24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

February 5, 2024
February 5, 2024
February 5, 2024
February 5, 2024
February 5, 2024
February 4, 2023
February 4, 2023
February 4, 2023
February 4, 2023
February 3, 2023

വിലക്കയറ്റം നിയന്ത്രിക്കാന്‍ കേരളത്തിന് സാധിച്ചു; വിപണി ഇടപെടലുകള്‍ തുടരുന്നതിന് 2000 കോടി രൂപ

ഗിരീഷ് അത്തിലാട്ട്
February 4, 2023 4:15 am

വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശക്തമായ വിപണി ഇടപെടലുകള്‍ തുടരുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. വിപണി ഇടപെടലുകള്‍ക്കായി ബജറ്റില്‍ 2000 കോടി രൂപ വകയിരുത്തി. സമഗ്രവും സംയോജിതവുമായ ഇടപെടലിലൂടെ വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍ കേരളത്തിന് സാധിച്ചുവെന്നും ഇന്ത്യയില്‍ തന്നെ ഏറ്റവും കുറവ് വിലക്കയറ്റ നിരക്കുള്ള സംസ്ഥാനമായി അടയാളപ്പെടുത്തപ്പെട്ടുവെന്നും ബജറ്റ് വ്യക്തമാക്കുന്നു.
ഏതാണ്ട് എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനത്തെ സംബന്ധിച്ച് ഇത് ഉജ്വല നേട്ടമാണ്. വിലക്കയറ്റത്തിന്റെ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞുമാറിയിട്ടില്ല എന്നത് പരിഗണിച്ചാണ് വിപണി ഇടപെടലുകള്‍ക്കായി 2000 കോടി രൂപ വകയിരുത്തിയത്.
പുതിയതും നവീകരിച്ച് അപ്ഗ്രേഡ് ചെയ്തതുമായ 85 സപ്ലൈകോ വില്പനശാലകളാണ് ഈ സര്‍ക്കാരിന്റെ കാലയളവില്‍ ആരംഭിച്ചത്. വിപണിയില്‍ കാര്യക്ഷമമായി ഇടപെട്ടുകൊണ്ട് ഗുണനിലവാരമുള്ള സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ നയം. ഇതിനായി സംസ്ഥാനത്തെ സപ്ലൈകോ വില്പനശാലകളുടെ പ്രവര്‍ത്തനം വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി എന്റര്‍പ്രൈസസ് റിസോഴ്സ് പ്ലാനിങ്(ഇആര്‍പി) സംവിധാനം ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.
പൊതുവിതരണ രംഗത്തെ സാങ്കേതിക വിദ്യാധിഷ്ഠിത സേവനങ്ങള്‍, കുറവുകള്‍ പരിഹരിച്ച് സുസ്ഥിരമാക്കുന്നതിന് സ്മാര്‍ട്ട് പിഡിഎസ് എന്ന പദ്ധതിയുടെ സംസ്ഥാന വിഹിതമായി 1.40 കോടി രൂപ വകയിരുത്തി. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കരുതല്‍ … 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുരുതലേകി സംസ്ഥാന ബജറ്റ്. സാനിട്ടറി നാപ്കിനുകള്‍ക്ക് പകരമായി കൂടുതല്‍ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ മെന്‍സ്ട്രല്‍ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. സ്കൂളുകള്‍ കോളജുകള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ ബോധവല്‍ക്കരണവും പ്രചാരണവും സംഘടിപ്പിക്കും. ഇതിനായി 10 കോടി ബജറ്റില്‍ വകയിരുത്തി. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പ്രാബല്യത്തില്‍ വരുത്തിയിട്ടുള്ള വിവിധ നിയമങ്ങളുടെയും ഭരണഘടനാ വ്യവസ്ഥകളുടെയും നടപ്പിലാക്കല്‍ അവലോകനം ചെയ്യുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 14 കോടിയും വകയിരുത്തി. വനിതാവികസന കോര്‍പറേഷന്റെ വിവിധ പദ്ധതികള്‍ക്കായി 19.30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജെന്‍ഡര്‍ പാര്‍ക്കിനായി 10 കോടിയും വകയിരുത്തി.
സംസ്ഥാനത്തെ 1012 സ്കൂളുകളില്‍ സൈക്കോ-സോഷ്യല്‍ പദ്ധതി നിലവിലുള്ളത് കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി 51 കോടി വകയിരുത്തി. അങ്കണവാടി കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പാക്കാന്‍ ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും പാലും നല്‍കുന്ന പദ്ധതിയുടെ നടത്തിപ്പിനായി 63.50 കോടി വകയിരുത്തി. തദ്ദേശസ്ഥാപനങ്ങളുടെയും ജനകീയ കമ്മിറ്റികളുടെയും സഹകരണത്തോടെ ഡേ കെയര്‍ സെന്ററുകള്‍‌/ക്രഷുകള്‍ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കും. ഇതിന് 10 കോടി വകയിരുത്തി. 28 പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികളുടെ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിനും 28 പുതിയ കോടതികള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയുടെ സംസ്ഥാന വിഹിതമായി 8.50 കോടി രൂപ വകയിരുത്തി. സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 13 കോടി വകയിരുത്തിയിട്ടുണ്ട്. 

