
ഭാഗ്യക്കുറി തൊഴിലാളികളെയും ചേർത്തുപിടിച്ച് സംസ്ഥാന സർക്കാർ. നിർധനരും കിടപ്പാടമില്ലാത്തവരുമായ തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിന്റെ ധനസഹായത്താൽ സ്വപ്‍ന ഭവനങ്ങളും പഠിക്കാൻ മിടുക്കരായ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പുകളും സമ്മാനിച്ച് സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് തൊഴിലാളികൾക്ക് പ്രതീക്ഷയും തുണയുമാകുന്നു.
2021ലെ വിഷു ബമ്പർ ലോട്ടറി ടിക്കറ്റിന്റെ ലാഭവിഹിതത്തിൽ നിന്നും ലഭിച്ച 9.47 കോടി രൂപ ഉപയോഗിച്ച് സംസ്ഥാനത്തെ അർഹരായ 160 ഭാഗ്യക്കുറി തൊഴിലാളികൾക്കാണ് സ്വന്തമായി കിടപ്പാടമൊരുങ്ങുന്നത്. ധനമന്ത്രിയായിരുന്ന ഡോ ടി എം തോമസ് ഐസക് വിഭാവനം ചെയ്ത സൗജന്യ ഭവന നിർമ്മാണ പദ്ധതിയാണ് തൊഴിലാളികൾക്ക് തണലായി മാറുന്നത്. സ്വന്തമായി കിടപ്പാടമില്ലാത്തവരിൽ നിന്നും കർശനമായ അർഹത മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് ജില്ലകളിൽ നിന്ന് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഓരോ വീടിനും നാലു ഘട്ടങ്ങളിലായി 5.92ലക്ഷം രൂപയാണ് ക്ഷേമ ബോർഡിൽ നിന്നും നൽകുന്നത്.
ജില്ലകളിൽ നിന്നുള്ള സജീവ അംഗങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളത്. കൊല്ലം ജില്ലയിലാണ് 18 വീടുകൾ നിർമ്മിക്കുന്നത്. പാലക്കാട് ‑16, ആലപ്പുഴ ‑15, എറണാകുളം, തൃശൂർ ‑14, തിരുവനന്തപുരം — 12, കോട്ടയം, ഇടുക്കി ‑11, കണ്ണൂർ ‑9 എന്നിങ്ങനെയും മറ്റുജില്ലകളിൽ എട്ടു വീടുകൾ ഉൾപ്പെടെയാണ് 160 ഭവനങ്ങൾ പൂർത്തിയാകുന്നത്. ഭവനങ്ങളുടെ താക്കോൽ കൈമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏഴിന് കൊല്ലത്ത് ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും.
വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് എറണാകുളത്ത് വ്യവസായ മന്ത്രി പി രാജീവ് നിർവഹിക്കും. മെഡിക്കൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ, എൻജിനീയറിങ്, നഴ്സിങ്, പാരാമെഡിക്കൽ, എംബിഎ, എംസിഎ, മറ്റു ഹയർ സെക്കൻഡറി, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് പഠിക്കുന്ന കുട്ടികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്.
സംസ്ഥാനത്തെ വിവിധ കോഴ്സുകൾ പഠിക്കുന്ന 547 വിദ്യാർത്ഥികൾക്കായി 13,32,500 രൂപയുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളാണ് വിതരണം ചെയ്യുന്നത്. ഈ പദ്ധതികൾക്ക് പുറമെ തൊഴിലാളികൾക്ക് പെൻഷനും ഓണക്കാലത്ത് ബോണസും ചികിത്സാ അനുകൂല്യങ്ങളും വിവാഹ, പ്രസവ സഹായങ്ങളും അംഗപരിമിതരായ ക്ഷേമനിധി അംഗങ്ങൾക്ക് സൗജന്യ മുച്ചക്രവാഹനങ്ങളും, മഴക്കോട്ടുകളും, ബീച്ച് അംബ്രല്ലയും യൂണിഫോമും ഉൾപ്പെടെ നിരവധിയായ ആനുകൂല്യങ്ങൾ നൽകി തൊഴിലാളികൾക്കൊപ്പമാണ് ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് പ്രവർത്തിക്കുന്നതെന്ന് ചെയർമാൻ ടി ബി സുബൈർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.