കേരള വികസന മാതൃകയെക്കുറിച്ച് ഇപ്പോള്‍ അധികം ചര്‍ച്ചകള്‍ നടക്കാറില്ല. കാലികമായ സാമൂഹിക സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളും ആഗോളതലത്തിലെ മാറ്റങ്ങള്‍ കേരളത്തില്‍ സൃഷ്ടിച്ച ചലനങ്ങളുമൊക്കെ, കേരള മോഡലിനെക്കുറിച്ച് പുനര്‍വിചിന്തനത്തിനു കാരണമാക്കിയിട്ടുണ്ട്. ഈയടുത്തായി ഇപിഡബ്ല്യുവിന്റെ പുതിയ ലക്കത്തില്‍ ഒരു നൂതന പഠനം ഈ വിഷയത്തെക്കുറിച്ച് നടത്തിയത് ശ്രദ്ധേയമായിത്തോന്നി. വിപുലമായ വായനാമണ്ഡലത്തില്‍ ഇത് എത്താനിടയില്ലാത്തതിനാല്‍ അതിന്റെ സംഗ്രഹം ഇവിടെ പ്രസക്തമാണെന്നും തോന്നുന്നു. 1957ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയായത് 1956ല്‍ സി അച്യുതമേനോന്‍ ഇറക്കിയ ഒരു ചെറുപുസ്തകമായിരുന്നു. ‘ടുവേഡ്സ് എ മോര്‍ പ്രോസ്‌പര്‍സ് ആന്റ് പ്ലെന്റിഫുള്‍ കേരള’ എന്ന ശീര്‍ഷകത്തിലായിരുന്നു ആ ലഘുലേഖ ഇറങ്ങിയത്. അദ്ദേഹത്തിന്റെ ഒപ്പം ഡോ. കെ എന്‍ രാജും ചേര്‍ന്ന് ഇന്ന് നാം പറയുന്ന കേരള മോഡലിന്റെ പ്രാഗ് രൂപം തയ്യാറാക്കി. കേരള മോഡല്‍ കുറച്ചുകാലത്തിനുശേഷം ഒട്ടേറെ സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായി. സി അച്യുതമേനോന്റെ കുറിപ്പില്‍ രണ്ട് കാര്യങ്ങള്‍ക്കായിരുന്നു ഊന്നല്‍. കൂടുതല്‍ ഉല്പാദനം, കൂടുതല്‍ സമൃദ്ധി. അതായത് ഉല്പാദനത്തിലും വിതരണത്തിലും സമ ഊന്നല്‍. കേരള മാതൃകയ്ക്ക് വിമര്‍ശനം കൂടിയത് നവഉദാരീകരണ കാലഘട്ടത്തിലെ അമിത സ്വകാര്യവല്‍ക്കരണത്തിന് ശേഷമായിരുന്നു. നിത്യജീവിതത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങിയവ ക്രമേണ അവഗണിക്കപ്പെട്ടു. അമിതമായ ഊന്നല്‍ സ്വകാര്യവല്‍ക്കരണത്തിലൂടെയുള്ള ഉല്പാദനത്തില്‍ മാത്രമായിരുന്നു. പൊതുസൗകര്യങ്ങളില്‍ ചില മേഖലകള്‍ കേരള അനുഭവത്തില്‍ വളരെ ഗുണനിലവാരമുള്ളതാണ്.