തൊഴിലുറപ്പ് പദ്ധതിക്ക് 230.10 കോടിയുടെ കൈത്താങ്ങ്: ഗ്രാമവികസന മേഖലക്ക് 6294.30 കോടി

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 230 കോടിയുടെ കൈത്താങ്ങ്. കേന്ദ്ര ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്കുള്ള തുക പാടെ വെട്ടിക്കുറച്ചപ്പോള്‍ സംസ്ഥാന ബജറ്റില്‍ 230.10 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ കേന്ദ്ര വിഹിതമായി പ്രതീക്ഷിക്കുന്നത് 4066. 69 കോടി രൂപയാണ്. 2023 — 24 ല്‍ 10 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും. ഇതിന് 3110 കോടി രൂപ തൊഴിലുറപ്പ് വേതനമായി ലഭ്യമാക്കാനാണ് തൊഴിലറപ്പു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
2023–24 സാമ്പത്തിക വർഷത്തിൽ ഗ്രാമവികസന മേഖലക്ക് ആകെ വിഹിതമായി 6294.30 കോടി രൂപയും വകയിരുത്തി. അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയില്‍ 65 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനായി 150 കോടി രൂപ വകയിരുത്തി. പ്രധാന്‍മന്ത്രി ഗ്രാമ സഡക് യോജനയുടെ സ്ഥാന വിഹിതമായി 80 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 120 കോടി രൂപയാണ് കേന്ദ്രവിഹിതമായി പ്രതീക്ഷിക്കുന്നത്. പ്രാദേശിക സര്‍ക്കാരുകള്‍ വഴി നടപ്പാക്കുന്ന ദീന്‍ദയാല്‍ അന്ത്യോദയ യോജന – ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ പൊതു വിഭാഗം, പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ (പാതുവിഭാഗം) എന്നീ പദ്ധതികള്‍ക്കായി 111.86 കോടി രൂപയും വകയിരുത്തി.

അടിസ്ഥാന സൗകര്യവികസനത്തിന് അത്ഭുതകരമായ വേഗം: കിഫ്ബി ഇതുവരെ നല്‍കിയത് 22,801 കോടിയിലധികം രൂപ

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് അത്ഭുതകരമായ വേഗം നൽകി കിഫ്ബി.
പതിറ്റാണ്ടുകൾക്കപ്പുറത്ത് മാത്രം സാധ്യമായിരുന്ന വികസനങ്ങൾ യാഥാർത്ഥ്യമാക്കാൻ കിഫ്ബിയിലൂടെ കേരളത്തിന് കഴിഞ്ഞു. നിലവിൽ 74,009.55 കോടി രൂപയുടെ 993 ബൃഹദ് പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. ഇവയിൽ 54,000 കോടി രൂപയുടെ 986 പദ്ധതികൾ നിർവഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇവയിൽ 6201 കോടി രൂപയുടെ പദ്ധതികളുടെ നിർമ്മാണം പൂർത്തിയായി.
കിഫ്ബിയുടെ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കണ്ടിജന്റ് ബാധ്യതയായ കിഫ്ബിയുടെ കടമെടുപ്പിനെ സംസ്ഥാനത്തിന്റെ പൊതു കടമായി പരിഗണിക്കുന്ന തെറ്റായ സമീപനം തിരുത്തേണ്ടതാണ്. ഈ വിഷയത്തിലുള്ള കേരളത്തിന്റെ പ്രതിഷേധവും ശക്തമായ നിലപാടും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. 

