26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024

ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനം കേരളം ഉയർത്തുന്നു: രാഷ്ട്രപതി

Janayugom Webdesk
തിരുവനന്തപുരം
December 23, 2021 10:52 pm

ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്നവരാണ് മലയാളികളെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തിന്റെ സാംസ്കാരിക ഐക്യബോധത്തെ ഏറ്റവും ഉയർന്ന രീതിയിൽ പ്രകടിപ്പിക്കുന്ന നാട് കൂടിയാണ് കേരളമെന്നും രാഷ്ട്രപതി പറഞ്ഞു. പൂജപ്പുരയിൽ പി എൻ പണിക്കരുടെ പൂർണകായ വെങ്കല പ്രതിമ അനാവരണം ചെയ്ത ശേഷം പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി. മാനവശേഷി വികസനത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും നിരവധി സൂചികകളിൽ കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ്. കേരളത്തിലെ ജനങ്ങൾ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഏറെ ആദരം നേടിയിട്ടുണ്ട്. കേരളത്തിൽനിന്നുള്ള പ്രവാസികൾ ഇവിടേയ്ക്കു പണം അയക്കുക മാത്രമല്ല, തൊഴിലിനായി അവർ എത്തിയ ദേശങ്ങളിൽ രാജ്യത്തിന്റെ യശസ് ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. സേവന മേഖലയിൽ സംസ്ഥാനത്തുനിന്നുള്ള പ്രൊഫഷണലുകൾ, പ്രത്യേകിച്ച് ഡോക്ടർമാരും നഴ്സുമാരും എല്ലായിടത്തും ഏറെ ബഹുമാനം പിടിച്ചുപറ്റുന്നവരാണ്. വിദൂര ഗ്രാമങ്ങളിൽപ്പോലും ഒരു ഗ്രന്ഥശാലയുണ്ടെന്നതു കേരളത്തിന്റെ സവിശേഷതയാണ്.

ജനങ്ങൾക്ക് ആരാധനാലയങ്ങളുമായോ വിദ്യാലയങ്ങളുമായോ പ്രത്യേക ബന്ധമുണ്ടാകുന്നതുപോലെ തൊട്ടടുത്തുള്ള വായനശാലയുമായി വൈകാരിക ബന്ധമുണ്ട്. പി എൻ പണിക്കർ പ്രസ്ഥാനം ഒരുക്കിയ ഗ്രന്ഥശാലകൾ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളുടെ നാഡീകേന്ദ്രങ്ങളായി മാറി. പി എൻ പണിക്കർ വിജ്ഞാന വികാസ കേന്ദ്രം എന്ന പേരിൽ കേരള സർക്കാർ സ്വയംഭരണ സ്ഥാപനം തുടങ്ങുന്നതിൽ അതിയായ സന്തോഷമുണ്ട്. അറിവിലൂടെ ദാരിദ്ര്യം കുറയ്ക്കുകയും യുവാക്കൾക്കിടയിൽ ശാസ്ത്രബോധം വളർത്തുകയുമാണ് ഇത്തരം കേന്ദ്രങ്ങളുടെ ലക്ഷ്യമെന്നും രാഷ്ട്രപതി പറഞ്ഞു. ഗ്രന്ഥശാലകളോടുള്ള പൊതുജനാഭിമുഖ്യം വർധിപ്പിക്കുന്നതിനു പുതിയ സാങ്കേതികവിദ്യയുടെ സഹായം ഉപയോഗപ്പെടുത്തണമെന്നു ചടങ്ങിൽ പങ്കെടുത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഇതുവഴി വായനയുടെ നവ രീതികൾ പുതുതലമുറയ്ക്കു സ്വായത്തമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രപതിക്ക് ഉപഹാരം സമർപ്പിച്ചു. പി എൻ പണിക്കരുടെ വെങ്കല പ്രതിമ നിർമ്മിച്ച ശില്പി കെ എസ് സിദ്ധനും മുഖ്യമന്ത്രി മൊമെന്റോ നൽകി. രാഷ്ട്രപതിയുടെ പത്നി സവിത കോവിന്ദ്, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, മേയർ ആര്യ രാജേന്ദ്രൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, പി ജെ കുര്യൻ, പന്ന്യൻ രവീന്ദ്രൻ, എൻ ബാലഗോപാൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

eng­lish sum­ma­ry; Ker­ala rais­es Indi­a’s pride in front of the world: President

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.