24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026

രാജ്യത്ത് തൊഴിൽക്ഷമതയിലും കേരളം മുന്നില്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 11, 2024 11:00 pm

രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മുന്നേറുകയാണെന്ന് ഇന്ത്യ സ‍്കില്‍സ്-2025 റിപ്പോര്‍ട്ട്. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക‍്നിക്കല്‍ എജ്യൂക്കേഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ‍്ട്രി, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ‍്സിറ്റീസ് എന്നിവ ഉള്‍പ്പെടെ വിവിധ ഏജന്‍സികളുമായി സഹകരിച്ച് ടാലന്റ് അസസ‍്മെന്റ് ഏജന്‍സിയായ വീബോക‍്സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കേരളത്തിന് അംഗീകാരം. ഉറച്ച തൊഴിൽക്ഷമത കേരളത്തിലെ തൊഴിൽശക്തിയുടെ ഏറ്റവും പ്രധാന മികവായി റിപ്പോർട്ട് അംഗീകരിക്കുന്നു. 71 ശതമാനം തൊഴില്‍ക്ഷമതാനിരക്കോടെ രാജ്യത്ത് നാലാമതാണ് കേരളത്തിന്റെ സ്ഥാനം. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളെ പിറകോട്ട് തള്ളിക്കൊണ്ടാണ് നേട്ടം. തൊഴിലെടുക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യത്തെ നാലു സംസ്ഥാനങ്ങളുടെ പട്ടികയിലേക്കും ഇതോടെ കേരളം ഉയർന്നു നിൽക്കുന്നു. അതിൽത്തന്നെ, സ്ത്രീകൾ തെരഞ്ഞെടുക്കുന്നവയിൽ മുൻനിരയിലുള്ള സംസ്ഥാനം കേരളമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

കേരളത്തില്‍ 22–25 വയസ്സിനിടയിലുള്ളവര്‍ക്ക് 87.47 ശതമാനം തൊഴിലവസര നിരക്കാണുള്ളത്. 26–29 വയസ്സുള്ള പരിചയസമ്പന്നരായ പ്രൊഫഷണലുകള്‍ക്ക് 68.82 ശതമാനം തൊഴിലവസരവുമായി സംസ്ഥാനം ഏറ്റവും ഉയര്‍ന്ന റാങ്ക് നേടി. വനിതകളുടെ തൊഴില്‍ സാധ്യതയുടെ കാര്യത്തിലും വേറിട്ടുനില്‍ക്കുന്നു. കേരളത്തിലെ സംരംഭങ്ങളും വൈവിധ്യമാര്‍ന്ന പ്രൊഫഷണല്‍ ആവാസവ്യവസ്ഥകളും വനിതകള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്നുണ്ട്.
ഇന്റേണ്‍ഷിപ്പ് മുന്‍ഗണന നല്‍കുന്നതിലും മികച്ച റാങ്കാണുള്ളത്. സര്‍വേയില്‍ പങ്കെടുത്ത 96.05 ശതമാനവും ഇന്റേണ്‍ഷിപ്പിന് താല്പര്യം പ്രകടിപ്പിച്ചു. നൈപുണ്യത്തിന്റെ കാര്യത്തില്‍ കേരളം തൊഴില്‍ മേഖല ശക്തിപ്പെടുത്തുന്നത് തുടരുകയാണെന്നാണ് ഇത് കാണിക്കുന്നത്. ഇംഗ്ലീഷില്‍ 59.72 ശതമാനം പ്രാവീണ്യത്തോടെ സംസ്ഥാനം മുന്നിട്ടുനില്‍ക്കുന്നു.

ഡിജിറ്റല്‍ നൈപുണ്യത്തില്‍ പ്രശംസനീയമായ കണക്കുകള്‍ കേരളത്തിനുണ്ട്. അഡീഷണല്‍ സ‍്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കേരള ആയിരുന്നു സംസ്ഥാനത്തെ സര്‍വേ പഠനത്തിലെ പങ്കാളി. നൈപുണ്യവികസനത്തിൽ കേരളം നിറവേറ്റുന്ന പങ്കിന് ഒരിക്കൽക്കൂടി അംഗീകാരമേകുകയാണ് ഏറ്റവും പുതിയ ഇന്ത്യ സ്കിൽസ് റിപ്പോർട്ടെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നൈപുണീവികാസത്തിന് പഠനത്തിനൊപ്പം ഊന്നൽ നൽകുന്ന പുതിയ ഉന്നതവിദ്യാഭ്യാസ സമീപനത്തിന്റെയും കൂടി വിജയമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.