ജലസേചന പദ്ധതികള്‍ 2026 ന് മുമ്പ് കമ്മിഷന്‍ ചെയ്യും; സമഗ്ര നദീതട വികസന പദ്ധതി നടപ്പാക്കും 

സംസ്ഥാനത്ത് പണി തീരാതെ കിടക്കുന്ന എല്ലാ വലിയ ജലസേചന പദ്ധതികളും 2026ന് മുമ്പ് കമ്മിഷന്‍ ചെയ്യും. വയനാട്ടില്‍ കാരാപ്പുഴ, ബാണാസുരസാഗര്‍ എന്നീ ജലസേചന പദ്ധതികള്‍ 2025 ലും കമ്മിഷന്‍ ചെയ്യും. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 525.45 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വന്‍കിട‑ഇടത്തരം ജലസേചന പദ്ധതികള്‍ക്കായി 184 കോടി രൂപയും ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 169.18 കോടി രൂപയും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീരദേശ പരിപാലനത്തിനുമായി 159. 67 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ കുടിവെള്ള പദ്ധതികള്‍ക്ക് 909.51 കോടി രൂപ അനുവദിച്ചു. നബാര്‍ഡ് പദ്ധതികള്‍ പ്രകാരം മാലിന്യ സംസ്‌കരണത്തിനായി 50 കോടി രൂപയും നഗര കുടിവെള്ള പദ്ധതികള്‍ക്ക് 45 കോടി രൂപയും അനുവദിച്ചു. ജലജീവന്‍ മിഷന് സംസ്ഥാന വിഹിതമായി 500 കോടി രൂപയും വകയിരുത്തി. പഴയ പൈപ്പുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് 50 കോടി രൂപയും തിരുവനന്തപുരം കൊച്ചി നഗര കുടിവെള്ള പദ്ധതികള്‍ക്കായി 100 കോടി രൂപയുമാണ് വകയിരുത്തിയത്. മഴവെള്ള സംഭരണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടിയും എല്‍എസ്ജിഡി സ്ഥാപനങ്ങളുമായി ചേര്‍ന്നു ജലനിധി പദ്ധതികളുടെ പരിപാലനത്തിനും നടത്തിപ്പിനുമായി 30.9 കോടി രൂപയും അനുവദിച്ചു. ഡാം ഡീസില്‍റ്റേഷന്‍ ഊര്‍ജിതപ്പെടുത്തും. ഇതിനായി നൂതന സംവിധാനം കൊണ്ടുവരും. തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് മണല്‍ നീക്കം ചെയ്ത വകയില്‍ 10 കോടി രൂപ സര്‍ക്കാരിന് വരുമാനം ലഭിച്ചു. ഈ മാതൃക ഡാമുകളിലേക്ക് അടക്കം വ്യാപിപ്പിക്കും. റവന്യു ഷെയറിങ് നടപ്പാക്കുന്നതിനായി സമഗ്ര പദ്ധതിയും തയ്യാറാക്കും.
കുട്ടനാട്ടിലെ ഏറ്റവും പരിസ്ഥിതി ലോലമായ പ്രദേശങ്ങളിലെ പാടശേഖരങ്ങളുടെ പുറം ബണ്ട് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിക്ക് 100 കോടി രൂപയാണ് വകയിരുത്തിയത്. ആലപ്പുഴ, കോട്ടയം ജില്ലകളിലെ പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക നിവാരണത്തിനായി 37 കോടി രൂപയും തീരദേശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ജലസേചന വകുപ്പിന് 16.54 കോടി രൂപയും വകയിരുത്തി. ഇടമലയാര്‍ ജലസേചന പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തിയപ്പോള്‍, കാവേരി നദീതടത്തിലെ ജലവിഭവങ്ങളുടെ വിനിയോഗത്തിനായി ഇടത്തരം, ചെറുകിട, ജലസേചന പദ്ധതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സമഗ്ര നദീതട വികസന പദ്ധതിയാണ് നടപ്പാക്കുന്നത്. കാരാപ്പുഴ പദ്ധതിക്ക് വകയിരുത്തിയിട്ടുള്ള തുക 17 കോടി രൂപയില്‍ നിന്നും 20 കോടി രൂപയായി വര്‍ധിപ്പിച്ചു. ബാണാസുരസാഗര്‍ പദ്ധതിയുടെ വകയിരുത്തല്‍ 12 കോടിയില്‍ നിന്ന് 18 കോടിരൂപയായും ഉയര്‍ത്തി. കാവേരി നദീതടത്തിലെ ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 2.60 കോടി രൂപയും ഭവാനി നദീതടത്തില്‍ ചെറുകിട ജലസേചന പദ്ധതികള്‍ നിര്‍മ്മിക്കുന്നതിനും അട്ടപ്പാടിയില്‍ ചെക് ഡാമുകള്‍ (തടയണ) നിര്‍മ്മിക്കുന്നതിനുമായി 1.80 കോടി രൂപയും പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ പട്ടിശേരി ഡാമിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 14 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മംഗലം, മലമ്പുഴ, പോത്തുണ്ടി, ചിറ്റൂര്‍പുഴ, ചേരമംഗലം എന്നീ പദ്ധതികളുടെ ഫീല്‍ഡ് ചാനലുകളുടെയും ഡ്രെയിനുകളുടെയും കാഡാ കനാലുകളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി എട്ട് കോടി രൂപയും വകയിരുത്തി. 