വികസനത്തിന്റെ വിതരണമെന്ന ഭാഗത്ത് അച്യുതമേനോന്‍ പ്രാധാന്യം നല്കിയതും പ്രത്യേകിച്ച് ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിലാണ്. അന്നത് പലരും വേണ്ടത്ര ശ്രദ്ധിച്ചില്ല. ഇന്നത്തെ ഭേദപ്പെട്ട പൊതു ആരോഗ്യ സംവിധാനത്തിന്റെ അടിസ്ഥാന പ്രമാണം, അച്യുതമേനോന്റെ ആ പുസ്തകമാണെന്ന് പലരും ഓര്‍ക്കുന്നില്ല, അല്ലെങ്കില്‍ അതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് കൊടുക്കാനിഷ്ടപ്പെടുന്നില്ല. ബ്രിട്ടീഷ് മെഡിക്കല്‍ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ ആരോഗ്യപരിപാലനം കേരള മാതൃകയായി വികസിച്ചതിനെക്കുറിച്ച് പറയുന്നു. രോഗം, ശുശ്രൂഷ, മരണം, തുടങ്ങി ഒരുപാട് കാര്യങ്ങള്‍ കേരളം സ്റ്റേറ്റിന്റെ പരിധിയിലെത്തിച്ചത് ശ്ലാഘനീയമാണ്. എന്നാല്‍ ഇവിടത്തെ ചര്‍ച്ചകളെല്ലാം വികസനത്തെക്കുറിച്ച് പറയുമ്പോള്‍ വിതരണത്തെയും തുടര്‍ന്നുണ്ടാകാവുന്ന അസമത്വത്തെയും കുറിച്ച് വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. വളര്‍ച്ച ആശാവഹമായ സാമൂഹിക ഗുണനിലവാരം ഉണ്ടാക്കാറില്ല. കേരളത്തിലെ സാമ്പത്തിക സാമൂഹിക അസമത്വത്തെക്കുറിച്ച് ഡോ. എം എ ഉമ്മന്‍ നടത്തിയ പഠനം ഇക്കാര്യം ആഴത്തില്‍ പരിശോധിക്കുന്നുണ്ട്. സമൃദ്ധിയും ധാരാളം ഉല്പാദനവും എന്ന സുപ്രധാനമായ കാഴ്ചപ്പാട്, പ്രായോഗിക മാതൃകയില്‍ നമുക്ക് പിന്‍പറ്റാനായിട്ടില്ല. കേരളത്തിന്റെ ഭാവിരേഖ അദ്ദേഹവും രാജും കുറിച്ചുവച്ചത് അങ്ങനെയായിരുന്നു. വളര്‍ച്ച മാത്രം പോര. ഇന്ത്യ വളര്‍ച്ചയില്‍ മുന്നിട്ടുനിന്ന കാലത്തും അതിനനുസരിച്ച് തൊഴില്‍വര്‍ധന ഉണ്ടായിരുന്നില്ല. നവഉദാരീകരണ കാലഘട്ടത്തില്‍ ശ്രദ്ധേയമായത് ഇതാണ്. നമ്മുടെ തൊഴില്‍ ഇലാസ്തികത (ഒരു യൂണിറ്റ് ഉല്പാദനം സൃഷ്ടിക്കുന്ന തൊഴില്‍) മറ്റു പല രാജ്യങ്ങളെ അപേക്ഷിച്ചും കുറവാണ്. കേരളത്തിലും ഈ സ്ഥിതിയില്‍ വലിയ മാറ്റമില്ല. മൂലധന തീവ്ര ഉല്പാദനം നിലവില്‍ വരുന്ന പുതിയ കാലഘട്ടത്തില്‍ ഇതാണ് സ്ഥിതി. അതിന്റെ ഫലം ഉല്പാദന വളര്‍ച്ചയും തൊഴിലില്ലായ്മാ വര്‍ധനവും ഒരേ സമയത്തുണ്ടാവും.
