19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 18, 2024
December 18, 2024

പാലുല്പാദനത്തിൽ കേരളം ലക്ഷ്യത്തിലേക്കടുക്കുന്നു: മന്ത്രി ജെ ചിഞ്ചുറാണി

Janayugom Webdesk
കോഴിക്കോട്
April 23, 2022 4:35 pm

കേരളത്തിലെ ക്ഷീര മേഖലയിൽ ധവളവിപ്ലവത്തിന് തുടക്കം കുറിച്ച ഇൻഡോ സ്വിസ് കരാറിന്റെ (ഉത്തര കേരള ക്ഷീര പദ്ധതി) മുപ്പത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും മലബാർ മിൽമയുടെ പുതിയ ഹൈടെക് ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഇന്ത്യയിലെ സ്വിറ്റ്സർലന്റ് സ്ഥാനപതി ഡോ. റാൽഫ് ഹെക്ണെർ നിർവഹിച്ചു. വികസന രംഗത്തെ സഹകരണ മാതൃക ലക്ഷ്യം കൈവരിക്കണമെങ്കിൽ സാമ്പത്തിക സഹായം കൊണ്ടു മാത്രം കാര്യമില്ല.

അത് തങ്ങൾക്ക് കൂടി ആവശ്യമാണെന്ന ബോധത്തിൽ അധിഷ്ഠിതമായ കൂട്ടായ പ്രവർത്തനം കൂടി വേണമെന്ന് റാൾഫ് ഹെക്ണെർ പറഞ്ഞു. ഇന്തോ സ്വിസ് പ്രൊജക്ടിന്റെയും ഉത്തര കേരള ക്ഷീര പദ്ധതിയുടെയും വിജയം ഇത്തരം കൂട്ടായ്മയുടേതാണ്. മൃഗസംരക്ഷണ ക്ഷീര വികസന മേഖലയിൽ വിജയം കൈവരിച്ച ഈ കേരള മാതൃക തങ്ങൾ പിന്നീട് പഞ്ചാബിലേക്കും ആന്ധ്ര പ്രദേശിലേക്കും രാജസ്ഥാനിലേക്കും സിക്കിമിലേക്കും, ഒഡീഷയിലേക്കും വ്യാപിപ്പിക്കുകയുണ്ടായി. ദേശീയ പ്രതിഫലനത്തിൽ മാത്രം ഒതുങ്ങുന്നില്ല ഈ കേരള മോഡൽ. കേരളത്തിൽ നിന്നുള്ള ഈ വിജയത്തിന്റെ സ്വിസ് അനുഭവം ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, ടാൻസാനിയ, കിർഖിസ്ഥാൻ എന്നിവിടങ്ങളിലേക്കും പകർന്ന് നടപ്പാക്കിയിട്ടുണ്ടെന്നും ഹെക്ണെർ പറഞ്ഞു.

പാലുല്പാദനത്തിൽ കേരളം ലക്ഷ്യത്തിലേക്കടുക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പു മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഏറ്റവും കൂടുതല്‍ പാല്‍ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ ഇതിനകം മാറിയിട്ടുണ്ട്. ഇതില്‍ കേരളത്തിന്റെ പങ്ക് എടുത്തുപറയത്തക്കതാണ്. പഞ്ചാബ് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം കേരളമാണ്. പാലിന്റെ ഉല്പാദനം വര്‍ധിപ്പിക്കുന്നതിന് ബഹുമുഖമായ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്.

കര്‍ഷകരുടെ ആവശ്യത്തിനനുസരിച്ച് പശുക്കള്‍ക്ക് ബീജം കുത്തിവെയ്ക്കാന്‍ കഴിയുന്നുണ്ട്. പത്തനംതിട്ടയില്‍ നടപ്പിലാക്കുന്ന സമൃദ്ധ് പദ്ധതിയിലൂടെ കീരകര്‍ഷകരുടെ പൂര്‍ണ്ണവിവരങ്ങള്‍ ശേഖരിച്ചുവരുന്നു. പശുക്കളുടെ എണ്ണവും അളക്കുന്ന പാലിന്റെ വിവരങ്ങളും പശുക്കളെ ബാധിക്കുന്നരോഗങ്ങളുമെല്ലാം പഠനവിധേയമാക്കി ആവശ്യമായ ുപരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതൊരു പൈലറ്റ് പ്രോജക്ട് എന്ന നിലയിലാണ് നടപ്പിലാക്കുന്നത്. ഏഴരക്കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിട്ടുള്ളത്. ഈ പദ്ധതി തുടര്‍ന്ന് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

