
തുടർ ഭരണം ലഭിച്ച സവിശേഷ സാഹചര്യത്തിൽ കേരള വികസനത്തെ നിർബാധം മുന്നോട്ടുകൊണ്ടുപോകാൻ ഈ സർക്കാരിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി. കേരളം ഇന്ന് അഭൂതപൂർവമായ വളർച്ചയുടെ പാതയിലാണ്. ഈ വളർച്ച സ്വാഭാവികമായി ഉണ്ടായതല്ല. മുഖ്യധാരാ വികസന സങ്കല്പങ്ങൾക്ക് ബദലായി ജനപക്ഷ വികസനത്തിന്റെ പുതിയ പരിപ്രേക്ഷ്യം മുന്നോട്ടുവച്ചാണ് കേരളം ലോകത്തിന് മാതൃകയായത്. ഇതിനു ചുക്കാൻ പിടിച്ചത് വിവിധ ഘട്ടങ്ങളിലെ ഇടതുപക്ഷ സർക്കാരുകളാണ്. സാമൂഹ്യ മേഖലയിലെ കൂടുതൽ വകയിരുത്തലുകളായിരുന്നു ഇടതുപക്ഷ സർക്കാരുകളുടെ മുഖമുദ്ര. ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം, പൊതുമേഖല മുതലായ മേഖലകളിലെ കേരളത്തിന്റെ മുന്നേറ്റം ലോക ശ്രദ്ധയാകർഷിച്ചു. ഇടതുപക്ഷ സർക്കാരുകൾക്ക് ഇടയിൽ വന്ന ഇടതുപക്ഷ ഇതര സർക്കാരുകൾ ഈ ബദൽ വികസന നയങ്ങൾക്ക് പോറലേൽപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. ഓരോ ഇടതുപക്ഷ സർക്കാരിനും അതിനു മുൻപുള്ള യുഡിഎഫ് സർക്കാരുകൾ തകർത്തുപോയ കേരളത്തെ പുനർനിർമ്മിച്ച് പഴയ അവസ്ഥയിലേക്ക് കൊണ്ടുവരുക എന്ന അധിക ബാധ്യത ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. ഭരണത്തിലെ രണ്ടോ മൂന്നോ വർഷങ്ങൾ ഇത്തരത്തിൽ നഷ്ടപ്പെട്ടു പോകാറുണ്ടായിരുന്നു. എന്നാൽ തുടര്‍ഭരണം ലഭിച്ച സാഹചര്യത്തില്‍ വികസനത്തിന് തുടര്‍ച്ചയുണ്ടായെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ലോകമാകെ നേരിട്ട കോവിഡ് മഹാമാരിയും നമ്മൾ മാത്രമായി കടന്നുപോയ പ്രളയങ്ങളും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ നിരവധി പ്രതിബന്ധങ്ങള്‍ ഇക്കാലയളവില്‍ നേരിടേണ്ടിവന്നു. സ്വാഭാവികമായി ഉണ്ടായ ഇത്തരം പ്രതിബന്ധങ്ങൾക്കു പുറമെ ബോധപൂർവം സൃഷ്ടിക്കപ്പെട്ട തടസങ്ങളും ഉണ്ടായി. ഒരുവശത്ത് കേരളത്തിലെ പ്രതിപക്ഷം സർക്കാരിനോട് നിഷേധാത്മകമായ സമീപനം സ്വീകരിച്ചു പോന്നു. സർക്കാരിന്റെ പദ്ധതികൾ എന്താണെങ്കിലും അതിനെയെല്ലാം എതിർക്കുക എന്ന മാനസികാവസ്ഥയിലേക്ക് പ്രതിപക്ഷം എത്തപ്പെട്ടു. ജനപക്ഷ വികസന പ്രവർത്തനങ്ങളെ എതിർക്കാൻ അവിശുദ്ധ സഖ്യങ്ങൾ ഉണ്ടായി. കേരളത്തെ ഒറ്റപ്പെടുത്താനും പ്രതിരോധത്തിലാക്കാനും നടത്തിയ രാഷ്ട്രീയ പകപോക്കൽ മറ്റൊരു വശത്ത്. ഉപരോധ സമാനമായ സാമ്പത്തിക വിവേചനമാണ് കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടായത്. ഫെഡറൽ മൂല്യങ്ങളെ അട്ടിമറിച്ച് സംസ്ഥാനത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളുണ്ടായി. ഈ ഘട്ടങ്ങളിലെല്ലാം കേരളം തീർന്നു എന്ന് കരുതിയ ഒരു വിഭാഗം ആളുകൾ ഉണ്ടായിരുന്നു. വികസനം വഴിമുടങ്ങുമെന്നും സാമ്പത്തിക പ്രതിസന്ധിയിൽ കേരളം മുങ്ങിപ്പോകുമെന്നും ക്ഷേമ പദ്ധതികൾ ആകെ ഇല്ലാതാകുമെന്നും പ്രവചിച്ചവരും ആവേശപൂർവ്വം പ്രചരിപ്പിച്ചവരും ഉണ്ടായിരുന്നു. എന്നാൽ കേരളം തളർന്നില്ല. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തു മുന്നേറുകയാണ് നമ്മൾചെയ്തത്.
വികസന കാര്യത്തിൽ മാത്രമല്ല, രാജ്യത്തെ മതനിരപേക്ഷതയുടെയും ജനാധിപത്യ ഫെഡറൽ മൂല്യങ്ങളുടെയും സംരക്ഷണത്തിനായി കേരളത്തിലെ സർക്കാർ മുന്നിൽ നിന്നിട്ടുണ്ട്. ഭരണഘടനാ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെട്ട സന്ദർഭങ്ങളിൽ വ്യക്തവും ശക്തവുമായ നിലപാട് ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ഇതിനെല്ലാം കരുത്തായത് കേരളത്തിലെ ജനങ്ങൾ നൽകിയ കലവറയില്ലാത്ത പിന്തുണയാണ്. ജനപക്ഷ വികസന പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ടുപോകാൻ ഊർജമാകുന്നതും ഇതേ പിന്തുണ തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.