22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

28 ദിവസത്തിനിടെ ഏറ്റവും കൂടുതൽ കോവിഡ് മരണം കേരളത്തിൽ

Janayugom Webdesk
ന്യൂഡൽഹി
January 24, 2022 9:45 pm

കഴിഞ്ഞ 28 ദിവസത്തിനിടെ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കോവിഡ് ട്രാക്കർ അനുസരിച്ച്, ഇക്കാലയളവിൽ സംസ്ഥാനത്ത് 5,421 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. തൊട്ടടുത്തു നില്ക്കുന്നത് അമേരിക്കൻ സംസ്ഥാനമായ ന്യൂയോർക്ക് ആണ്. അവിടെ 4,200 മരണങ്ങൾ രേഖപ്പെടുത്തി. എന്നാൽ ഇതേ കാലയളവിൽ കേരളത്തിൽ 3,64,000 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ന്യൂയോർക്കിലെ കണക്ക് 2.3 ദശലക്ഷത്തിലധികം ആണ്.
ഒറ്റനോട്ടത്തിൽ കേരളത്തിലെ സ്ഥിതി വളരെ ആശങ്കാജനകമാണെന്ന് തോന്നാമെങ്കിലും ഗുരുതരമല്ലെന്ന് വിദഗ്‍ധർ. കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളിൽ മിക്കതും സുപ്രീം കോടതി ഉത്തരവനുസരിച്ച് പുനരവലോകനം നടത്തിയ ശേഷം ചേർത്തതാണ്. കഴിഞ്ഞ ഒക്ടോബർ 21 മുതൽ ലഭിച്ച നഷ്ടപരിഹാര ക്ലെയിമുകളുടെ അടിസ്ഥാനത്തിൽ കേരളം 16,958 മരണങ്ങളാണ് ചേർത്തത്.
‘കേരളത്തിലെ കോവിഡ് മരണനിരക്ക്, പഴയ മരണങ്ങൾ കൂടിച്ചേർന്നതിനാൽ രണ്ടാം തരംഗത്തിൽ ഇരട്ടിയിലധികം വർധിച്ചു. ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള സംസ്ഥാനമെന്ന ഖ്യാതി ഗണ്യമായി കുറഞ്ഞു. എന്നാൽ ഔദ്യോഗിക മരണസംഖ്യ പുതുക്കിയ ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം എന്നത് നേട്ടമാണ്. ഔദ്യോഗിക മരണസംഖ്യയേക്കാൾ ഏഴിരട്ടി നഷ്ടപരിഹാര ക്ലെയിമുകൾ നൽകിയ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ കേരളത്തിന്റെ മാതൃക പിന്തുടർന്നാൽ കേരളത്തിലെ സ്ഥിതിഗതികൾ ഗുരുതരമല്ല എന്ന് ബോധ്യമാകും. ’ ആരോഗ്യ സാമ്പത്തിക വിദഗ്ധനും രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിലെ അഡ്ജന്റ് പ്രൊഫസറുമായ റിജോ എം ജോൺ പറഞ്ഞതായി ദ വയർ റിപ്പോർട്ട് ചെയ്തു. ദേശീയ ശരാശരിയേക്കാൾ മികച്ച പ്രകടനമാണ് കേരളം ഇപ്പോഴും നടത്തുന്നതെന്നും ജോൺ പറഞ്ഞു.
സംസ്ഥാനത്തെ ഔദ്യോഗിക മരണസംഖ്യ അപ്ഡേറ്റ് ചെയ്യാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നാണ് ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ പറഞ്ഞത്. ‘സംസ്ഥാനം പ്രഖ്യാപിച്ചത് ഔദ്യോഗിക കണക്കുകളാണ്. മറ്റു രോഗങ്ങളാൽ മരിച്ചവരും സ്വകാര്യ ആശുപത്രികളിലോ വീട്ടിലോ മരിച്ചവരുമുണ്ട്. ആശുപത്രിയിൽ നിന്ന് സുഖം പ്രാപിച്ച രോഗികൾ പിന്നീട് വീട്ടിൽ മരിച്ചിട്ടുണ്ടാകും. അതിനർത്ഥം അവർ കോവിഡ് ബാധിച്ച് മരിച്ചു എന്നല്ലേ. ആർക്കെങ്കിലും കോവിഡ് ഉണ്ടെന്ന് കണ്ടെത്തിയാൽ അവർ എവിടെ മരിച്ചാലും നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഞങ്ങൾ അത് ചെയ്യുന്നു’ എന്നാണ് പട്ടേൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്.
‘കേരളം മരണസംഖ്യ പുതുക്കിയെങ്കിലും ഇനിയും ശ്രദ്ധിക്കാനുണ്ട്. മരണ തീയതി, പ്രായം, ലിംഗഭേദം, രോഗാവസ്ഥകൾ, വാക്സിനേഷൻ നില എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ വ്യക്തമാകണം. യഥാർത്ഥ മരണ തീയതി പരിശോധിച്ച് കൃത്യമായ നമ്പർ ഉൾപ്പെടുത്തണം. മുൻകാല മരണങ്ങൾ കൂട്ടിച്ചേർത്താലുണ്ടാകുന്ന കൂടിയ മരണനിരക്ക് ആശയക്കുഴപ്പം സൃഷ്ടിക്കാനിടയുണ്ട്’ എന്ന് മിഷിഗൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ എപ്പിഡെമിയോളജിസ്റ്റ് ഭ്രമർ മുഖർജി ദി പ്രിന്റിനോട് പറഞ്ഞു.

Eng­lish Sum­ma­ry: Ker­ala has the high­est num­ber of covid deaths in 28 days

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.