18 December 2025, Thursday

Related news

December 16, 2025
December 14, 2025
December 13, 2025
December 6, 2025
December 5, 2025
December 5, 2025
November 27, 2025
November 24, 2025
November 6, 2025
November 6, 2025

ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ കേരളം പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

വഖഫ് ബോർഡ് കോഴിക്കോട് മേഖല ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
Janayugom Webdesk
കോഴിക്കോട്
February 15, 2025 7:05 pm

വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് സംസ്ഥാനത്ത് കൂടുതൽ റീജ്യണൽ ഓഫീസുകൾ സ്ഥാപിക്കുമെന്നും തിരുവനന്തപുരത്ത് പുതിയ മേഖല ഓഫീസ് സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ അതിവേഗം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബോർഡ് കോഴിക്കോട് മേഖല ഓഫീസിനായി സ്ഥാപിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് അനുബന്ധ വിഷയങ്ങളിൽ ദേശീയ തലത്തിൽ ആശങ്കയുളവാക്കുന്ന സാഹചര്യമാണുള്ളത്. വഖഫ് നിയമ ഭേദഗതിക്കായുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംയുക്ത പാർലമെന്ററി സമിതി മുമ്പാകെ പ്രതിപക്ഷാംഗങ്ങൾ സമർപ്പിച്ച 500 ൽ പരം ശുപാർശകൾ പരിഗണിക്കാതെയും 44 വ്യവസ്ഥകളിൽ ആവശ്യപ്പെട്ട ഭേദഗതികൾ അംഗീകരിക്കാതെയുമാണ് റിപ്പോർട്ട് സമർപ്പിച്ചത്. അവകാശങ്ങൾ തട്ടിയെടുത്ത് ന്യൂനപക്ഷ വേട്ടയ്ക്ക് ചില തത്പര കക്ഷികൾ ശ്രമിക്കുന്ന സ്ഥിതിയുണ്ട്. ന്യൂനപക്ഷങ്ങൾ അരുതാത്തതെന്തോ വശപ്പെടുത്തുന്നു എന്ന പ്രതീതിയുണ്ടാക്കുന്നതിന് ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം ശ്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. വഖഫിന്റെ പേരിൽ ആരെയും കുടിയിറക്കില്ല. അതേസമയം ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾ കവർന്നെടുക്കില്ലെന്ന് മാത്രമല്ല, അതിന്റെ സംരക്ഷണത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ന്യൂനപക്ഷ സംരക്ഷണത്തിൽ കേന്ദ്ര സർക്കാർ പിറകോട്ടാണ് പോകുന്നത്. ന്യൂനപക്ഷങ്ങൾക്കായുള്ള വിവിധ ധനസഹായങ്ങളിൽ വലിയ കുറവാണ് ഈ കാലയളവിൽ വരുത്തിയിട്ടുള്ളത്. മൗലാന ആസാദ് സ്കോളർഷിപ്പിന് 30 കൊടിയോളം രൂപയും, വിവിധ സാമൂഹ്യ വിഭാഗങ്ങൾക്കുള്ള സൗജന്യ പരിശീലന പരിപാടിയിൽ 65 ശതമാനവും, വിദേശ പഠന സഹായത്തിൽ 50 ശതമാനവും മദ്രസ്സ നടത്തിപ്പ് സംബന്ധിച്ച ധനസഹായത്തിൽ 99.5 ശതമാനവുമാണ് കുറവ് വരുത്തിയിട്ടുള്ളത്. ഇത് മുഖവിലക്കെടുത്താണ് സംസ്ഥാന സർക്കാർ പ്രി മെട്രിക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചത്. വിവിധ ന്യൂനപക്ഷ പദ്ധതികൾക്കായി സർക്കാർ ആകെ 106 കോടി രൂപയാണ് ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ വകയിരുത്തിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 8 കോടി അധികമാണി തെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളെ ചേർത്ത് നിർത്തുകയും അവരുടെ അവകാശങ്ങൾക്ക് സംരക്ഷണം നൽകാൻ മുന്നിൽ നിൽക്കുകയും ചെയ്യുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്. ന്യൂനപക്ഷ ക്ഷേമം എന്നത് ഏതെങ്കിലും ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രശ്നമെന്ന നിലയില്ല, ആകെ സമൂഹത്തിന്റെ പ്രശ്നമായാണ് സർക്കാർ പരിഗണിക്കുന്നത്. ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് അനുവദിക്കുന്ന അവകാശങ്ങളിൽ വിട്ട് വീഴ്ചയുണ്ടാകില്ലെന്നും സംരക്ഷണത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങിൽ വഖഫ്, ന്യൂനപക്ഷ കാര്യ മന്ത്രി വി അബ്ദുറഹ്‌മാൻ അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയായി. എം പിമാരായ പി വി അബ്ദുൽ വഹാബ്, എം കെ രാഘവൻ, എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, പി ഉബൈദുല്ല എംഎൽഎ തുടങ്ങിയവർ ആശംസകൾ നേർന്നു. വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ സ്വാഗതവും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വി എസ് സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ മേഖല കേന്ദ്രമായാണ് കോഴിക്കോട്ടെ ഓഫീസ് പ്രവർത്തിക്കുക. ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 12,000 ത്തിൽ പരം വഖഫുകളിൽ 8000 ലധികം വഖഫ് സ്ഥാപനങ്ങൾ ഈ മേഖലയിലാണ്. ഇഎംഎസ് സ്റ്റേഡിയത്തിന് പുറകുവശത്തുള്ള എസ് കെ ടെമ്പിൾ റോഡിലാണ് പുതിയ കെട്ടിടം. 

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.