ma­ry: ker­ala cdc to pre­vent disease
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.