22 December 2024, Sunday
KSFE Galaxy Chits Banner 2

കിഫ്ബിയിലൂടെ കുതിക്കുന്ന കേരളം

Janayugom Webdesk
November 22, 2024 5:00 am

കേന്ദ്രം വായ്പയെടുപ്പ് തടഞ്ഞും വിഹിതം വെട്ടിക്കുറച്ചും വികസന, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് വിഘാതം തീർക്കുന്നതിനെ മറികടക്കുവാൻ കേരളം ആവിഷ്കരിച്ചതാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി). 2016ൽ അധികാരമേറ്റ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ശക്തിപ്പെടുത്തിയ കിഫ്ബി, അടിസ്ഥാന സൗകര്യ വികസനത്തിനും പുരോഗതിക്കും വലിയ പങ്ക് വഹിക്കുന്ന സാമ്പത്തിക സംവിധാനമാണ്. റോഡുകളും പാലങ്ങളും മുതൽ സ്കൂളുകൾ, ആശുപത്രികൾ, സർക്കാർ ഓഫിസുകൾ എന്നിവയുടെ കെട്ടിടങ്ങൾ വരെ വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ ഇതിനകം തന്നെ കിഫ്ബി പടുത്തുയർത്തി. വിവിധ വകുപ്പുകളുടെ പദ്ധതികൾക്കായി 29,774 കോടിയിലധികം രൂപയാണ് വിനിയോഗിച്ചിട്ടുള്ളത്. കേരളത്തിന്റെ വികസനം സാധ്യമാക്കുന്നതിനുള്ള ഭാവനാസമ്പന്നമായ പദ്ധതിയായി കിഫ്ബി മാറിയെന്നാണ് എട്ടുവർഷത്തെ ചരിത്രം വ്യക്തമാക്കുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ കടക്കെണിയിൽ മുക്കുമെന്ന് കുറ്റപ്പെടുത്തി കിഫ്ബിയെ എതിർത്തിരുന്ന പ്രതിപക്ഷം പോലും തങ്ങളുടെ പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് പ്രസ്തുത പദ്ധതിയെത്തന്നെ ആശ്രയിക്കുന്നു. അത് അവരുടെ ദൗർബല്യമല്ല, കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് രാഷ്ട്രീയ വിവേചനങ്ങൾക്ക് ഇടമില്ലെന്നതിന്റെ തെളിവാണ്. പ്രളയത്തിൽ തകർന്നുപോയ കേരളത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് മസാല ബോണ്ടുകളിലൂടെയാണ് കിഫ്ബി ധനസമാഹരണത്തിന് ശ്രമം നടത്തിയത്. അതിനെതിരായ കേന്ദ്ര സർക്കാർ ഏജൻസികളുടെ നടപടികളിൽ തളർന്നുപോകാതെ മുന്നേറുകയാണ് കിഫ്ബി. 

കഴിഞ്ഞ ദിവസം ചേർന്ന കിഫ്ബിയുടെ 51-ാമത് യോഗം കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളിൽ ഒന്ന് വിഴിഞ്ഞം — കൊല്ലം — പുനലൂർ സാമ്പത്തിക വളർച്ചാ മുനമ്പ് എന്ന ബൃഹദ് പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പിന് 1,000 കോടി രൂപ വിനിയോഗിക്കുമെന്നതാണ്. കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെയാകെ വികസനത്തിലും വരുമാനത്തിലും വൻ കുതിച്ചുചാട്ടമുണ്ടാക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയെ റോഡ്, റെയിൽ മാർഗം വിപുലപ്പെടുത്തുന്നതിനുള്ളതാണ് സാമ്പത്തിക വളർച്ചാ മുനമ്പ്. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള വിഴിഞ്ഞത്തെ റോഡ്, റെയിൽ മാർഗം മധ്യകേരളത്തെയും മലയോരമേഖലയെയും പരസ്പരം ബന്ധിപ്പിക്കുകയാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്. പ്രസ്തുത പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഈ മേഖലകളിലേക്കുള്ള റോഡ്, റെയിൽ മാർഗേനയുള്ള ചരക്കുനീക്കം സുഗമമാകുകയും അതിന്റെ ഗുണം പലവിധത്തിൽ ലഭ്യമാകുകയും ചെയ്യും. വിഴിഞ്ഞത്തിനുമാത്രമല്ല കേരളത്തിന്റെ മധ്യ, മലയോര മേഖലയ്ക്കും ഗുണമുണ്ടാകും. ആദ്യഘട്ടത്തിൽ കൊല്ലം വഴി പുനലൂരാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും ഭാവിയിൽ ആലപ്പുഴ വഴി കൊച്ചി, പുനലൂർ നിന്ന് പത്തനംതിട്ട, അവിടെനിന്ന് എംസി റോഡ് വഴി കോട്ടയം എന്നിവിടങ്ങളിലേക്ക് ദീർഘിപ്പിച്ച് പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. റോഡ് വികസനത്തോടൊപ്പം അടിസ്ഥാനസൗകര്യം, വ്യാവസായിക ഇടനാഴികൾ, ടൂറിസം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഒരു വ്യാവസായിക മേഖല സൃഷ്ടിക്കുക വഴി ഗതാഗത, ലോജിസ്റ്റിക്, വ്യവസായ പാർക്കുകളുടെ സംയോജനവും ലക്ഷ്യമാണ്. റോഡ്, റെയിലുകൾക്ക് സമീപ പ്രദേശത്തിന്റെ പ്രത്യേകതകളെ അടിസ്ഥാനമാക്കി സ്മാർട്ട് ഇൻഡസ്ട്രിയൽ ഇക്കോസിസ്റ്റവും വികസിപ്പിക്കും. ഈ മേഖലയിലുടനീളമുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും തുറമുഖത്തേക്കുള്ള കാര്യക്ഷമമായ ഒഴുക്ക് ഉറപ്പാക്കുന്ന ഇടനാഴികളായി പ്രവർത്തിക്കുന്ന നിലവിലുള്ള റോഡ്, റെയിൽ ശൃംഖലകളിലൂടെ പ്രധാന കേന്ദ്രങ്ങൾ, ഉപകേന്ദ്രങ്ങൾ എന്നിവയെ പരസ്പരം ബന്ധിപ്പിച്ചാണ് ഒരു സ്മാർട്ട് വ്യവസായിക ഇക്കോസിസ്റ്റം രൂപീകരിക്കുക. ഇതിലൂടെ മൂന്നുലക്ഷം കോടിയുടെ നിക്ഷേപം ആകർഷിക്കാമെന്നാണ് കരുതുന്നത്. നിരവധി തൊഴിലവസരങ്ങളുടെ സൃഷ്ടിക്കും ഇതിടയാക്കും. 

