25 November 2024, Monday
KSFE Galaxy Chits Banner 2

കേരള നവോത്ഥാനത്തിന്റെ സൂര്യതേജസ്

ഡോ. കായംകുളം യൂനുസ്
December 28, 2022 4:12 am

ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച മഹത്തുക്കളാണ് പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ കേരളത്തിൽ ജീവിച്ചിരുന്ന നവോത്ഥാന നായകർ. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, വി ടി ഭട്ടതിരിപ്പാട്, അയ്യന്‍കാളി, പൊയ്കയിൽ അപ്പച്ചൻ തുടങ്ങിയ ആ മഹാ പുരുഷന്മാരുടെ പട്ടികയിൽ ഉന്നതമായ നിലയിൽ വിളങ്ങുന്ന നാമമാണ് വക്കം മുഹമ്മദ് അബ്ദുൽ ഖാദർ മൗലവി(1873–1932)യുടേത്. മുസ്ലിം സമുദായത്തിൽ അടിഞ്ഞുകൂടിയിരുന്ന അന്ധവിശ്വാസങ്ങൾക്കും വിദ്യാരാഹിത്യത്തിനും സ്ത്രീകളോടുള്ള വിവേചനത്തിനുമെതിരെ പോരാടിക്കൊണ്ട് സമുദായ ഉന്നമനത്തിനായുള്ള ഒരു പോർമുഖം തുറന്നപ്പോൾത്തന്നെ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങളുടെ സംസ്ഥാപനത്തിനും പൊതുജീവിതത്തിലെ അഴിമതികൾക്കുമെതിരെ മറ്റൊരു വിശാലമായ സമരമുഖം കൂടി അദ്ദേഹം തുറന്നു. അതുകൊണ്ടാണ് കേരള നവോത്ഥാനത്തിലെ ഒളിമങ്ങാത്ത ഓർമ്മയായി വക്കം മുഹമ്മദ് അബ്ദുൽ ഖാദർ മൗലവി ഇന്നും നിലകൊള്ളുന്നത്. അദ്ദേഹത്തിന്റെ 150-ാം ജന്മ വാര്‍ഷികദിനമാണിന്ന്.

1873 ഡിസംബർ 28ന് വക്കത്തെ പ്രശസ്തമായ പൂന്ത്രാംവിളാകം കുടുംബത്തില്‍ സമ്പന്നതയുടെ നടുവിലാണ് മുഹമ്മദ് അബ്ദുൽ ഖാദർ ജനിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, അറബിക്, ഇംഗ്ലീഷ്, സംസ്കൃതം, ഉറുദു ഭാഷകളിലും ചെറുപ്പത്തിൽത്തന്നെ അദ്ദേഹം പാണ്ഡിത്യം നേടി. വിദേശരാജ്യങ്ങളിലെ പണ്ഡിതന്മാരുമായി എഴുത്തുകുത്തുകൾ നടത്തിയും അവിടങ്ങളിൽ നിന്നിറങ്ങുന്ന പ്രസിദ്ധീകരണങ്ങളുമായി സമ്പർക്കം പുലർത്തിയും വക്കം മൗലവി ലോക സംഭവങ്ങളെക്കുറിച്ച് കാര്യമായി പഠിച്ചു. റഷീദ് രിളാ, ജമാലുദീൻ അഫ്ഗാനി, മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ്, ഷാ വലിയുല്ലാ ദഹ്‌ലവി, ശൈഖ്മുഹമ്മദ് അബ്ദു, സർ സയ്യിദ് അഹമ്മദ് ഖാൻ തുടങ്ങി ഇന്ത്യയിലും വിദേശത്തുമുള്ള പരിഷ്കർത്താക്കളാലും സ്വാധീനിക്കപ്പെട്ട വക്കം മൗലവി കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിനു ചുക്കാൻ പിടിച്ചത് ചരിത്രത്തിന്റെ ഭാഗമാണ്. 

