14 December 2025, Sunday

Related news

December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 6, 2025
December 5, 2025
December 5, 2025
November 27, 2025
November 24, 2025
November 24, 2025

സാങ്കേതികവിദ്യ പുതിയ അവസരങ്ങൾ തുറക്കുന്ന ഘട്ടത്തിലേക്ക് കേരളം നീങ്ങുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

Janayugom Webdesk
തിരുവനന്തപുരം
December 14, 2025 10:01 pm

സാങ്കേതികവിദ്യ പുതിയ അവസരങ്ങൾ തുറക്കുകയും ഓരോ പൗരനെയും ശാക്തീകരിക്കുകയും ചെയ്യുന്ന ഘട്ടത്തിലേക്ക് കേരളം നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വളർന്നുവരുന്ന സുപ്രധാന സാങ്കേതിക മേഖലയിൽ കേരളം നിർണായകമായ നേട്ടങ്ങൾ കൈവരിക്കുന്ന വേളയാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ-2025ൽ ‘കേരള ഫ്യൂച്ചർ ഫോറം: എ ഡയലോഗ് വിത്ത് ദി ചീഫ് മിനിസ്റ്റർ’ എന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

ആഗോള പങ്കാളിത്തങ്ങൾ പ്രാദേശിക മുന്നേറ്റങ്ങൾക്ക് ഇന്ധനമാകുകയും സർവകലാശാലകൾ നവീകരണത്തിന്റെ ശക്തികേന്ദ്രങ്ങളായി മാറുകയും ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംരംഭക മേഖലയിൽ പ്രവർത്തിക്കാനും സ്വപ്നം കാണാനും പുതിയ ഉയരങ്ങൾ താണ്ടാനും പറ്റിയ സ്ഥലമാണിതെന്ന ചിന്ത ചെറുപ്പക്കാർക്കിടയിൽ രൂപപ്പെടുത്താൻ കേരളത്തിനായിട്ടുണ്ട്. ഗവേഷണത്തെ പ്രശ്ന പരിഹാരങ്ങളാക്കി മാറ്റുകയും അക്കാദമിക് മികവിനെ വ്യവസായത്തെയും സമൂഹത്തെയും സമ്പദ്‌വ്യവസ്ഥയെയും സ്വാധീനിക്കുന്ന നൂതനാശയങ്ങളാക്കി മാറ്റുകയും ചെയ്യുന്ന വേദിയായി സംസ്ഥാനത്തെ ഗവേഷണ സ്ഥാപനങ്ങൾ ഉയർന്നുവരുന്നു. 

സ്റ്റാർട്ടപ്പുകളുടെ വളർച്ചയുടെ അടുത്ത ഘട്ടത്തെ ശാക്തീകരിക്കുന്നതിനായി ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിച്ചും അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാക്കിയും സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപം സമാഹരിച്ചുമുള്ള എമർജിങ് ടെക്നോളജി ഹബ്ബായി കേരളം മാറുകയാണ്. ഒപ്റ്റിക്കൽ ഫൈബർ വഴി പൂർണമായും ബന്ധിപ്പിച്ചിരിക്കുന്ന സംസ്ഥാനത്തിന് ഉയർന്ന നിലവാരമുള്ള പ്രൊഫഷണലുകളുടെ സാന്നിധ്യം ഉറപ്പാക്കാനും സംസ്ഥാനത്തുടനീളമുള്ള വിജ്ഞാന വ്യവസായങ്ങളെ വികേന്ദ്രീകരിക്കാനും തുല്യമായ വളർച്ച ഉറപ്പാക്കാനും സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വളർച്ചയ്ക്ക് സഹായകമാകുന്ന മൂന്ന് താല്പര്യപത്രങ്ങൾ ചടങ്ങിൽ കൈമാറി. കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ്, ജർമ്മനിയിൽ നിന്നുള്ള നെക്സ്റ്റ്ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറി എന്നിവ തമ്മിലുള്ള ത്രികക്ഷി താല്പര്യപത്രം ലോകോത്തര ഡീപ്-ടെക് ആക്സിലറേഷൻ സൗകര്യം സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ സഹായിക്കുന്നതാണ്. കേരളം വർഷങ്ങളായി നൈപുണ്യ വിദ്യാഭ്യാസത്തിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് സെഷനിൽ സംസാരിക്കവേ പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 

എഐ‑റെഡി കേരളം കെട്ടിപ്പടുക്കുക, പ്രത്യേക വികസനത്തിനായി സ്പേസ്ടെക് പോലുള്ള മേഖലകൾ തിരഞ്ഞെടുക്കുക, സംസ്ഥാനത്തെ വൃത്തിയുള്ളതും മാലിന്യരഹിതവുമായി നിലനിർത്തുക എന്നിവ സംസ്ഥാനത്തിന്റെ പരിവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട നിർണായക മേഖലകളാണെന്ന് ഇൻഫോസിസ് കോ-ഫൗണ്ടറും സംസ്ഥാന സർക്കാരിന്റെ ഹൈ പവർ ഐടി കമ്മിറ്റി വൈസ് ചെയർമാനുമായ എസ്ഡി ഷിബുലാൽ അഭിപ്രായപ്പെട്ടു. സംസ്ഥാന ഇലക്ടോണിക്സ്-ഐടി സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, എവിജിസി സ്റ്റാർട്ടപ്പ് ക്രാവ് കോ-ഫൗണ്ടറും നടനുമായ നിവിൻ പോളി, കെഎസ്‌യുഎം സിഇഒ അനൂപ് അംബിക എന്നിവരും സംസാരിച്ചു. തൊഴിൽ നൈപുണ്യ വകുപ്പ് സെക്രട്ടറി എസ് ഷാനവാസ് സന്നിഹിതനായിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.