തൊഴിലില്ലായ്മ, വരുമാനക്കുറവ് ഉണ്ടാക്കുമ്പോള്‍ പ്രകൃത്യാ തന്നെ ദാരിദ്ര്യം ഉണ്ടാവും. അത്യുല്പാദനവും ദാരിദ്ര്യവും ഒരേസമയത്ത് സംഭവിക്കും. ഇത് കണ്ടുകൊണ്ടുതന്നെയാണ് അച്യുതമേനോന്‍-രാജ് പഠനം നേരത്തെ പറഞ്ഞ നിഗമനം മുന്നോട്ടുവച്ചത്. കാര്‍ഷിക വളര്‍ച്ചയും ശ്രദ്ധേയമായ ചില സംഗതികള്‍ മുന്നോട്ടുവയ്ക്കുന്നു. കൃഷിയിലുണ്ടായ വളര്‍ച്ചയ്ക്കനുസൃതമായി കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടവരുടെ വരുമാനം വര്‍ധിച്ചിട്ടില്ല. അത്യുല്പാദന ചെലവുള്ള കൃഷിസമ്പ്രദായം, തീവ്രജലസേചനമാവശ്യമുള്ള വിത്തുകള്‍ എന്നിവ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഏറെ ഉണ്ടാക്കിയിട്ടുണ്ട്. അമിത ജലചൂഷണവും രാസവളപ്രയോഗവും ആത്യന്തികമായി വികസനത്തിന്റെ ഗുണഫലങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട് എന്ന് പഠനങ്ങള്‍ പറയുന്നു. കേരള മാതൃകയുടെ ഭാഗമായി നാമിതിനെ കാണേണ്ടതുണ്ട്. വളര്‍ച്ച മാത്രമല്ല, അതിന്റെ അനന്തരഫലം ജനങ്ങളിലെങ്ങനെ എത്തുന്നു എന്നതുകൂടി പ്രധാനമാണ്. അടിസ്ഥാനപരമായി സുസ്ഥിരവും പാരിസ്ഥിതിക പ്രാധാന്യമുള്ളതുമായ വിധം വികസനത്തെ രൂപപ്പെടുത്തണമെന്നതാണ് കേരളപാഠം. കേരള സാഹചര്യത്തില്‍ നാം കാര്യമായി പരിഗണിക്കേണ്ട ചില കാര്യങ്ങളുണ്ട്. ധാരാളം പ്രകൃതിവിഭവങ്ങളുള്ള സ്ഥലമാണ് കേരളം. പരീക്ഷണാത്മക പാരിസ്ഥിതിക പ്രസ്ഥാനങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. തീവ്ര ജനസാന്ദ്രത ഇവിടെയുണ്ട്. നഗര‑ഗ്രാമ വേര്‍തിരിവുകള്‍ നന്നേ കുറവാണ്. ഇതിനെ ഒരുതരം “ഗ്രാ-ഗര” വ്യവസ്ഥ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. ശക്തമായ താഴ്‌തല ജനാധിപത്യ സംവിധാനം നമുക്കുണ്ട്. ഒപ്പംതന്നെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ സ്ത്രീശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീ ഇവിടെ ഫലവത്തായി പ്രവര്‍ത്തിക്കുന്നു. അടിത്തട്ട് മുതല്‍ സാമൂഹിക‑സാമ്പത്തിക ശാക്തീകരണത്തിന് ഇത്രയധികം ഫലവത്തായ മറ്റൊരു പ്രസ്ഥാനമില്ല.
ഏതാണ്ട് 45 ലക്ഷം സ്ത്രീകളാണ് പഞ്ചായത്ത്‌രാജ് വ്യവസ്ഥയുമായി ഈ പ്രസ്ഥാനം മുഖേന ബന്ധിതമായിട്ടുള്ളത്. ഏറ്റവുമധികം വിദ്യാസമ്പന്നരായ യുവാക്കള്‍ ഇവിടെയുണ്ട്. നമ്മുടെ ശക്തിയും വെല്ലുവിളിയും അതുതന്നെയാണ്. ഇവരെ ഫലവത്തായി ഉപയോഗിക്കാനാവശ്യമായ പദ്ധതികളും നിക്ഷേപങ്ങളുമില്ലെങ്കില്‍ അവര്‍ വന്‍തോതില്‍ കേരളം വിടും, വിടുന്നുണ്ട്. അവരുടെ വിദ്യാഭ്യാസത്തിനായി നാം ചെലവഴിച്ച തുക പ്രത്യയമില്ലാതെ പോവുകയും ചെയ്യും. വരുംപദ്ധതികളില്‍ വ്യക്തമായ മാനുഷിക വിഭവ പ്ലാനിങ് കേരളത്തിന് വളരെ അത്യാവശ്യമാണ്. കേരള മോഡലില്‍ ഏറ്റവും ഇല്ലാത്തത് ഇക്കോളജിക്കല്‍ ഉദ്ഗ്രഥനമാണ്. ഇത്രമാത്രം