ചിറയിൻകീഴ് താലൂക്ക് മുസ്ലിം സമാജം, ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ അസോസിയേഷൻ, കൊടുങ്ങല്ലൂരിലെ മുസ്ലിം ഐക്യസംഘം, കൊല്ലത്തെ മുസ്ലിം ധർമ്മപോഷിണി സഭ തുടങ്ങി കേരളത്തിലങ്ങോളമിങ്ങോളം അദ്ദേഹം നേതൃത്വം കൊടുത്ത ജനകീയപ്രസ്ഥാനങ്ങൾ നവോത്ഥാനവാഹകങ്ങളായിരുന്നു. 1906ൽ പ്രസിദ്ധീകരണമാരംഭിച്ച മുസ്ലിം മാസികയും 1918ൽ ആരംഭിച്ച അൽ ഇസ്ലാം മാസികയും 1931ൽ തുടങ്ങിയ ദീപികയും മുസ്ലിം നവോത്ഥാനത്തിനായി അദ്ദേഹം നടത്തിയ കഠിന പരിശ്രമങ്ങളുടെ നിദർശനങ്ങളാണ്. അദ്ദേഹം രചിച്ച ‘ളൗഉസ്സബാഹ്’ എന്ന സ്വതന്ത്ര കൃതിയും ‘കീമിയാ സആദാ’ പരിഭാഷയും മറ്റു വിവർത്തനങ്ങളും സ്വസമുദായ പരിഷ്കരണത്തിന് മുതൽക്കൂട്ടായി. സ്കൂളിൽ മുസ്ലിം വിദ്യാർത്ഥികൾക്ക് പ്രവേശനം ഉറപ്പാക്കാനും അറബിഭാഷ പഠിക്കാൻ അവർക്ക് അവസരമുണ്ടാക്കാനും അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ഇടയാക്കി.
1905‑ൽ ‘സ്വദേശാഭിമാനി’ എന്ന പേരിൽ അഞ്ചുതെങ്ങ് കേന്ദ്രമാക്കി വർത്തമാനപത്രം സ്ഥാപിച്ചുകൊണ്ട് വക്കം മൗലവി പൊതു രാഷ്ട്രീയ‑പത്ര പ്രസിദ്ധീകരണ മണ്ഡലത്തിലേക്ക് കാൽവച്ചു. ഇംഗ്ലണ്ടിൽ നിന്ന് വൻ വില കൊടുത്ത് ഇറക്കുമതി ചെയ്ത പ്രസും റോയിട്ടർ ന്യൂസ് ഏജൻസിയുമായി കരാറുണ്ടായിരുന്ന ഏക പത്രം എന്നതും അക്കാലത്ത് പ്രശസ്തമായിരുന്നു. ദിവാന്റെ നടപടികളെ ചോദ്യം ചെയ്തതിന്റെ പേരിൽ, ഭരണകൂടത്തിന്റെ അഴിമതികളെ തുറന്നുകാട്ടിയതിനാൽ, പൗരാവകാശ ധ്വംസനങ്ങളെ എതിർത്തതിനാൽ 1910 സെപ്റ്റംബർ 26 ന് സ്വദേശാഭിമാനി കണ്ടുകെട്ടിയതും പത്രാധിപർ രാമകൃഷ്ണപിള്ളയെ നാടുകടത്തിയതും കേരളചരിത്രത്തിലെ ദുഃഖകരമായ സംഭവമായി അവശേഷിക്കുന്നു. പത്രം ഉടമ എന്ന നിലയിൽ വക്കം മൗലവി അനുവദിച്ചു നൽകിയ സ്വാതന്ത്ര്യത്തിന്റെ പേരിൽ, ആ പത്രം തന്നെ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹം ഒട്ടും ഖിന്നനായില്ല. തന്റെ പത്രാധിപരില്ലാത്ത പത്രം തനിക്ക് തിരികെ വേണ്ട എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.