രാജ്യത്തെ തന്നെ മികച്ച ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്ന സംസ്ഥാനം കേരളമാണെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. പൊന്മുണ്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹെടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉന്നതിയിലേക്ക് എത്തിക്കാനും കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്.
ജനകീയാസൂത്രണ പദ്ധതി പ്രകാരം സ്കൂളുകളുടെ പ്രവർത്തന മേൽനോട്ടം പഞ്ചായത്തുകളെ ഏൽപ്പിക്കാൻ കഴിഞ്ഞതും അവർ കൃത്യമായ വികസന മേഖലകൾ ചൂണ്ടിക്കാണിച്ചത് സർക്കാർ നടപ്പിലാക്കിയതു കൊണ്ടാണ് സമഗ്ര വിദ്യാഭ്യാസ പുരോഗതി സംസ്ഥാനത്തിന് കൈവരിക്കാൻ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. 6.72 കോടി ചെലവിലാണ് പുതിയ ഹൈടെക് കെട്ടിടം നിർമിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അഭാവത്തിലാണ് മന്ത്രി വി അബ്ദുറഹ്‌മാൻ ശിലാസ്ഥാപന കർമം നടത്തിയത്.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീദേവി പ്രാക്കുന്ന് അധ്യക്ഷത വഹിച്ചു. പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കുണ്ടിൽ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി നിയാസ്, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ സക്കീന, മലപ്പുറം-പാലക്കാട് ഹയർസെക്കൻഡറി എജുക്കേഷൻ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി എം അനിൽ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ. പി രമേഷ് കുമാർ, വാർഡ് അംഗം സുബ്രഹ്മണ്യൻ, പൊന്മുണ്ടം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് വി പി അബ്ദുറഹിമാൻ, പിടിഎ പ്രസിഡന്റ് ആർ അബ്ദുൽ ഖാദർ, തുടങ്ങിയവർ സംസാരിച്ചു. വിദ്യാകിരണം ജില്ലാ കോഡിനേറ്റർ സുരേഷ് കൊളശ്ശേരി പദ്ധതി അവതരണം നടത്തി. ഏറെക്കാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ. പി രമേഷ് കുമാറിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. 150 വർഷം പഴക്കമുള്ള സ്കൂൾ ഭൗതിക അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയായിരുന്നു. ഇതേതുടർന്ന് ജില്ലാ പഞ്ചായത്ത് ഒരു ഏക്കർ സ്കൂളിനായി വാങ്ങിയെങ്കിലും ഭൂമി തരം മാറ്റൽ സാധ്യമാകാതെ കിടന്നു. തുടർന്ന് 2023 ൽ മണ്ണിട്ട് നികത്താനുള്ള അനുമതി ലഭ്യമായി. ഇതോടെയാണ് കെട്ടിട നിർമാണം ആരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.