‘ഡാം പുനരുദ്ധാരണവും വികസനവും പദ്ധതി’ (ഡ്രിപ്പ്) രണ്ടാം ഘട്ടത്തിനായി 58 കോടി രൂപയും കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാല്‍ ശൃംഖലകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപയുമാണ് പ്രഖ്യാപിച്ചത്. പഴശ്ശി ജലസേചന പദ്ധതിയുടെ പ്രധാന കനാല്‍, ശാഖാ കനാല്‍, വിതരണ ശൃംഖല എന്നിവയുടെ നവീകരണത്തിനായി 10 കോടി രൂപയും പാലക്കാട് ജില്ലയിലെ ചിറ്റൂര്‍പ്പുഴ, കാഞ്ഞിരപ്പുഴ എന്നീ പദ്ധതികളുടെ കനാല്‍ നവീകരണത്തിനായി 22 കോടി രൂപയും വകയിരുത്തി.
കുട്ടനാട് മേഖലയിലേയും തോട്ടപ്പള്ളി സ്പില്‍വേയിലേയും പ്രളയ നിവാരണത്തിനായി നടപ്പിലാക്കുന്ന തോട്ടപ്പള്ളി പദ്ധതിക്കായി അ‌‌ഞ്ച് കോടിയാണ് നീക്കിവെച്ചിട്ടുള്ളത്. വേനല്‍ക്കാലത്ത് മീനച്ചില്‍ നദീതടത്തില്‍ അനുഭവപ്പെടുന്ന കടുത്ത ജലക്ഷാമത്തിന് പരിഹാരമായി നദിക്ക് കുറുകെ അരുണാപുരത്ത് ചെറിയ ഡാമും ആര്‍സിബിയും നിര്‍മ്മിക്കുന്ന മീനച്ചില്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടി രൂപ. സംസ്ഥാനത്തുടനീളമുള്ള ചെറുകിട ജലസേചന പദ്ധതികളുടെ വികസനത്തിനായി 169.18 കോടി രൂപ വകയിരുത്തി. ഭൂഗര്‍ഭജല ലഭ്യത വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച പരിശോധനകള്‍ക്കും പഠനങ്ങള്‍ക്കും, അവയ്ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി 15 കോടി രൂപയും ഭൂഗര്‍ഭജലം അടിസ്ഥാനമാക്കിയുള്ള കുടിവെള്ള പദ്ധതിക്കായി 5.58 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കായി 24 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഇതില്‍ 19 കോടി രൂപ പുതിയ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്ക് വേണ്ടി വിനിയോഗിക്കും.
ഹരിതകേരളം മിഷനുമായി ചേര്‍ന്ന് കുളങ്ങളുടെ നവീകരണം, കുളങ്ങളെ ജലസേചന പദ്ധതികളുമായി ബന്ധിപ്പിക്കല്‍ മുതലായ പ്രവൃത്തികള്‍ക്കായി 7.50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. “കമ്മ്യൂണിറ്റി മൈക്രോ-ഇറിഗേഷന്‍ പദ്ധതി” വഴി എല്ലാ ജില്ലകളിലും ആധുനിക രീതിയിലുള്ള മൈക്രോ-ഇറിഗേഷന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി 12 കോടി രൂപ വകയിരുത്തി.നദികള്‍ മാലിന്യമുക്തമാക്കുന്ന പദ്ധതിക്കായി രണ്ട് കോടി രൂപയും നീക്കിവച്ചു. 

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.