കാലാവസ്ഥാ വെെവിധ്യവും മണ്ണിന്റെ വ്യത്യസ്തതയും ജലശേഷിയുമുള്ള ഒരു പ്രദേശം വേറെയില്ലെന്നിരിക്കെ ഇവയുടെ ഉദ്ഗ്രഥിത ഉപയോഗത്തിനുള്ള ആസൂത്രണ സംയോജനം ഇവിടെ ഇല്ലെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ഭ്രാന്തമായ പാരിസ്ഥിതികവാദം വേണ്ട; പക്ഷെ ഇക്കോളജിയുടെ പുനരുജ്ജീവനത്തിന് ഒരു മാതൃക നമുക്ക് സൃഷ്ടിച്ചേ പറ്റൂ. 3000 മില്ലി മീറ്റര്‍ മഴ കിട്ടിയിട്ടും എന്തേ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു എന്നറിയണം. ഏതാണ്ട് 70 ദശലക്ഷം കിണറുകളും കുഴല്‍ക്കിണറുകളും ഉണ്ടെന്നോര്‍ക്കുക. ഇന്നത്തെപ്പോലെ സൂക്ഷ്മതലത്തില്‍ ആവശ്യത്തിനായി യാതൊരു മാനദണ്ഡവുമില്ലാതെ കുഴല്‍ക്കിണറുകള്‍ സൃഷ്ടിച്ചാല്‍ ഭൂമിയും വരണ്ട് വറ്റും. വെള്ളപ്പൊക്കം, അല്ലെങ്കില്‍ ജലക്ഷാമം ഇതിനിടയില്‍ യാതൊരു രക്ഷയുമില്ലാത്ത ഓട്ടത്തിലാണ് നാം. രണ്ടും വിനാശകാരികളാണ്. പൊതുചെലവിന്റെ വലിയൊരു ഭാഗം ഇതിനായി മാത്രം വിനിയോഗിക്കുന്നു. വികസനത്തിന് പണമില്ല. ചെലവൊക്കെ ക്രെെസിസ് മാനേജ്മെന്റിനാണ്. ഇതാണനുഭവം. കേരളത്തിലെ 15 ശതമാനം ഭൂമിയും വെള്ളപ്പൊക്കത്തിന് വിധേയമാണ്.
ചില ജില്ലകളില്‍ അത് 50 ശതമാനം വരെയാണ്. അത് നമ്മുടെ സ്കൂളുകള്‍, വീടുകള്‍, റോഡുകള്‍, മറ്റ് കെട്ടിടങ്ങള്‍ തുടങ്ങി ആസ്തിവകകളെ നശിപ്പിക്കുന്നു. 2018–19ലെ വെള്ളപ്പൊക്കം ജിഎസ്‌ടിയുടെ 2.6 ശതമാനം നശിപ്പിച്ചുവത്രെ. നീണ്ട തീരപ്രദേശവും അവിടെ കനത്ത ജനസാന്ദ്രതയും ഇവിടെയുണ്ട്. ഓരോ കടല്‍ക്ഷോഭവും വിഭവങ്ങള്‍ക്കും മനുഷ്യര്‍ക്കും വരുത്തുന്ന നാശനഷ്ടങ്ങള്‍, എല്ലാ സീസണുകളിലും നാം വായിച്ചറിയുന്നുണ്ട്. കാലമിത്രയായിട്ടും ഇതിന് കാര്യമായ പരിഹാരമൊന്നും ഉണ്ടായിട്ടില്ല. തീരദേശവാസികളുടെ ദുരിതം ഏത് മോഡലിനെയും അസംബന്ധമാക്കുന്ന തരത്തിലാണ്. കേരള മോഡലോ അഥവാ അമര്‍ത്യസെന്‍ പറഞ്ഞ ‘കേരള അനുഭവ’മോ സാമ്പത്തിക കണക്കുകളുടെ പട്ടികയില്‍ ഒതുങ്ങിക്കൂടാ. അതിന്റെ സാമൂഹിക‑ധാര്‍മ്മിക പ്രശ്നങ്ങളാവണം ഭാവി യാഥാര്‍ത്ഥ്യങ്ങളുടെ പരിഗണനയില്‍ ചര്‍ച്ചയ്ക്ക് വരേണ്ടത്. അച്യുതമേനോന്‍— കെ എന്‍ രാജ് ഊന്നിയ ‘കൂടുതല്‍ സമൃദ്ധവും ഐശ്വര്യപൂര്‍ണവുമായ കേരളത്തിനായി’ എന്നതിലെ വ്യാപകധ്വനികള്‍ നാം കണ്ടെത്തണം. ചര്‍ച്ചകളില്‍ ഇവരെ മറന്നത് എന്തുകൊണ്ടെന്നറിയില്ല. അഥവാ അക്കാദമിക്സിലും നന്ദികേടിന് കുറവില്ലല്ലോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.