കേരളത്തിൽ മൃഗ സംരക്ഷണവും ചികിത്സയും കുറ്റമറ്റതാക്കുന്നതിനായി മൊബൈൽ ചികിത്സാ സംവിധാനവും ആംബുലൻസ് സേവനവും ലഭ്യമാക്കും. കേരളത്തിൽ 30 ലക്ഷം പശുക്കളാണുള്ളത്. ഒരു ലക്ഷം പശുക്കൾക്ക് ഒരു ആംബുലൻസ് എന്ന രീതിയിൽ ആദ്യ ഘട്ടമായി 29 ആംബുലൻസുകൾ ഉടൻ പുറത്തിറക്കും. പശുക്കളെ പൊക്കിയെടുത്ത് കൊണ്ടു വരാനുള്ള ക്രെയിൻ ഉൾപ്പെടെയുള്ള ടെലി വെറ്ററിനറി യൂണിറ്റും ഒരുക്കും. മനുഷ്യർക്കെന്ന പോലെ മൃഗങ്ങൾക്കും യഥാസമയം ചികിത്സയും അതിനായുള്ള സൗകര്യങ്ങളും ഉറപ്പാക്കും.

കേരളത്തിന് ആവശ്യമായ വാക്സിന്‍ കേരളത്തില്‍ തന്നെ ഉല്പാദിപ്പിക്കാന്‍ നടപടി സ്വീകരിക്കും. പാലോട് ഉള്‍പ്പെടെ സംസ്ഥാനത്ത് വെറ്ററിനറി വാക്സിനുകൾ നിർമ്മിക്കാനുള്ള ലാബുകൾ സ്ഥാപിക്കും. 59 കോടി രൂപ ചെലവില്‍ മലപ്പുറം മൂര്‍ക്കനാട് നിര്‍മ്മിക്കുന്ന പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറി ഉടന്‍ പ്രാവര്‍ത്തികമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങിൽ വേണു രാജാമണി (ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി എക്സ്റ്റേണൽ കോ ഓപ്പറേഷൻ കേരള സർക്കാർ) ആമുഖ പ്രഭാഷണം നടത്തി. ഏറ്റവും മികച്ച ബൾക്ക് കൂളർ സംഘത്തിനുള്ള സമ്മാനദാനം വേണു രാജാമണിയും, മികച്ച ഗുണനിലവാരമുള്ള പാൽ നൽകിയ സംഘത്തിനുള്ള സമ്മാനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും ഏറ്റവും കൂടുതൽ മിൽമ ഉത്പ്പന്നങ്ങൾ വിപണനംനടത്തിയ സംഘത്തിനുള്ള സമ്മാനം പി ടി എ റഹീം എംഎൽഎയും നൽകി.

മില്‍മ മുന്‍ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പിനെ ചടങ്ങില്‍ ആദരിച്ചു. മിൽമ ചെയർമാൻ കെ എസ് മണി സ്വാഗതവും മാനേജിംഗ് ഡയറക്ടർ ഡോ. പി മുരളി നന്ദിയും പറഞ്ഞു. മലബാർ മിൽമയുടെ പെരിങ്ങളത്തെ ആസ്ഥാന മന്ദിരവും മലപ്പുറം ജില്ലയിലെ മൂർക്കനാട്ട് സ്ഥാപിക്കുന്ന പാൽപ്പൊടി നിർമാണ കേന്ദ്രവും സ്വിസ് സ്ഥാനപതി റാൾഫ് ഹെക്ണെർ സന്ദർശിച്ചു. ഭാര്യ ഹിലേരിയയും ഒപ്പമുണ്ടായിരുന്നു.

Eng­lish summary;Kerala is mov­ing towards the tar­get in milk pro­duc­tion: Min­is­ter J Chinchurani

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.