ഇതിന് പുറമേ 743 കോടി രൂപയുടെ32 പദ്ധതികൾക്ക് കൂടി കിഫ്ബി യോഗം അനുമതി നൽകി. ഇതോടെ കിഫ്ബി വഴിയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ആകെത്തുക 87,000 കോടി കവിയുകയാണ്. ആകെ 1,147 പദ്ധതികൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഇതുകൂടാതെ നെടുമങ്ങാട് ജില്ലാആശുപത്രിക്കും കൊട്ടാരക്കര ഐടി പാർക്കിനും വിഴിഞ്ഞം — കൊല്ലം — പുനലൂർ സാമ്പത്തിക — വ്യാവസായിക വികസന ഇടനാഴിക്കുള്ള സ്ഥലമേറ്റെടുപ്പ് പദ്ധതിക്കും മൈക്രോബയോം, ന്യൂട്രാസ്യൂട്ടിക്കൽസ്, സ്കൂൾ ഓഫ് മാത്തമാറ്റിക്സ്, കാലാവസ്ഥാവ്യതിയാന പഠനങ്ങൾ എന്നിവയിൽ സെന്റർ ഫോർ എക്സലൻസ് സ്ഥാപിക്കുന്നതിനുമാണ് തീരുമാനം. പൊതുമരാമത്ത് റോഡുവികസന പദ്ധതികൾക്കുള്ള സ്ഥലമേറ്റെടുപ്പുൾപ്പെടെ 335.28 കോടിയുടെ 11, കോസ്റ്റൽ ഷിപ്പിങ് ആന്റ് ഇൻലാന്റ് നാവിഗേഷൻ വകുപ്പിനു കീഴിൽ 23.35 കോടിയുടെ മൂന്ന് പദ്ധതികൾക്കും അനുമതിനൽകി. നിർമ്മാണം പൂർത്തിയാകാറായ ഒമ്പത് ആശുപത്രികൾക്ക് ഉപകരണങ്ങൾക്കായി 30.38, ജലവിഭവ വകുപ്പിന്റെ മൂന്ന് പദ്ധതികൾക്ക് 20.51, തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിൽ 9.95 കോടിയുടെ ഒരു പദ്ധതി എന്നിവയ്ക്കും അംഗീകാരം നൽകി. കേന്ദ്രം സാമ്പത്തികമായി എങ്ങനെ ഞെരിക്കാൻ ശ്രമിച്ചാലും സാധിക്കില്ലെന്ന കേരളത്തിന്റെ ഇച്ഛാശക്തിയുടെ മറ്റൊരു പ്രതിരൂപമായാണ് കിഫ്ബി രൂപം കൊണ്ടത്. പലവിധത്തിലുള്ള പ്രതിബന്ധങ്ങളും എതിർപ്പുകളും നേരിടുന്നുവെങ്കിലും സംസ്ഥാന വികസനത്തിന്റെ കുതിപ്പിന് തടയിടാൻ ആർക്കുമാകില്ലെന്ന് പ്രഖ്യാപിച്ച് ഇച്ഛാശക്തിയോടെ മുന്നേറുകയാണ് അത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.